ആലപ്പുഴ: ആനകളുടെ മദപ്പാടും, മൂന്നാം പാപ്പാൻ ക്ഷാമവും കാരണം ഉത്സവ സീസൺ തിരുവിതാംകൂർ ദേവസ്വം ബോർഡിന് തലവേദനയാകുന്നു. ബോർഡിന്റെ ആനകളിൽ ചിറക്കടവ് തിരുനീലകണ്ഠൻ, തിരുനക്കര ശിവൻ, ഹരിപ്പാട് സ്കന്ദൻ, തിരുവല്ല ജയരാജൻ, പാറശാല ശിവശങ്കരൻ, ഉള്ളൂർ കാർത്തികേയൻ, ശാർക്കര ചന്ദ്രശേഖരൻ എന്നിവർ മദപ്പാടിലാണ്. കൂടാതെ ബോർഡിന്റെ 22 ആനകൾക്ക് മൂന്നാം പാപ്പാനില്ല.
ആനയുടെ മുന്നിൽ ഇടവും വലവും ഓരോരുത്തരും പിന്നിൽ സഹായിയും വേണമെന്നാണ് ചട്ടം. ഒരാളുടെ കുറവ് മറ്റുരണ്ടുപേരുടെ ജോലിഭാരവും വർദ്ധിപ്പിക്കും. ഹരിപ്പാട് ദേവസ്വത്തിലെ ഏവൂർ കണ്ണനുൾപ്പെടെ ചില ആനകൾക്ക് പാപ്പാൻമാരുമില്ല. കൂടുതൽ ആരാധകരും ഏക്കത്തുകയുമുള്ള തൃക്കടവൂർ ശിവരാജനുൾപ്പെടെയുള്ള മൂന്ന് ആനകൾക്ക് മദപ്പാട് മാറിയെങ്കിലും എഴുന്നള്ളിക്കാൻ ദിവസങ്ങളെടുക്കും. ഇതിനൊപ്പമാണ് മൂന്നാം പാപ്പാൻ ക്ഷാമം.
തിരുവനന്തപുരം, പത്തനംതിട്ട, ഹരിപ്പാട്, വൈക്കം എന്നീ ഡെപ്യൂട്ടി കമ്മിഷണർമാരുടെ കീഴിലായി 24 ആനകളാണ് ബോർഡിനുള്ളത്. ഇതിൽ വിരലിലെണ്ണാവുന്നവയൊഴികെ മിക്കവയും പ്രായാധിക്യത്തിലാണ്. ഇതുകാരണം ദൂരേക്ക് കൊണ്ടുപോകാനുമാകില്ല.
പകരെക്കാരെ കണ്ടെത്തൽ സാമ്പത്തിക ബാദ്ധ്യത
തെക്കൻ കേരളത്തിൽ ഉത്സവങ്ങൾക്ക് കൊടിയേറിയിരിക്കെ ചികിത്സയും വിശ്രമവും വേണ്ട ആനകൾക്ക് പകരക്കാരെ കണ്ടെത്തൽ ബോർഡിന് സാമ്പത്തിക ബാദ്ധ്യതയാകും. പ്രശസ്‌തരല്ലാത്ത ആനകൾക്ക് പോലും അരലക്ഷം രൂപയാണ് ഉത്സവത്തിനുള്ള കുറഞ്ഞ വാടക.
ദേവസ്വം ക്ഷേത്രങ്ങളിൽ ബോർഡിന്റെ ആനകളെ എഴുന്നള്ളിക്കുന്നതിന് പണം നൽകേണ്ടതില്ല. എന്നാൽ വാഹനച്ചെലവും പാപ്പാന്റെ ബാറ്റയും അതത് സബ്ഗ്രൂപ്പ് ഓഫീസർമാർ അനുവദിക്കും.
വാർഷിക ചെലവ് മൂന്നുകോടി
1. ആനകളുടെ ഒരു വർഷത്തെ ചെലവ്- മൂന്ന് കോടി രൂപ
2. പാപ്പാൻമാരുടെ ബത്ത- 300 രൂപ
3. ശമ്പളം: 8000-12000 വരെ
4. ദിവസം ഒരാനയുടെ പട്ടയ്ക്ക്: 1500-1800 രൂപ
5. ആറു കിലോ അരിയും മൂന്നു കിലോ ചെറുപയറും പഴവും ഔഷധങ്ങളുംവേറെ
6. ഒരാനയുടെ ദിവസം ഭക്ഷണച്ചെലവ്- 3000 രൂപ
7. കേരളത്തിലെ ആകെ നാട്ടാന- 520
8. പിടിയാനകളും മദപ്പാടുള്ളവയും കഴിഞ്ഞാൽ എഴുന്നള്ളിപ്പിന് കിട്ടുന്ന ആനകൾ- 300
ദേവസ്വത്തിന് 24 ആന
തിരുവനന്തപുരം- 9
പത്തനംതിട്ട- 6
ഹരിപ്പാട്- 8
വൈക്കം- 1
ഒരുവർഷത്തിനിടെ ചരിഞ്ഞത്
പൊൻകുന്നം ചെറുവള്ളി ക്ഷേത്രത്തിലെ കുസുമം
തിരുവനന്തപുരം ശ്രീകണ്ഠേശ്വരം ക്ഷേത്രത്തിലെ ശിവകുമാർ
വെട്ടിക്കാട്ട് ചന്ദ്രശേഖരൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |