കോട്ടയം: ശിവഗിരി തീർത്ഥാടനത്തിന് തുടക്കം കുറിച്ച് ഇന്ന് ശിവഗിരിയിൽ ഉയർത്താനുള്ള ധർമ്മപതാകയും വഹിച്ചുള്ള രഥഘോഷയാത്ര, തീർത്ഥാടനത്തിന് ശ്രീനാരായണ ഗുരുദേവൻ അനുഗ്രഹാനുമതി നൽകിയ നാഗമ്പടം ശ്രീ മഹാദേവ ക്ഷേത്ര മുറ്റത്തെ തേൻമാവിൻ ചുവട്ടിൽ നിന്നാരംഭിച്ച് ഇന്നലെ വൈകിട്ടോടെ ശിവഗിരിയിലെത്തി. എസ്.എൻ.ഡി.പി യോഗം ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷിൽ നിന്ന് യൂണിയൻ പ്രസിഡന്റ് എം.മധു, സെക്രട്ടറി ആർ.രാജീവ് എന്നിവർ പതാക ഏറ്റുവാങ്ങി.
പതാക ഘോഷയാത്രാ സമ്മേളനം ചാണ്ടി ഉമ്മൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് എം.മധു അദ്ധ്യക്ഷത വഹിച്ചു. യോഗം ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ്, യോഗം കൗൺസിലർ എ.ജി.തങ്കപ്പൻ, യൂണിയൻ സെക്രട്ടറി ആർ. രാജീവ്, കൗൺസിലർ എം.ജി. സജീഷ് കുമാർ, വനിതാസംഘം യൂണിയൻ പ്രസിഡന്റ് ഇന്ദിരാ രാജപ്പൻ തുടങ്ങിയവർ പ്രസംഗിച്ചു. നിരവധി വാഹനങ്ങളുടെ അകമ്പടിയിൽ ആഘോഷമായി പുറപ്പെട്ട ഘോഷയാത്രയ്ക്ക് വിവിധ യൂണിയനുകളും മറ്റു ശ്രീനാരായണ പ്രസ്ഥാനങ്ങളും വഴിയിലുടെ നീളം സ്വീകരണം നൽകി.
ശിവഗിരി:ഇന്നത്തെ
കലാപരിപാടികൾ
ശിവഗിരി: തീർത്ഥാടന കലാപരിപാടികളുടെ ഉദ്ഘാടനം ഇന്ന് രാത്രി 7ന് സിനിമാതാരം ദേവൻ നിർവ്വഹിക്കും. കൊല്ലം കാളിദാസ കലാകേന്ദ്രം ചെയർമാനും നടനുമായ ഇ.എ.രാജേന്ദ്രനും സംബന്ധിക്കും. 8.30ന് ശിവഗിരി ശ്രീനാരായണ മെഡിക്കൽ മിഷൻ ആശുപത്രി ജീവനക്കാരുടെ കൾച്ചറൽ പ്രോഗ്രാം, 9.30ന് എസ്.ആർ.കാവ്യമയിയുടെ ഡാൻസ്, 10ന് അലോഷി ആദംസും ആവണി മൽഹാറും അവതരിപ്പിക്കുന്ന മെഹ്ഫിൽ, 1ന് കായിക്കര വിപിൻചന്ദ്രപാൽ അവതരിപ്പിക്കുന്ന ചണ്ഡാലഭിക്ഷുകി കഥാപ്രസംഗം, 2ന് പിന്നണി ഗായകൻ പ്രേംജി കെ ഭാസിയുടെ സംഗീത സദസ്.
ശിവഗിരിയിൽ
മൃഗസംരക്ഷണ
വകുപ്പ് പവലിയൻ
ശിവഗിരി: തീർത്ഥാടനത്തോടനുബന്ധിച്ച് ശിവഗിരി ടണൽ വ്യൂവിൽ കാർഷിക വ്യാവസായിക വിപണന മേളയിൽ ഒരുക്കിയ മൃഗസംരക്ഷണ വകുപ്പിന്റെ പവലിയൻ മന്ത്രി ചിഞ്ചു റാണി ഉദ്ഘാടനം ചെയ്തു. ധർമ്മസംഘം ട്രസ്റ്റ് പ്രസിഡൻറ് സ്വാമി സച്ചിദാനന്ദ, തീർത്ഥാടന കമ്മിറ്റി സെക്രട്ടറി സ്വാമി ഋതംഭരാനന്ദ, സ്വാമി ബോധിതീർഥ, അഡ്വ: വി ജോയ് എം.എൽ.എ, മുനിസിപ്പൽ ചെയർമാൻ കെ. എം. ലാജി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സ്മിതാ സുന്ദരേശൻ, ഡോ. കൃഷ്ണകുമാർ, അരുൺകുമാർ, എക്സിബിഷൻ കമ്മിറ്റി ചെയർമാൻ ഡോ.എം ജയരാജു, മൃഗസംരക്ഷണ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
വൻ പുസ്തകശേഖരവുമായി
ശിവഗിരി മഠം ബുക്ക് സ്റ്റാൾ
ശിവഗിരി : 'വിവേകം താനെ വരുമോ? വരില്ല യത്നിക്കണം. നല്ല പുസ്തകങ്ങൾ വായിക്കണം'. ശ്രീനാരായണ ഗുരുദേവന്റെ ദിവ്യമായ ഉപദേശം സ്വീകരിച്ച്ശിവഗിരി മഠത്തിന് കീഴിൽ പ്രവർത്തിച്ചു വരുന്ന ശിവഗിരി ബുക്ക് സ്റ്റാളിൽ ഗുരുവുമായി
ബന്ധപ്പെട്ട വൻ പുസ്തക ശേഖരം.
ഗുരുദേവ കൃതികളും ഗുരുവിന്റേയും ഗുരുദേവ ശിഷ്യരുടേയും ജീവിത ചരിത്രവും മറ്റ് സാമൂഹിക പരിഷ്കർത്താക്കളെയും എസ്.എൻ.ഡി.പി. യോഗത്തിന്റെ തുടക്കം മുതൽ നാാളിതു വരെയുള്ള നേതാക്കളെയും പരിചയപ്പെടുത്തുന്ന പുസ്തകങ്ങളും , വിവിധ രീതിയിലുള്ള ഗുരുദേവ ചിത്രങ്ങളും ലഭ്യമാണ്. മൂർക്കോത്ത് കുമാരൻ, പ്രൊഫ. എം.കെ. സാനു തുടങ്ങിയവർ രചിച്ച ഗുരുദേവന്റെ ജീവിത ചരിത്രവും ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദയുടെ വിവിധ ഭാഷകളിലെ ഒട്ടേറെ പുസ്തകങ്ങളും ബുക്ക് സ്റ്റാളിൽ നിന്നും കൊടിമരത്തിന് സമീപത്തെ മഠത്തിന്റേയും ഗുരുധർമ്മ പ്രചരണസഭയുടേയും താൽക്കാലിക സ്റ്റാളുകളിൽ നിന്നും ലഭ്യമാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |