തിരുവനന്തപുരം: ആലായാൽ തറ വേണം, അടുത്തൊരമ്പലം വേണം... സാമൂഹ്യമാദ്ധ്യമം കീഴടക്കിയ നാലുവയസുകാരൻ വേദൂട്ടന്റെ പാട്ട്. കേരളകൗമുദിയും കൗമുദി ടി.വിയും ഗായിക കെ.എസ്. ചിത്രയെ ആദരിക്കാൻ സംഘടിപ്പിച്ച 'ചൈത്ര നിലാവ്" പരിപാടിയിലും ശ്രദ്ധാകേന്ദ്രമായി വേദൂട്ടൻ. ഇഷ്ട ഗാനം വേദു സ്റ്റേജിൽ വീണ്ടും പാടി. മലയാളത്തിന്റെ വാനമ്പാടിയും പങ്കുചേർന്നു. 'മിടുക്കൻ കുട്ടിയാണ് നീ. വലിയ പാട്ടുകാരനാകട്ടെ" എന്ന് അനുഗ്രഹിക്കുകയും ചെയ്തു.
മുത്തച്ഛന്റെ 70-ാം പിറന്നാൾ ആഘോഷവേളയിൽ വേദു പാടിയതാണ് വൈറലായത്. പച്ചനിറത്തിലുള്ള കൊച്ചുട്രൗസറുമിട്ട് കൈയിൽ മൈക്കുമേന്തി അവൻ പരിസരം മറന്ന് പാടി. ഇത് ചടങ്ങിൽ പങ്കെടുത്ത ബന്ധു മൊബൈലിൽ പകർത്തി ഫേസ്ബുക്കിലിടുകയായിരുന്നു.
ജാദവേദ് കൃഷ്ണൻ എന്നാണ് വേദൂട്ടന്റെ യഥാർത്ഥ പേര്. മുത്തശ്ശിയിൽ നിന്നാണ് പാട്ട് കേട്ടുപഠിക്കുന്നത്. കൂടാതെ യൂട്യൂബിൽ നിന്നും കേൾക്കും. 'ചെത്തിമന്ദാരം തുളസി', 'ഓമനത്തിങ്കൾ കിടാവോ' എന്നിവയും കുഞ്ഞ് ഗായകന്റെ പ്രിയ പാട്ടുകളാണ്. പാട്ടുകാരനാവാണ് ആഗ്രഹം.
പ്ലേസ്കൂളിലും താരമാണ് വേദു. വീഡിയോ കണ്ട സ്കൂൾ അധികൃതർ സമ്മാനമായി ട്രോഫി നൽകി. തൃശൂർ പുതുകാട് സ്വദേശി വൈശാഖ് കൃഷ്ണന്റെയും മലപ്പുറം വണ്ടൂർ സ്വദേശി മൃദുലയുടെയും മകനാണ്. അച്ഛന്റെ ജോലിയെത്തുടർന്ന് ഇപ്പോൾ തിരുവനന്തപുരത്താണ് താമസം.
ന്യൂറോ രോഗത്തെ
തോല്പിച്ച്...
ശാരീരിക വെല്ലുവിളിയെ അതിജീവിച്ചാണ് വേദു പാടുന്നത്. ഒരു വയസായപ്പോൾ ശ്വാസതടസം വരാൻ തുടങ്ങി. പരിശോധനയിൽ ന്യൂറോ സംബന്ധമായ രോഗം സ്ഥിരീകരിച്ചു. സ്പീച്ച് തെറാപ്പി വേണ്ടിവരുമെന്ന് ഡോക്ടർമാർ വിധിയെഴുതി. പക്ഷേ, രോഗത്തെ തോല്പിച്ച് അവൻ സംസാരിച്ചു, പാടി.
പിച്ചവച്ച് തുടങ്ങിയപ്പോൾ തൊട്ട് പാട്ട് ശ്രദ്ധിച്ച് കേൾക്കും. താളം പിടിക്കും. ക്ലാസിക്കൽ പാട്ടുകളോടാണ് പ്രിയം
-മൃദുല, വേദൂട്ടന്റെ അമ്മ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |