തിരുവനന്തപുരം: കാൽ നൂറ്റാണ്ടുമുമ്പ് പ്രീഡിഗ്രി ക്ലാസിലിരിക്കുമ്പോൾ ആത്മമിത്രങ്ങളായവരാണ് സൂര്യയും സുചിത്രയും. അന്നത്തെ സൗഹൃദം ഇപ്പോൾ വന്നുനിൽക്കുന്നത് കളരിത്തറയിൽ. ഇന്നലെ തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ നടന്ന സംസ്ഥാന കളരി ചാമ്പ്യൻഷിപ്പിൽ ഇവർ അടവും ചുവടും പയറ്റി.
ആലപ്പുഴ എൻ.എസ്.എസ് കോളേജിലെ പ്രീഡിഗ്രി പഠനകാലത്താണ് കൂട്ടായത്. അന്നുമുതൽ ഒരേ ക്ലാസിൽ ഒരേ ബെഞ്ചിലാണ് പഠനം. വിവാഹശേഷം വീട്ടമ്മമാരായി. ഇപ്പോൾ ഇരുവർക്കും പ്രായം 40. മക്കൾ കളരിയും കരാട്ടെയും പഠിക്കാൻ തുടങ്ങിയപ്പോൾ ഒരു മോഹം. 'ഒന്നു പയറ്റി നോക്കിയോലോ..." 39-ാം വയസിൽ ഇരുവരും കളരി അഭ്യസിക്കാനിറങ്ങി.
ആലപ്പുഴ കളർകോട് സ്വദേശിയായ സൂര്യയ്ക്ക് കുഞ്ഞുനാൾ മുതൽ ആയോധനകലകളിൽ താത്പര്യമുണ്ടായിരുന്നു. സഹോദരൻ പഠിച്ചപ്പോൾ പെൺകുട്ടിയെന്ന പേരിൽ മാറ്റിനിറുത്തി. മകൻ ഗൗരിശങ്കർ ഏഴാം വയസിൽ കരാട്ടെ പഠിക്കാൻ ചേർന്നപ്പോൾ പഴയ മോഹം പൊടിതട്ടിയെടുത്തു.
തത്തമ്പള്ളി സ്വദേശിയായ സുചിത്രയുടെ മകൻ നീലകണ്ഠൻ ആറുവയസു മുതൽ കളരി അഭ്യസിക്കുന്നുണ്ട്. ചെറുപ്രായത്തിലേ സമ്മാനങ്ങൾ വാരിക്കൂട്ടിയതോടെ നീലകണ്ഠനായി എൻ.സി.സി ഡ്രൈവറായ പിതാവ് മഹേഷ് കഴിഞ്ഞവർഷം വീട്ടിൽ കളരി സ്ഥാപനം തുടങ്ങി. പുറത്തുനിന്നെത്തിയ ഗുരുക്കളായിരുന്നു അദ്ധ്യാപകർ. 'ദീപാലിക" എന്ന കളരിയുടെ ഉദ്ഘാടനത്തിന് സുചിത്ര കൂട്ടുകാരിയെ ക്ഷണിച്ചു. 'എന്നെക്കൂടെ അവിടെ പഠിപ്പിക്കാമോ?" എന്ന സൂര്യയുടെ ചോദ്യം വഴിത്തിരിവായി. 'താൻ വന്നാൽ ഞാനും പഠിക്കുമെന്ന്..." സുചിത്രയും. പ്രീഡിഗ്രി സുഹൃത്ത് ദീപയും ഒപ്പം കൂടി. ഏഴാം ക്ലാസുകാരൻ നീലകണ്ഠൻ അമ്മയ്ക്കും കൂട്ടുകാർക്കും ചുവടുകൾ തിരുത്തിക്കൊടുത്തു. സൂര്യയുടെ ഭർത്താവ് ജ്യോതിസ് (എക്സൈസ് ഓഫീസർ), സുചിത്രയുടെ ഇളയ മകൾ വൈഷ്ണവി (ഒൻപത് വയസ്) എന്നിവരും കളരി അഭ്യസിക്കുന്നുണ്ട്.
അടവും ചുവടും മാത്രം
കൂട്ടുകാരികൾ ഇപ്പോൾ സംസാരിക്കുന്നത് മുഴുവനും കളരിയെപ്പറ്റിയാണ്. അടിച്ചുവെട്ടുന്നതും തിരിഞ്ഞുമാറുന്നതും ഫോണിലൂടെ മണിക്കൂറുകളോളം സംസാരിക്കും. കോമളൻ ഗുരുക്കളാണ് അഭ്യസിപ്പിക്കുന്നത്. ആഴ്ചയിൽ മൂന്നുദിവസം വൈകിട്ട് രണ്ടുമണിക്കൂർ ക്ലാസ്. വീട്ടുപണികൾ തീർത്ത് നേരെ കളരിയിലേക്ക്. കളരിയിലെത്തിയ ശേഷം നടുവേദനയ്ക്കും ശ്വാസം മുട്ടലിനും ആശ്വാസമുണ്ടെന്ന് സൂര്യ പറയുന്നു. ഇന്നലെ സൂപ്പർ സീനിയർ വിഭാഗത്തിലാണ് ഇരുവരും മത്സരിച്ചത്.
സുചിത്ര എന്റെ ജീവിതത്തിന്റെ ഭാഗമാണ്. ജീവിതകാലം മുഴുവൻ കളരിയും സൗഹൃദവും ഒന്നിച്ചു കൊണ്ടുപോകണമെന്നാണ് മോഹം.
-സൂര്യ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |