തിരുവനന്തപുരം: മുഖ്യമന്ത്രിയും മന്ത്രിമാരും 36 ദിവസം സഞ്ചരിച്ച നവ കേരള ബസിൽ കയറാൻ പൊതുജനങ്ങൾക്ക് അവസരം. മുഖ്യമന്ത്രി പിണറായി വിജയൻ യാത്ര ചെയ്ത ഒറ്റ സീറ്റിൽ ഇരുന്ന് സെൽഫിയെടുക്കാം. നവകേരള ബസിൽ അധികം ആഡംബരങ്ങളൊന്നുമില്ലെന്ന് ജനത്തെ ബോദ്ധ്യപ്പെടുത്തുകയാണ് ലക്ഷ്യം.
പിന്നീട്, വിവാഹം, വിനോദം, തീർത്ഥാടനം തുടങ്ങിയ ആവശ്യങ്ങൾക്ക് നവകേരള ബസ് വാടകയ്ക്ക് നൽകും. ബുക്കിംഗ് ഇല്ലാത്ത ദിവസങ്ങളിൽ കെ.എസ്.ആർ.ടി.സിയുടെ വിനോദയാത്ര പദ്ധതിയുടെ (ബഡ്ജറ്റ് ടൂറിസം) ഭാഗമായി സർവീസ് നടത്തും. കെ.എസ്.ആർ.ടി.സി.ക്കാകും പരിപാലനച്ചുമതല. വാടക തീരുമാനിച്ചിട്ടില്ലെങ്കിലും സ്വകാര്യ ആഡംബര ടൂറിസ്റ്റ് ബസുകളെക്കാൾ കുറവായിരിക്കും. ദിവസം എണ്ണായിരം രൂപവരെ ഈടാക്കാനാണ് ആലോചന.
നവകേരള സദസ്സിന്റെ എറണാകുളത്തെ പര്യടനം കൂടി പൂർത്തിയായ ശേഷമാകും ബസ് കെ.എസ്.ആർ.ടി.സി.ക്ക് വിട്ടുകൊടുക്കുക. ഇതിനു ശേഷം പുതിയ വകുപ്പ് മന്ത്രിയുടെ കൂടി തീരുമാന പ്രകാരം മറ്റ് കാര്യങ്ങൾ തീരുമാനിക്കും. 25 പേർക്കുള്ള ഇരിപ്പിടമാണ് ബസിലുള്ളത്. ശുചിമുറിയുള്ള ബസുകൾ സംസ്ഥാനത്ത് കുറവാണ്.
നവകേരള യാത്രയ്ക്കിടയിൽ ഓപ്പറേറ്റ് ചെയ്തതിലെ പിശക് കാരണം ബസിനുള്ളിലെ എ.സി രണ്ട് തവണ കേടായിരുന്നു. പാപ്പനംകോട് ഡിപ്പോയിലെത്തിച്ച് സർവീസ് ചെയ്ത ശേഷം പേരൂർക്കട എസ്.എ.പി ക്യാമ്പിലേക്കു കൊണ്ടു പോയി. 1.15 കോടി മുടക്കിയാണ് ഭാരത് ബെൻസിന്റെ ബസ് വാങ്ങിയത്.
ഇതിനകം 750ലധികം പേർ പേർ ബസ് വാടകയ്ക്ക് ചോദിച്ച് കെ.എസ്.ആർ.ടി.സി. അധികൃതരെ ബന്ധപ്പെട്ടിട്ടുണ്ട്. വിവാഹത്തിന് മുമ്പുള്ള സേവ് ദ ഡേറ്റ് ഫോട്ടോ ഷൂട്ടിന് വേണ്ടിയും അന്വേഷണം എത്തിയിരുന്നു. കെ.എസ്.ആർ.ടി.സിയുടെ ഉടമസ്ഥതയിലുള്ള ബസ് നിലവിൽ തിരുവനന്തപുരം എസ് പി ക്യാമ്പിലാണുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |