ചെന്നൈ: മിഗ്ജോം ചുഴലിക്കാറ്റ് നാശം വിതച്ച ചെന്നൈ, ചെങ്കൽപട്ട്, കാഞ്ചീപുരം, തിരുവള്ളൂർ ജില്ലകളിലെ സ്‌കൂളുകളുടെ ശുചീകരണ പ്രവർത്തനങ്ങൾക്കായി ഒരു കോടി 90 ലക്ഷം രൂപ അനുവദിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. വെള്ളപ്പൊക്കം കുറഞ്ഞതോടെ ചെന്നൈയിലും സമീപ ജില്ലകളിലും സംസ്ഥാന സർക്കാർ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവമാണ്. ഇതിന്റെ ഭാഗമായി 800 മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിച്ചിട്ടുണ്ട്. വടക്കുകിഴക്കൻ മൺസൂൺ ആരംഭിച്ചതിന് ശേഷം 16,500-ലധികം മെഡിക്കൽ ക്യാമ്പുകളാണ് സംഘടിപ്പിച്ചത്. ഇത് 780,000-ത്തിലധികം ആളുകൾക്ക് ഉപകാരപ്പെട്ടിട്ടുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ഏഴ് സ്വകാര്യ ആശുപത്രികളുമായി സഹകരിച്ച് സൈദാപേട്ടയിലെ അടയാറിന്റെ തീരത്ത് മെഡിക്കൽ ക്യാമ്പുകൾ നടത്തുന്നുണ്ട്. ആവശ്യമെങ്കിൽ ചെന്നൈയിലെ മറ്റ് സ്ഥലങ്ങളിലേക്കും മെഡിക്കൽ ക്യാമ്പുകൾ നടത്തുമെന്നും ആരോഗ്യമന്ത്രി മാ.സുബ്രഹ്മണ്യൻ പറഞ്ഞു.
മിഗ്ജോം ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ നാശനഷ്ടങ്ങൾ പരിഹരിക്കാൻ ചെന്നൈ കോർപ്പറേഷൻ തൊഴിലാളികളും മറ്റുള്ളവരും ദ്രുതഗതിയിലുള്ള ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. 72 മണിക്കൂറിനുള്ളിൽ നഗരത്തിലെ എല്ലാ മാലിന്യങ്ങളും നീക്കം ചെയ്യുമെന്ന് ഗ്രേറ്റർ ചെന്നൈ കോർപ്പറേഷൻ കമ്മീഷണർ ജെ.രാധാകൃഷ്ണൻ ഉറപ്പ് നൽകി. ചുഴലിക്കാറ്റ് നാശം വിതച്ച പ്രദേശങ്ങളിലെ സ്‌കൂളുകൾ വൃത്തിയാക്കാൻ തമിഴ്‌നാട് സർക്കാർ ഒരു കോടിയിലധികം രൂപയാണ് അനുവദിച്ചിട്ടുള്ളത്.
ഡിസംബർ 6 മുതൽ കോർപ്പറേഷൻ 28,563 മെട്രിക് ടൺ മാലിന്യം നീക്കം ചെയ്‌തിട്ടുണ്ടെന്ന് ജെ.രാധാകൃഷ്ണൻ വ്യക്തമാക്കി. പെരുങ്കുടി, കൊടങ്ങയൂർ ഡംപ് യാർഡുകളിലേക്ക് ഈ മാലിന്യങ്ങൾ മാറ്റും. 25,113 മെട്രിക് ടൺ സാധാരണ മാലിന്യങ്ങളും 3,449 മെട്രിക് ടൺ പൂന്തോട്ട മാലിന്യങ്ങളും നീക്കം ചെയ്‌തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പുരോഗതി പ്രകടമാണെങ്കിലും വടക്കൻ ചെന്നൈയിലെയും തെക്കൻ ചെന്നൈയിലെയും ചില പ്രദേശങ്ങൾ വെള്ളപ്പൊക്കവും ഡ്രെയിനേജ് പ്രശ്‌നങ്ങളും നേരിടുന്നത് തുടരുകയാണ്. ഉടൻ പരിഹാരം ഉണ്ടാവുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |