മൂവാറ്റുപുഴ: പ്രമുഖ ആയുർവേദ ഉപകരണ നിർമ്മാണ കമ്പനിയായ ദ്രോണി ആയുർവേദാസിൽ ഒന്നരക്കോടി രൂപയുടെ തട്ടിപ്പുനടത്തിയ കേസിൽ ജീവനക്കാരിയും മകളും അറസ്റ്റിലായി. തൃക്കാരിയൂർ വിനായകം വീട്ടിൽ താമസിക്കുന്ന രാജശ്രീ എസ്. പിള്ള( 52), മകൾ ഡോ. ലക്ഷ്മി നായർ (25) എന്നിവരാണ് പിടിയിലായത്.
2021 മുതൽ സ്ഥാപനത്തിൽ അക്കൗണ്ട്സ് കം സെയിൽസിൽ ജോലി ചെയ്യുകയായിരുന്ന രാജശ്രീ മൂന്നു വർഷത്തോളമായി കമ്പനി സോഫ്‌റ്റ്‌വെയറിൽ തട്ടിപ്പുനടത്തിയും ഇന്ത്യയിലും വിദേശത്തുമുള്ള കമ്പനിയുടെ ഉപഭോക്താക്കൾക്ക് ഉടമ അറിയാതെ ഉപകരണങ്ങൾ വില്പന നടത്തിയും വ്യാജരേഖകൾ തയ്യാറാക്കിയും വൻതുക കൈക്കലാക്കിയെന്നാണ് കേസ്. സ്ഥാപനത്തിൽ സാമ്പത്തിക ഞെരുക്കം തുടങ്ങിയതോടെ കമ്പനി മാനേജ്മന്റ് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പിനെക്കുറിച്ച് വിവരം ലഭിച്ചത്. കമ്പനി നൽകിയ സൂചനകൾ പ്രകാരം പൊലീസ് നടത്തിയ അന്വേഷണത്തിൽ 1.5 കോടിയോളം രൂപയുടെ തട്ടിപ്പു കണ്ടെത്തി.
രാജശ്രീ മകളുടെയും മറ്റൊരു ബന്ധുവിന്റെയും അക്കൗണ്ടുകളിലാണ് തട്ടിപ്പിലൂടെ കിട്ടിയ പണം നിക്ഷേപിച്ചത്. ഒരുമാസം മുമ്പായിരുന്നു മകളുടെ വിവാഹം.
കൊച്ചിയിൽ പുതുതായി ആരംഭിച്ച ഒരു ആയുർവേദ ഉപകരണ കമ്പനിയുടെ ഉടമകളും തട്ടിപ്പിൽ പങ്കാളികളാണെന്ന് പ്രാഥമിക അന്വേഷണത്തിൽ സൂചന ലഭിച്ചതായി പൊലീസ് അറിയിച്ചു. അന്വേഷണം തുടരുന്നു.
പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മൂവാറ്റുപുഴ ഇൻസ്‌പെക്ടർ പി.എം. ബൈജുവിന്റെ മേൽനോട്ടത്തിൽ എസ്.ഐ മാഹിൻ സലീമാണ് കേസ് അന്വേഷിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |