@ കടുവയെ കൂടുവച്ച് പിടികൂടണമെന്ന് ആവശ്യം
സുൽത്താൻ ബത്തേരി (വയനാട്) : ജനവാസ കേന്ദ്രത്തിൽ വീണ്ടും കടുവയിറങ്ങി പശുവിനെ കടിച്ചുകീറി. ചെതലയം ആറാം മൈൽ പടിപ്പുര നാരായണന്റെ പശുവിനെയാണ് കടുവ ആക്രമിച്ചത്. ഇന്നലെ ഉച്ചയോടെയാണ് സംഭവം. വീടിനോട് ചേർന്ന സ്ഥലത്ത് പശുവിനെ മേയാൻ കെട്ടിയിട്ടതായിരുന്നു. സമീപത്തായി നാരായണനും ഉണ്ടായിരുന്നു. പശുവിന്റെ കരച്ചിൽ കേട്ട് എത്തിയപ്പോഴേക്കും പശുവിനെ വിട്ട് കടുവ വനത്തിലേക്ക് ഓടിമറഞ്ഞു. പശുവിന്റെ കഴുത്തിൽ ഗുരുതര പരിക്കേറ്റിട്ടുണ്ട്. പശു എട്ട് മാസം ഗർഭിണിയാണ്. സംഭവത്തെ തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയെങ്കിലും പെട്ടെന്ന് മടങ്ങിയത് പ്രതിഷേധത്തിന് ഇടയാക്കി. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ ഐ.സി.ബാലകൃഷ്ണൻ എം.എൽ.എ വൈൽഡ് ലൈഫ് വാർഡൻ ദിനേശ്കുമാറിനെ വിളിച്ചതോടെ കുറിച്യാട് അസി. വൈൽഡ് ലൈഫ് വാർഡൻ പി. സലിമിന്റെ നേതൃത്വത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. പ്രദേശത്ത് നാല് ക്യാമറകൾ വനംവകുപ്പ് സ്ഥാപിച്ചു. സുൽത്താൻ ബത്തേരിയിൽ നിന്ന് പൊലീസും റവന്യുവകുപ്പ് അധികൃതരും വെറ്ററിനറി ഡോക്ടറും സ്ഥലത്തെത്തി. കടുവയെ കൂടുവച്ച് പിടികൂടണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികൾ പ്രതിഷേധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |