ന്യൂഡൽഹി: താജ്മഹലിൽ വർഷങ്ങളായി നടന്നു വരുന്ന ഉറൂസ് ആഘോഷം വിലക്കണമെന്ന് ആവശ്യപ്പെട്ട് അഖില ഭാരത ഹിന്ദു മഹാസഭ ആഗ്രാ കോടതിയെ സമീപിച്ചു. മൂന്നു ദിവസം പ്രവേശനം സൗജന്യമാക്കിയത് തടയണമെന്നും ആവശ്യമുണ്ട്. ആഘോഷ കമ്മിറ്റിക്ക് നോട്ടീസ് അയച്ച അഡിഷണൽ സിവിൽ ജഡ്‌ജി മാർച്ച് നാലിന് കേസ് പരിഗണിക്കും. 1653ൽ താജ്മഹൽ നിർമ്മിച്ച മുഗൾ ചക്രവർത്തി ഷാജഹാന്റെ 369-ാമത് ഉറൂസ് ഫെബ്രുവരി ആറിനാണ് നടക്കുന്നത്. ഇതിന്റെ ഭാഗമായി മൂന്നു ദിവസം താജ്‌മഹലിലേക്ക് വിനോദ സഞ്ചാരികൾക്ക് പ്രവേശനം സൗജന്യമാണെന്ന് ആഘോഷ കമ്മിറ്റി ചെയർമാൻ സയ്യദ് ഇബ്രാഹിം സെയ്ദി പ്രഖ്യാപിച്ചിരുന്നു.
താജ്മഹൽ 'തേജോ മഹാലയ' എന്ന ശിവക്ഷേത്രമാണെന്ന് അവകാശപ്പെടുന്ന ഹിന്ദു സംഘടനകൾ അവിടെ ഉറൂസ് പോലുള്ള പരിപാടികൾ ആഘോഷിക്കുന്നതിനെ എതിർക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് മുൻപ് നൽകിയ ഒരു കേസും ആഗ്ര കോടതിയിലുണ്ട്. ഹിന്ദു സംഘടനകളുടെയും വ്യക്തികളുടെയും ഇത്തരം അവകാശവാദങ്ങളുള്ള ഹർജികൾ സ്വീകരിക്കാൻ അലഹബാദ് ഹൈക്കോടതി സമീപകാലത്ത് വിസമ്മതിച്ചിരുന്നു.
ആദ്യമായാണ് താജ്മഹലിലെ ഉറൂസ് തടയാനുള്ള ഹർജി വരുന്നത്. എന്നാൽ അഖില ഭാരത ഹിന്ദു മഹാസഭ (എ.ബി.എച്ച്.എം) ഡിവിഷൻ മേധാവി മീന ദിവാകറിന്റെ ഹർജിയിൽ താജ്‌മഹൽ ക്ഷേത്രമാണെന്ന് അവകാശപ്പെടുന്നില്ല. ഉറൂസ് ആഘോഷത്തിനും സൗജന്യ പ്രവേശന തീരുമാനത്തിനും എതിരെയാണ് ഹർജി. ആർക്കിയോളജിക്കൽ സർവേയുടെ കീഴിലുള്ള സ്ഥാപനത്തിലെ പ്രവേശനം സൗജന്യമാക്കാൻ ആഘോഷ കമ്മിറ്റിക്ക് അവകാശമില്ലെന്ന് ഹർജിയിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |