തൃശൂർ: ഗുരുവായൂരിൽ കണ്ണനെയും തൃപ്രയാറിൽ ശ്രീരാമനെയും തൊഴുത് ഇഷ്ടവഴിപാടുകൾ അർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ഭക്തരുടെ കണ്ണിൽ നിറഞ്ഞു. ഗുരുവായൂരിൽ കണ്ണന്റെ പ്രിയവഴിപാടായ നെയ്യും ഒരു തളിക നിറയെ താമരപ്പൂക്കളും പ്രധാനമന്ത്രി സമർപ്പിച്ചു. നടൻ സുരേഷ് ഗോപിയുടെ മകൾ ഭാഗ്യയുടെ വിവാഹത്തിൽ പങ്കെടുത്ത് വരണമാല്യവും കൈമാറി.
ഗുരുവായൂർ ക്ഷേത്രം കിഴക്കേനടയിൽ മോഹൻലാൽ, മമ്മൂട്ടി, ദിലീപ്, ഖുശ്ബു, ബിജുമേനോൻ ഉൾപ്പെടെ സിനിമാതാരങ്ങൾക്കും നവദമ്പതികൾക്കും അയോദ്ധ്യയിലെ അക്ഷതം പ്രധാനമന്ത്രി നൽകി. 66 പായ്ക്കറ്റാണ് പുഷ്പത്തിനൊപ്പം നൽകിയത്.
പ്രാണപ്രതിഷ്ഠയ്ക്ക് മുന്നോടിയായി അയോദ്ധ്യയിൽ അർപ്പിച്ച പൂജാദ്രവ്യമാണ് അക്ഷതം. അയോദ്ധ്യയിൽ ശ്രീരാമപ്രതിഷ്ഠ നടക്കാനിരിക്കെ തൃപ്രയാർ ശ്രീരാമക്ഷേത്രത്തിൽ ഒരു മണിക്കൂറിലധികം പ്രധാനമന്ത്രി ചെലവിട്ടു.
ഇത് മൂന്നാംതവണയാണ് മോദി ഗുരുവായൂർ ദർശനത്തിനെത്തുന്നത്. ഇന്നലെ രാവിലെ ഏഴരയോടെ കൊച്ചിയിൽ നിന്ന് ഹെലികോപ്ടറിൽ ഗുരുവായൂർ ശ്രീകൃഷ്ണ കോളേജ് ഹെലിപാഡിലിറങ്ങിയ പ്രധാനമന്ത്രി റോഡ്മാർഗം ശ്രീവത്സം ഗസ്റ്റ് ഹൗസിലെത്തി. എട്ടിന് മുണ്ടുടുത്ത് സുരക്ഷാ ഉദ്യോഗസ്ഥർക്കൊപ്പം 150 മീറ്ററോളം നടന്നാണ് ക്ഷേത്രത്തിലെത്തിയത്. കിഴക്കേനടയിൽ കൊടിമരത്തിനടുത്തുള്ള വലിയ ബലിക്കല്ലിൽ തൊട്ടുതൊഴുത് അകത്തുകയറി. ഗുരുവായൂരപ്പനെ തൊഴുത് നെയ്യും താമരത്തളികയും സമർപ്പിച്ചു. തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട് പ്രധാനമന്ത്രിക്ക് പ്രസാദം നൽകി. തൃപ്രയാർ ക്ഷേത്ര ദർശനശേഷം മോദി കൊച്ചിയിലേക്ക് മടങ്ങുന്നതിനിടെ കാറിന്റെ ഫുട്‌റെസ്റ്റിൽ നിന്ന് റോഡിന് ഇരുവശവും നിന്ന ജനാവലിയെ അഭിവാദ്യം ചെയ്ത് ആവേശഭരിതരാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |