വളാഞ്ചേരി: ഇരിമ്പിളിയം പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ആറു ലക്ഷം രൂപ വകയിരുത്തി കട്ട പതിച്ച് നവീകരിച്ച വാർഡ് ആറിലെ അംഗനവാടി റോഡ് പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ വി.ടി അമീർ ഉദ്ഘാടനം ചെയ്തു. ഒരു വർഷം മുമ്പാണ് അംഗനവാടി ആരംഭിച്ചത്. ആ സമയത്ത് തന്നെ അംഗനവാടി കുട്ടികൾ നടന്ന് വരുന്ന സമീപത്തെ പൊട്ടിപൊളിഞ്ഞ റോഡ് നവീകരിക്കണമെന്ന് പ്രദേശവാസികളും അംഗനവാടിയെ ആശ്രയിക്കുന്നവരും ആവശ്യപ്പെട്ടിരുന്നു. റോഡ് നവീകരിക്കാൻ മുന്നിട്ടിറങ്ങിയ വാർഡ് മെമ്പറെ നാട്ടുകാരും അംഗനവാടിയിലെ രക്ഷിതാക്കളും ജീവനക്കാരും അഭിനന്ദിച്ചു. പായസം വിതരണം ചെയ്താണ് നാട്ടുകാർ റോഡ് ഉദ്ഘാടനത്തെ വരവേറ്റത്. നിരവധി കുട്ടികളും സ്ത്രീകളും പരിപാടിയിൽ സംബന്ധിച്ചു. അസൈനാർ തറക്കൽ, ബാപ്പുട്ടി.ഇ, ടി.ടി.മജീദ്, എം.ആരിഫ്, വി.പി.റിയാസ്, അംഗനവാടി ടീച്ചർ പ്രസന്ന, വർക്കർ സബിത, എ.വി.സുബൈർ, ടി.പി.അൻവർ സ്വാദിഖ്, എം.പി.കമ്മുക്കുട്ടി എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |