തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനെതിരായ മാസപ്പടി ആരോപണം കോടതി നിരീക്ഷണത്തിൽ ഇ.ഡിയും സി.ബി.ഐയും അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ആവശ്യപ്പെട്ടു. ഇ.ഡിയെയും സി.ബി.ഐയെയും ഒഴിവാക്കിയത് പിണറായി വിജയനും സംഘപരിവാറും തമ്മിലുള്ള ഒത്തുതീർപ്പിന്റെ ഭാഗമാണെന്നും അദ്ദേഹം പത്രസമ്മേളനത്തിൽ ആരോപിച്ചു.
ലാവലിൻ, ലൈഫ് മിഷൻ കോഴ, സ്വർണക്കടത്ത്, കരുവന്നൂർ കേസുകളിൽ സംഘപരിവാറും കേരളത്തിലെ സി.പി.എമ്മും തമ്മിൽ ധാരണയുണ്ടാക്കിയിട്ടുണ്ട്.എക്സാലോജിക്കുമായി ബന്ധപ്പെട്ട് പ്രതിപക്ഷം നിയമസഭയിൽ ആരോപണം ഉന്നയിച്ചപ്പോൾ നിയമപരമായ ഇടപാടാണെന്നും ആലുവയിലെ കമ്പനിക്ക് മകളുടെ കമ്പനി സോഫ്ട് വെയർ സേവനങ്ങൾ നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞത് പച്ചക്കള്ളമാണെന്നാണ് ആർ.ഒ.സി റിപ്പോർട്ടിലൂടെ വ്യക്തമായി.
ഇരു കമ്പനികളും തമ്മിൽ നിയമപരമായ ഇടപാട് നടന്നത് സംബന്ധിച്ച് ഒരു രേഖയും ഹാജരാക്കിയിട്ടില്ല. സോഫ്ട്‌വെയർ സേവനം നൽകിയെന്ന എക്സാലോജിക്കിന്റെ വാദത്തിന് രേഖകളില്ല. ഒരു സേവനവും നൽകാതെയാണ് മുഖ്യമന്ത്രിയുടെ മകളുടെയും കമ്പനിയുടെയും അക്കൗണ്ടുകളിലേക്ക് 1.72 കോടി രൂപ എത്തിയത്.
ബി.ജെ.പിക്ക് ഒരു സീറ്റും കിട്ടില്ല
കേരളത്തിൽ ബി.ജെ.പി ഒരു സീറ്റിൽ പോലും ജയിക്കില്ലെന്ന് യു.ഡി.എഫ് ഉറപ്പുവരുത്തും. തൃശൂരിലും തിരുവനന്തപുരത്തും കഴിഞ്ഞ തവണത്തേക്കാൾ വലിയ ഭൂരിപക്ഷത്തിന് യു.ഡി.എഫ് വിജയിക്കും. പ്രധാനമന്ത്രിക്കൊപ്പം രണ്ടു കൈയും ചേർത്തുള്ള പിണറായി വിജയന്റെ നിൽപ് കേരളത്തിലെ ജനങ്ങൾ മനസിരുത്തി കാണുന്നുണ്ട്. ഇരട്ടച്ചങ്കനെന്ന് അണികളെക്കൊണ്ട് വിളിപ്പിച്ച മുഖ്യമന്ത്രി എത്ര വിനയാന്വിതനായാണ് നിൽക്കുന്നത്.ഡൽഹിയിൽ സമരം ചെയ്യാൻ പോകുന്നതും ഈ രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണ്. ഇതെല്ലാം ജനങ്ങളെ കബളിപ്പിക്കാനാണെന്നും സതീശൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |