രണ്ടാം ടെസ്റ്റ് : യശ്വസി ജയ്‌സ്വാളിന് ഡബിൾ സെഞ്ച്വറി
ജസ്‌പ്രീത് ബുംറയ്ക്ക് 6 വിക്കറ്റ്
ഇന്ത്യയ്ക്ക് 171 റൺസ് ലീഡ്
വിശാഖപട്ടണം : ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിൽ യശ്വസി ജയ്‌സ്വാളിന്റെ വെടിക്കെട്ട് ഡബിൾ സെഞ്ച്വറിയും, ജയ്പ്രീത് ബുംറയുടെ ആറാട്ടും ഇന്ത്യയെ ഡ്രൈവിംഗ് സീറ്റിലിരുത്തി. ഇംഗ്ലണ്ടിനെ ഒന്നാം ഇന്നിംഗ്സിൽ 253 റൺസിന് ഓൾഔട്ടാക്കി രണ്ടാം ഇന്നിംഗ്സിനിറങ്ങിയ ഇന്ത്യ രണ്ടാം ദിനം സ്റ്റമ്പെടുക്കുമ്പോൾ വിക്കറ്റ് നഷ്ടമില്ലാതെ 28 റൺസെടുത്തിട്ടുണ്ട്. യശ്വസി ജയ്‌സ്വാൾ 15ഉം രോഹിത് ശർമ്മ 13ഉം റൺസ് നേടിയിട്ടുണ്ട്.
ഇന്ത്യയ്ക്കാകെ 171 റൺസിന്റെ വ്യക്തമായ ലീഡായി. നേരത്തേ ഇന്ത്യ ഒന്നാം ഇന്നിംഗ്സിൽ 396 റൺസിന് ഓൾഔട്ടായിരുന്നു.
ഡബിൾ യശ്വസ്
ഇന്നലെ 336/6 എന്ന നിലയിൽ ഒന്നാം ഇന്നിംഗ്സ് പുനരാരംഭിച്ച ഇന്ത്യയ്ക്ക് 60 റൺസുകൂടെയെ കൂട്ടിച്ചേർക്കാനായുള്ളൂ. 30 റൺസും ജയ്‌സ്വാൾ ആണ് നേടിയത്. അദ്ദേഹത്തിന്റെ കന്നി ഡബിൾ സെഞ്ച്വറി തന്നെയാണ് ഇന്നലെ ഇന്ത്യൻ ഇന്നിംഗ്സിലെ ഹൈലൈറ്റായത്. അശ്വിന്റെ (20) വിക്കറ്റാണ് ഇന്നലെ ഇന്ത്യയ്ക്ക് ആദ്യം നഷ്ടമായത്. അശ്വിനെ ആൻഡേഴ്സൺ വിക്കറ്റ് കീപ്പർ ബെൻ ഫോക്സിന്റെ കൈയിൽ എത്തിക്കുകയായിരുന്നു. ഷൊയ്ബ് ബഷീറിനെ തുടർച്ചായായി സിക്സിനും ഫോറിനും പറത്തിയാണ് 22കാരനായ ജസ്‌സ്വാൾ അന്താരാഷ്ട്ര ടെസ്റ്റ് കരിയറിലെ കന്നി ഡബിൾ സെഞ്ച്വറി നേടിയത്. ഡബിൾ സെഞ്ച്വറി തികച്ച് അജികം വൈകാതെ ജയ്‌സ്വാളിനെ ആൻഡേഴ്സൺ പുറത്താക്കി. ജോണി ബെയർസ്റ്റോയാണ് ക്യാച്ചെടുത്തത്. അധികം വൈകാതെ ജയ്പ്രീത് ബുംറയെ (6) റെഹാൻ അഹമ്മദും മുകേഷ് കുമാറിനെ (0) ഷൊയ്ബ് ബാഷിറും പുറത്താക്കിയതോടെ ഇന്ത്യൻ ഇന്നിംഗ്സിന് തിരശീല വീണു. കുൽദീപ് യാദവ് ( 8) റൺസുമായി പുറത്താകാതെ നിന്നു. ഇംഗ്ലണ്ടിനായി ജയിംസ് ആൻഡേഴ്സൺ, ഷൊയിബ് ബാഷിർ, റെഹാൻ അഹമ്മദ് എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
തുടക്കം കിടിലൻ
ഒന്നാം ഇന്നിംഗ്സിനിറങ്ങിയ ഇംഗ്ലണ്ടിന് സാക് ക്രോളിയും (78), ബെൻ ഡക്കറ്റും (21) മികച്ച തുടക്കമാണ് നൽകിയത്. ബാസ്ബാൾ ശൈലിയിൽ ബാറ്റ് വീശിയ ഇരുവരും 10.2 ഓവറിൽ 59 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. ഡക്കറ്റിനെ പുറത്താക്കി ചേഞ്ച് ബൗളറായെത്തിയ കുൽദീപ് യാദവാണ് ഇന്ത്യയ്ക്ക് ബ്രേക്ക് ത്രൂ നൽകിയത്. സില്ലി പോയിന്റിൽ അരങ്ങേറ്റക്കാരൻ രജത് പട്ടീദാറാണ് ക്യാച്ചെടുത്തത്. തുടർന്നെത്തിയ കഴിഞ്ഞ കളിയിൽ ഇംഗ്ലണ്ടിന്റെ രക്ഷകനായ ഒല്ലി പോപ്പും (23) ക്രോളിയും കൂടി ഇംഗ്ലണ്ടിനെ 100കടത്തി. 114ൽ വച്ച് ക്രോളിയെ അക്ഷർ പട്ടേലിന്റെ പന്തിൽ ശ്രേയസ് അയ്യർ മനോഹരമായ ഡൈവിംഗ് ക്യാച്ചിലൂടെ പുറത്താക്കുകയായിരുന്നു.
ബുംറ മാജിക്ക്
പിന്നീട് ജസ്‌പ്രീത് ബുംറ ഇംഗ്ലീഷ് ബാറ്റിംഗ് നിരയുടെ നടുവൊടിക്കുകയായിരുന്നു. ടീം സ്കോർ 123ൽ വച്ച് ജോ റൂട്ടിനെ (5) സ്ലിപ്പിൽ ശുഭ്മാൻ ഗില്ലിന്റെ കൈയിൽ എത്തിച്ച ബംറ അധികം വൈകാതെ കാലിന്റഎ പെരുവിരൽ തകർക്കുന്ന തരത്തിലുള്ള ലോകോത്തര യോർക്കറിലൂടെ ഒല്ലി പോപ്പിനും മടക്ക ടിക്കറ്റ് നൽകി. ജോണി ബെയർസ്റ്റോയേയും (25) ഗില്ലിന്റെ കൈയിൽ ഒതുക്കി. ബെൻ ഫോക്സിനെ (6) കുൽദീപ് ക്ലീൻബൗൾഡാക്കി. റെഹാനേയും (6) കുൽദീപ് മടക്കി. ഗില്ലിന് ന്നെയായിരുന്നു ക്യാച്ച്. നന്നായി ബാറ്റ് ചെയ്തു വരികയായിരുന്ന ക്യാപ്ടൻ ബെൻ സ്റ്റോക്സിനെ (47) മനോഹരമായ പന്തിൽ ബുംറ ക്ലീൻബൗൾഡാക്കി. ടോം ഹാർട്ട്‌ലിയ്ക്ക് (21) മാത്രമാണ് വാലറ്റത്ത്അൽപ്പമെങ്കിലും പിടിച്ചു നിൽക്കാനായത്. ജയിംസ് ആൻഡേഴ്സണെ (6) വിക്കറ്റിന് മുന്നിൽ കുടുക്കി ബുംറ ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്സിന് തിരശീലയിട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |