തിരുവനന്തപുരം: മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുത്ത നവകേരള സദസിൽ ലഭിച്ച പരാതികൾ വേഗത്തിൽ പരിഹരിക്കാൻ ജില്ലാതലത്തിൽ കളക്ടർ കൂടാതെ ഒരു മുതിർന്ന ഉദ്യോഗസ്ഥനെക്കൂടി സ്പെഷ്യൽ ഓഫീസറായി നിയോഗിച്ചു.136 മണ്ഡലങ്ങളിലായി ലഭിച്ചത് 6,21,270 പരാതികളാണ്. കാനം രാജേന്ദ്രന്റെ നിര്യാണത്തെത്തുടർന്ന് മാറ്രിവച്ച എറണാകുളത്തെ നാല് മണ്ഡലങ്ങളിൽ ജനുവരി ഒന്ന്, രണ്ട് തീയതികളിൽ സദസ് നടക്കും.
ഏറ്റവുമധികം പരാതികൾ ലഭിച്ചത് തദ്ദേശ വകുപ്പിലാണ്. കുറവ് കായികം, തുറമുഖം വകുപ്പുകളിലും. ഏറ്റവുമൊടുവിൽ സദസ് നടന്ന കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ ലഭിച്ച പരാതികൾ തരംതിരിക്കുന്നതേയുള്ളൂ. തിരുവനന്തപുരത്ത് പരാതികൾ സ്‌കാൻ ചെയ്ത് വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്യാൻ താലൂക്ക് ഓഫീസിൽ അവധി ദിവസങ്ങളിലും ജീവനക്കാരെത്തിയിരുന്നു.
നാഷണൽ ഇൻഫോമാറ്റിക് സെന്റർ തയ്യാറാക്കിയ നവകേരള സദസ് എന്ന പ്രത്യേക സൈറ്റ് വഴിയാണ് തരംതിരിച്ച പരാതികൾ ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറുന്നത്. കളക്ടറേറ്റുകളിലാണ് പരാതികൾ തരംതിരിക്കുന്നത്. ഇത് പൂർത്തിയായാൽ മാത്രമേ ഓരോ വകുപ്പുകളിലും ലഭിച്ച പരാതികളുടെ കൃത്യമായ എണ്ണം വ്യക്തമാകൂ.
നടപടി പരാതിക്കാരെ അറിയിക്കും
1.പരാതിയിൽ സ്വീകരിച്ച നടപടി എസ്.എം.എസ്/ വാട്സാപ്പ് വഴി പരാതിക്കാരെ അറിയിക്കും. മൊബൈൽ ഇല്ലാത്തവരെ കത്ത് മുഖേനയും.
2.രസീത് നമ്പരോ പരാതിയിലുള്ള മൊബൈൽ നമ്പറോ നൽകിയാൽ പരാതികളുടെ സ്ഥിതി navakeralasadas.kerala.gov.in വഴി അറിയാം
3.സൈറ്റിൽ അപ്‌ലോഡ് ചെയ്ത എല്ലാ പരാതികളും അതിന്മേലുള്ള പരിഹാരവും കാണാൻ കഴിയുന്നത് മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും മാത്രം
4.ഓരോ വകുപ്പുകളിലും ലഭിച്ച പരാതികൾ അതാത് വകുപ്പിലെ ഉദ്യോഗസ്ഥർക്കേ കാണാനാകൂ.
ലഭിച്ച പരാതികൾ
കാസർകോട്..................14,232
കണ്ണൂർ.............................28,630
വയനാട്...........................18,823
കോഴിക്കോട്...................45,897
മലപ്പുറം...........................80,885
പാലക്കാട്........................64,204
തൃശൂർ.............................54,260
എറണാകുളം.................40,318
ഇടുക്കി............................42,234
കോട്ടയം.........................42,656
ആലപ്പുഴ........................53,044
പത്തനംതിട്ട..................23,616
കൊല്ലം...........................50,938
തിരുവനന്തപുരം.........61,533
ഇന്നലെ സെക്രട്ടേറിയറ്റിൽ
എത്തിയത് മൂന്ന് മന്ത്രിമാർ
നവകേരള സദസ് കഴിഞ്ഞതിന് ശേഷമുള്ള ആദ്യ പ്രവൃത്തി ദിനമായ ഇന്നലെ സെക്രട്ടേറിയറ്റിൽ എത്തിയത് മൂന്ന് മന്ത്രിമാർ. ജി.ആർ.അനിൽ, റോഷി അഗസ്റ്റിൻ, എ.കെ.ശശീന്ദ്രൻ. മുഖ്യമന്ത്രി പിണറായി വിജയൻ അവധി ദിവസങ്ങളിൽ ഓഫീസിലെത്തി അത്യാവശ്യ ഫയലുകളിൽ ഒപ്പിട്ടിരുന്നു. മുൻ എം.എൽ.എ എ.പ്രദീപ് കുമാറിന്റെ മകളുടെ വിവാഹമായതിനാൽ മുഖ്യമന്ത്രിയും സി.പി.എമ്മിലെ മന്ത്രിമാരും വിവാഹത്തിൽ പങ്കെടുക്കാൻ ഇന്നലെ കോഴിക്കോടായിരുന്നു. പി.പ്രസാദ് ആലപ്പുഴയിലും കെ.കൃഷ്ണൻകുട്ടി പാലക്കാടും. ഇന്നലെ രാത്രിയോടെ മുഖ്യമന്ത്രിയും മന്ത്രിമാരും തലസ്ഥാനത്ത് തിരിച്ചെത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |