SignIn
Kerala Kaumudi Online
Friday, 11 July 2025 12.31 AM IST

രാഷ്ട്രീയം വേണ്ടാത്ത ന്യൂജെൻ വരുന്നോ?​

Increase Font Size Decrease Font Size Print Page
c

ഏതു രാജ്യത്തിന്റെയും ഭാവിഭാഗധേയം നിർണയിക്കുന്നതും നിർണയിക്കേണ്ടതും യുവതലമുറയാണ്. കാരണം,​ നാളത്തെ രാജ്യം രൂപമെടുക്കേണ്ടത് അവരുടെ സ്വപ്നങ്ങളുടെ തിരക്കഥയിലാണ്. ലോകത്ത്,​ ജനാധിപത്യത്തിന്റെ ഏറ്റവും സഫലമാതൃക നിലനിൽക്കുന്ന രാഷ്ട്രമാണ് നമ്മുടേത്. ഭരണകൂടത്തെ നിശ്ചയിക്കുന്നത് ജനങ്ങളാണ്. പക്ഷേ,​ നാടു ഭരിക്കേണ്ടത് ആരെന്നു നിശ്ചയിക്കുന്ന വോട്ടുരാഷ്ട്രീയ തിരഞ്ഞെടുപ്പിൽ പുതിയ തലമുറയ്ക്ക് താത്പര്യമില്ലെന്നു വന്നാലോ?​ രാഷ്ട്രീയ തിരഞ്ഞെടുപ്പു പ്രക്രിയയിൽ നിന്ന് പുതിയ തലമുറ മുഖംതിരിച്ചു തുടങ്ങിയിരിക്കുന്നതിന്റെ ആശങ്കാജനകമായ സൂചന നൽകുന്ന ഒരു റിപ്പോർട്ട്,​ വോട്ടിനു കൂട്ടില്ലാതെ ന്യൂജെൻ എന്ന ശീർഷകത്തിൽ കേരളകൗമുദി ഇന്നലെ മുഖ്യവാർത്തയായി പ്രസിദ്ധീകരിച്ചിരുന്നു.

സംസ്ഥാനത്ത് വിദ്യാഭ്യാസ രേഖകളനുസരിച്ച് കഴിഞ്ഞ രണ്ടുവർഷത്തിനിടെ പതിനെട്ടു വയസ് പൂർത്തിയായി വോട്ടവകാശത്തിന് അർഹരായവരുടെ എണ്ണം പത്തുലക്ഷത്തിൽ അധികമാണെങ്കിലും,​ ഇതിൽ എഴുപത് ശതമാനം പേരും ഇതുവരെ വോട്ടർപട്ടികയിൽ പേരുചേർക്കാൻ മിനക്കെട്ടിട്ടില്ലെന്നതാണ് വാർത്ത. ഉപരിപഠനത്തിനും മറ്റും വിദേശത്തു പോകുന്നവർ പണ്ടത്തെ അപേക്ഷിച്ച് കൂടുതലാണെങ്കിലും,​ വോട്ടവകാശം നേടിയ പത്തുലക്ഷത്തിലേറെപ്പേരിൽ ഇവരുടെ എണ്ണം എത്രയോ തുച്ഛമായിരിക്കും. പുതിയ തലമുറയിൽ അധികം പേരും രാഷ്ട്രീയ താത്പര്യമില്ലാത്തവരാണെന്നു വേണോ കരുതുവാൻ?

വോട്ടർപട്ടികയിൽ പേരുണ്ടെന്ന് ഉറപ്പുവരുത്തുകയും,​ കന്നിവോട്ടിന് ആവേശപൂർവം കാത്തിരിക്കുകയും ചെയ്യുന്നൊരു തലമുറ മുൻപുണ്ടായിരുന്നു. അതല്ല,​ ഇപ്പോഴത്തെ സ്ഥിതി. ആരു ഭരിച്ചാലും ഭരിക്കപ്പെടുന്ന സാധാരണക്കാരുടെ ജീവിതത്തിന് ഒരു മാറ്റവും വരുന്നില്ലെന്ന യാഥാർത്ഥ്യം പുതിയ തലമുറ തിരിച്ചറിഞ്ഞു വരികയാണെന്ന് ആദ്യം രാഷ്ട്രീയ നേതൃത്വങ്ങൾ മനസ്സിലാക്കണം. രാഷ്ട്രീയത്തിനു സംഭവിച്ച മൂല്യച്യുതിയും,​ അഴിമതി രാഷ്ട്രീയത്തിനു കൈവന്ന മേൽക്കൈയും,​ അധികാര രാഷ്ട്രീയത്തിൽ നേതാക്കന്മാരുടെ തത്വദീക്ഷയില്ലാത്ത പ്രവൃത്തികളുമൊക്കെ ചെറുപ്പക്കാരുടെ മനംമടുപ്പിച്ചു തുടങ്ങിയിരിക്കുന്നു. വോട്ടുചെയ്യുന്നത് പാഴ്‌വേലയാണെന്ന് കരുതുന്നവരുടെ സംഖ്യ പെരുകുന്നു. രാഷ്ട്രീയപ്പാർട്ടികളെ സംബന്ധിച്ചല്ല,​ രാഷ്ട്രത്തെ സംബന്ധിച്ചു തന്നെ ഇതൊരു ഭീകരയാഥാർത്ഥ്യമാണെന്ന് പറയാതെ വയ്യ.

പ്രായപൂർത്തിയാകുന്നവരെ തെരഞ്ഞുപിടിച്ച് വോട്ടർപ്പട്ടികയിൽ ചേർക്കുന്ന ഉത്തരവാദിത്വം മുമ്പ് രാഷ്ട്രീയപ്പാർട്ടികൾ കൃത്യമായി ചെയ്തിരുന്നു. പേരുചേർക്കലിന് ഓൺലൈൻ സൗകര്യം വന്നതോടെ അതിന് പാർട്ടികളെ ആശ്രയിക്കേണ്ടെന്നായി. വ്യക്തിഗത തിരിച്ചറിയൽ രേഖയെന്ന നിലയിൽ വോട്ടേഴ്സ് ഐ.ഡി കാർഡിനുണ്ടായിരുന്ന പ്രാധാന്യം ആധാറിന്റെ വരവോടെ കുറ‍ഞ്ഞു. എന്തിന്റെയും പ്രയോജനപരതയ്ക്ക് പ്രാഥമിക പ്രാധാന്യം കല്പിക്കുന്ന പുതിയ തലമുറയ്ക്ക് വോട്ടർപ്പട്ടിക ഒരു അവശ്യഘടകമല്ലാതായിത്തീരുകയും ചെയ്തു. സ്വാതന്ത്ര്യ ബോധവും അകമേ കൃത്യമായ മാനസിക നിലപാടുകളുമുള്ള പുതിയ തലമുറയുടെ അകത്തിരിക്കുന്ന രാഷ്ട്രീയം തിരിച്ചറിയുക എളുപ്പമല്ലാതായതോടെയാണ് രാഷ്ട്രീയകക്ഷികൾ മത്സരിച്ചുചെന്ന് അവരെ പട്ടികയിലാക്കുന്ന പരിപാടിയിൽ നിന്ന് പിൻവലിഞ്ഞുതുടങ്ങിയത്. അതായത്,​ തങ്ങൾ പേരു ചേർക്കുന്ന വോട്ടർ തങ്ങളുടെ പാർട്ടിക്കുതന്നെ വോട്ടുകുത്തുമെന്ന് അവർക്ക് ഒരുറപ്പുമില്ല!

ജനാധിപത്യ പ്രക്രിയയിൽ വിശ്വാസവും,​ തിരഞ്ഞെടുപ്പു പ്രക്രിയകളിൽ സജീവപങ്കാളിത്തവുമുള്ള ഒരു യുവതലമുറയുടെ രാഷ്ട്രീയബോധം കാത്തുസൂക്ഷിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. അതിന് മുൻകൈയെടുക്കേണ്ടത് രാഷ്ട്രീയപ്പാർട്ടികൾ തന്നെയാണ്. പഠനത്തിനും മറ്റുമായി വിദേശങ്ങളിലുള്ള ചെറുപ്പക്കാർക്ക് അവിടെയിരുന്നു തന്നെ നാട്ടിലെ തിരഞ്ഞെടുപ്പിൽ വോട്ടു രേഖപ്പെടുത്താൻ അവസരം നൽകുന്ന സുതാര്യ സംവിധാനങ്ങളെപ്പറ്റി കേന്ദ്ര സർക്കാരും ആലോചിക്കണം. സാങ്കേതികവിദ്യ ഇത്രയും വികസിച്ച കാലത്ത് അതിനൊന്നും അധികം ബുദ്ധിമുട്ടുണ്ടാകേണ്ട കാര്യമില്ല. അന്യസംസ്ഥാനത്തൊഴിലാളികളും മറ്റുമായി ഇവിടെയുള്ള ലക്ഷക്കണക്കിനു പൗരന്മാർക്ക് ഇവിടത്തെ വോട്ടെടുപ്പിൽ അഭിമതം രേഖപ്പെടുത്താനും അവസരമുണ്ടാകണം. തിരഞ്ഞെടുപ്പ് എന്നത് രാഷ്ട്രീകക്ഷികളുടെയും സ്ഥാനാർത്ഥികളുടെയും വിഷയമെന്നതിനേക്കാൾ,​ അത് ജനാധിപത്യത്തിന്റെ നിലനിൽപ്പു തന്നെ നിശ്ചയിക്കുന്ന രാഷ്ട്രീയ പ്രക്രിയയാണല്ലോ.

TAGS: VOTE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.