കട്ടപ്പന: സുഗന്ധവ്യഞ്ജനങ്ങളുടെ റാണിയായ ഏലയ്ക്കയുടെ വില ഒരിടവേളയ്ക്ക് ശേഷം വീണ്ടും കുതിക്കുന്നു. പുറ്റടി സ്‌പൈസസ് പാർക്കിൽ കഴിഞ്ഞദിവസം നടന്ന ട്രഡിഷണൽ കാർഡമം പ്രൊഡ്യൂസർ കമ്പനിയുടെ ഓൺലൈൻ ലേലത്തിൽ ഒരു കിലോ ഏലയ്ക്കയുടെ ഉയർന്ന വില 2,568 രൂപയിലും ശരാശരി വില കിലോയ്ക്ക് 1,839.02 രൂപയിലും എത്തി. രണ്ടാഴ്ചയായി ഏലയ്ക്കയുടെ വിലയിൽ ഉയർച്ചയുടെ സൂചനകൾ കണ്ടു തുടങ്ങിയിട്ട്. വിളവെടുപ്പ് സീസൺ അവസാനിക്കാറായതും പശ്ചിമേഷ്യൻ രാജ്യങ്ങളിൽ ഡിമാൻഡ് ഉയർന്നതുമാണ് ഇപ്പോഴത്തെ വിലവർദ്ധനയ്ക്ക് കാരണം. കച്ചവടക്കാരുടെയും കർഷകരുടെയും പക്കൽ കാര്യമായ സ്റ്റോക്ക് ഇല്ലാത്തതിനാൽ അടുത്ത ദിവസങ്ങളിൽ വില ഇനിയും ഉയരുമെന്നാണ് വിപണിയിലെ സൂചന.
ഓൺലൈൻ ലേലത്തിൽ വില ഉയർന്നതോടെ ലോക്കൽ മാർക്കറ്റിലും ഏലയ്ക്കാ വില കൂടി തുടങ്ങി. ശരാശരി വില കിലോഗ്രാമിന് 1700 മുതൽ 1800 രൂപ വരെ ഇപ്പോൾ കർഷകന് ലഭിക്കുന്നുണ്ട്. നല്ല വലുപ്പവും പച്ചനിറവുമുള്ള ഏലയ്ക്ക കിലോയ്ക്ക് 1900 രൂപക്ക് വരെ വാങ്ങാൻ കച്ചവടക്കാർ തയ്യാറാണ്. ഇപ്പോഴത്തെ രീതിയിൽ വില ഉയർച്ച തുടർന്നാൽ രണ്ട് ആഴ്ചയ്ക്കുള്ളിൽ ഏലയ്ക്കയുടെ ശരാശരി വില കിലോയ്ക്ക് 2,000 കടക്കും.
വൻകിടക്കാരുടെ വില കുറയ്ക്കൽ തന്ത്രം
ഏലംവില ഉയരുമ്പോഴും കാലാവസ്ഥയെയും കീടങ്ങളെയും പ്രതിരോധിച്ച് മണ്ണിൽ കൃഷി ചെയ്യുന്ന കർഷകനെ വഞ്ചിച്ച് വൻകിടക്കാർ വൻനേട്ടമാണ് കൊയ്യുന്നത്. ലേല കേന്ദ്രങ്ങളിൽ ലേലം ചെയ്ത കായ വീണ്ടും ലേലത്തിനെത്തിച്ച് അളവ് കൂടുതൽ കാണിച്ചും മറ്റും കൃത്രിമമായി വിലയിടിച്ച് വൻകിട കച്ചവടക്കാരും ലേല ഏജൻസികളും വൻതോതിൽ ഏലയ്ക്ക സംഭരിയ്ക്കുകയും ചെയ്തിരുന്നു. ചെറുകിട കർഷകരുടെ കൈയിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് ശേഖരിക്കുന്ന ഏലം, വൻകിടക്കാർ എട്ടിന്റെയും പത്തിന്റെയും ബോൾട്ടായി തരംതിരിച്ച് മുഴുത്ത കായ്കൾ തമിഴ്‌നാട് ബോഡിനായ്ക്കന്നൂരിലെ ലേല കേന്ദ്രത്തിൽ കൊണ്ടുപോയി വൻ വിലയ്ക്ക് വിറ്റഴിക്കും. തിരിവ് വന്ന ഗ്രേഡ് കുറഞ്ഞ ഏലയ്ക്ക പുറ്റടിയിലെ ലേല കേന്ദ്രത്തിലും പതിയ്ക്കും. അതുവഴി ഇവിടെ ഏലയ്ക്ക വില കുറച്ച് നിറുത്താനുള്ള തന്ത്രമാണ് വൻകിടക്കാരുടേത്.
അന്ന് ഏഴായിരമെത്തി
2019 ഓഗസ്റ്റ് മൂന്നിനാണ് ഏലക്കയ്ക്ക് റെക്കാഡ് വില ലഭിക്കുന്നത്. അന്ന് പുറ്റടി സ്‌പൈസസ് പാർക്കിൽ നടന്ന ഇ- ലേലത്തിൽ കിലോയ്ക്ക് 7000 രൂപ ലഭിച്ചു. അതോടെ ഹൈറേഞ്ചിലെ ഭൂരിഭാഗം കർഷകരും ഏലം കൃഷിയിലേക്ക് തിരിഞ്ഞു. ഇതോടെ കൂപ്പുകുത്തിയ വില കഴിഞ്ഞ വർഷം മുതലാണ് മെച്ചപ്പെട്ട് തുടങ്ങിയത്.
....................................
ഇപ്പോൾ ശരാശരി ഓൺലൈനിലും ലോക്കൽ മാർക്കറ്റിലും കൂടി ഒരു രണ്ടര ലക്ഷം കിലോ ഏലയ്ക്ക എത്തുന്നുണ്ട്. വില കുറഞ്ഞപ്പോൾ സൂക്ഷിച്ച് വച്ചിരുന്നതാണിത്. സീസൺ തീരാറായതിനാൽ വില വീണ്ടും കൂടും. ന്യൂനമർദ്ദം പോലുള്ള ശക്തമായ മഴ വന്നില്ലെങ്കിൽ നല്ല വില തുടരും.
ആന്റണി മാത്യു, കാർഡമം ഗ്രോവേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |