ബോക്സിംഗ് പ്രൊമോഷൻ കമ്പനി ചാമ്പ്യനായ ആദ്യ മലയാളി
കൊച്ചി: ബോക്സിംഗ് റിംഗിൽ അമേരിക്കക്കാരനെ ഇടിച്ചുവീഴ്ത്തി കൊച്ചിക്കാരൻ ചാമ്പ്യൻപട്ടം ചൂടി. കടവന്ത്ര സ്വദേശി കെ.എസ്. വിനോദനാണ് രാജ്യത്തിനായി ഡി.ജെ.എം.സി ബെൽറ്റ് സ്വന്തമാക്കിയത്. കഴിഞ്ഞ 15ന് ആസ്ട്രേലിയയിലെ മെൽബണിലായിരുന്നു ഫൈനൽ മത്സരം. വേൾഡ് ബോക്സിംഗ് കൗൺസിൽ (ഡബ്ല്യു.ബി.സി ) ലൈസൻസുള്ള ബോക്സിംഗ് പ്രൊമോഷൻ കമ്പനിയാണ് ഡി.ജെ.എം.സി. ഇവരുടെ ആറാം സീരിസിൽ അമേരിക്കൻ ബോക്സർ ഷോബിയെയാണ് 42കാരൻ വിനോദ് പരാജയപ്പെടുത്തിയത്.
ബോഡി ബിൽഡിംഗിൽ മുൻ ജൂനിയർ മിസ്റ്റർ ഇന്ത്യയായിരുന്ന വിനോദ് 2008ലാണ് ബോക്സിംഗിലേക്ക് ചുവടുമാറിയത്. 2012ൽ പ്രൊഫഷണൽ ബോക്സിംഗിലേക്ക് തിരിഞ്ഞു. 2019ലാണ് റിംഗിലിറങ്ങിയത്. മാഞ്ചസ്റ്ററിൽ നടന്ന പോരാട്ടത്തിൽ ചാമ്പ്യനായി. പിന്നീട് ദുബായ് കേന്ദ്രീകരിച്ച് ക്ലബ്ബ് ബോക്സിംഗ് ടീമുകൾക്കായി മത്സരിച്ചു. ഈവർഷം ആദ്യമാണ് ഡി.ജെ.എം.സിയിൽ പോരാടാനുള്ള ക്ഷണം സ്വീകരിച്ചത്.
"അനായാസജയം പ്രതീക്ഷിച്ചാണ് റിംഗിലേക്ക് ഇറങ്ങിയത്. ഷോബിയുടെ ആദ്യപ്രഹരം തന്നെ കണ്ണിലേറ്റു. ആകെ തളർന്നുപോയി. ജയിക്കണമെന്ന് വാശിയായിരുന്നു. തിരിച്ചടിക്കാൻ തുടങ്ങിയതോടെ ആധിപത്യം നേടാനായി." കെ.പി. വിനോദ് കേരളകൗമുദിയോട് പറഞ്ഞു. ടൈറ്റിൽ ബോക്സിംഗ് ക്ലബ്ബ് സി.ഇ.ഒ കൂടിയാണ് വിനോദ്.
അടുത്തവർഷം രണ്ട് ടൈറ്റിൽ ചാമ്പ്യൻഷിപ്പുകൾക്കുള്ള തയ്യാറെടുപ്പിലാണ് വിനോദ്. രാവിലെയും വൈകിട്ടും മുടങ്ങാതെയുള്ള പരിശീലനവും ആഹാരക്രമീകരണവും ഇതിനായുണ്ട്. ഭാര്യ ടിന്റുവാണ് വിനോദിന്റെ ആത്മബലം. മകൻ സൂര്യ വിനോദ്.
കൊച്ചിയിലും 'ഇടി' നടക്കും ?
ഡി.ജെ.എം.സി ചാമ്പ്യഷിപ്പിന്റെ ഏഴാം സീസണിന്റെ വേദിയായി അമേരിക്കയെയാണ് പരിഗണിച്ചിരുന്നതെങ്കിലും ഇന്ത്യയിലേക്ക് മാറ്രാൻ ആലോചിക്കുന്നുണ്ട്. അനുകൂലമായാൽ കൊച്ചിയാകും വേദിയാകുക. അടുത്ത ഏപ്രിലായിരിക്കും ചാമ്പ്യൻഷിപ്പ്.
''ബോക്‌സിംഗിൽ തിളങ്ങാൻ പറ്റുന്ന കരുത്തും കഴിവുമുള്ള ഒട്ടേറെ യുവാക്കൾ കേരളത്തിലുണ്ട്. പ്രോത്സാഹനവും ശരിയായ പരിശീലനവും നൽകിയാൽ അവർ രാജ്യത്തിനായി ഒളിംപിക്‌സ് സ്വർണം നേടിത്തരും.""
കെ.എസ്. വിനോദ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |