1,000 കോടിയുടെ നഷ്ടമെന്ന് അനൗദ്യോഗിക കണക്ക്
കൊച്ചി: ഒ.ടി.ടി പ്ളാറ്റ്ഫോമുകളും കൈവിട്ട മലയാളം സിനിമയ്ക്ക് 2023ൽ ആയിരം കോടിയോളം രൂപയുടെ നഷ്ടം. 220 സിനിമകളാണ് റിലീസ് ചെയ്തത്. മുടക്കുമുതൽ ലഭിച്ചത് 14 എണ്ണത്തിന് മാത്രം. സൂപ്പർ ഹിറ്റുകൾ വെറും നാലെണ്ണം.
നിർമ്മാണച്ചെലവായി 1,500 കോടിയോളം മുടക്കിയെന്നാണ് അനൗദ്യോഗിക കണക്ക്. തിയേറ്ററിൽ ഓടാത്തതിനാൽ ഇതിൽ ആയിരം കോടിയും നഷ്ടമായി. ആധുനിക സൗകര്യങ്ങൾ ഒരുക്കാൻ തിയേറ്ററുകളിൽ ചെലാക്കിയ പണം ഹിറ്റ് സിനിമകളില്ലാത്തതിനാൽ തിരിച്ചുകിട്ടിയില്ലെന്ന് വ്യവസായവൃത്തങ്ങൾ പറഞ്ഞു. ഈ നഷ്ടം കൂടി കണക്കാക്കിയാൽ തുക ഇനിയും ഉയരും.
ഒ.ടി.ടി കൈവിട്ടു
തിയേറ്ററിൽ വിജയിക്കുന്ന സിനിമകൾ മതിയെന്ന ഒ.ടി.ടി പ്ളാറ്റ്ഫോമുകളുടെ നിലപാടും നഷ്ടത്തിന്റെ ആക്കം കൂട്ടി. കൊവിഡിനു ശേഷം നാലുകോടി രൂപ വരെ ഒ.ടി.ടികൾ ചിത്രങ്ങൾക്ക് നൽകിയിരുന്നു. ഒ.ടി.ടി മാത്രം ലക്ഷ്യമിട്ടും അക്കാലത്ത് സിനിമകൾ ഒരുക്കിയിരുന്നു.
പണം വാരി ഇതര ഭാഷകൾ
തമിഴും ഹിന്ദിയുമുൾപ്പെടെ ബ്രഹ്മാണ്ഡ സിനിമകൾ കേരളത്തിൽ നിന്ന് കോടികൾ വാരി. ജയിലർ, ലിയോ, പഠാൻ, ജവാൻ തുടങ്ങിയ തമിഴ്, ഹിന്ദി സിനിമകൾ കോടികൾ കേരളത്തിൽ നിന്ന് നേടി.
സൂപ്പർ ഹിറ്റുകൾ (സംവിധായകൻ)
2018 (ജൂഡ് ആന്റണി )
കണ്ണൂർ സ്‌ക്വാഡ് (റോബി വർഗീസ് )
ആർ.ഡി.എക്സ് (നഹാസ് ഹിദായത്ത് )
രോമാഞ്ചം (ജിത്തു മാധവ് )
നേര് (ജീത്തു ജോസഫ്)
ഹിറ്റുകൾ
നൻപകൽ നേരത്ത് മയക്കം
മധുരമനോഹരമോഹം
നെയ്‌മർ
പ്രണയവിലാസം
പാച്ചുവും അത്ഭുതവിളക്കും
ഫാലിമി
ഗരുഡൻ
കാതൽ
പൂക്കാലം
തിയേറ്റർ വിജയം ലക്ഷ്യമിട്ടല്ല പല സിനിമകളും നിർമ്മിക്കുന്നത്. പാഷന്റെ പേരിലും അവാർഡുകളും മേളകളും പ്രതീക്ഷിച്ചാണ്. വ്യവസായമെന്ന നിലയിൽ ഇക്കുറിയും വൻനഷ്ടമാണ് സംഭവിച്ചത്.
-ബി.ആർ.ജേക്കബ്
പ്രസിഡന്റ്,
കേരള ഫിലിം ചേംബർ ഒഫ് കൊമേഴ്സ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |