കാസർകോട്: കേന്ദ്ര,സംസ്ഥാന സർക്കാരുകൾക്കെതിരെ കെ.പി.സി.സിയുടെ ആഭിമുഖ്യത്തിൽ പ്രസിഡന്റ് കെ.സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും നയിക്കുന്ന സമരാഗ്നി ജനകീയ പ്രക്ഷോഭയാത്രയ്ക്ക് കാസർകോട്ട് ഉജ്വല തുടക്കം. ജാഥാ ലീഡർമാർക്ക് പതാക കൈമാറി എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എം.പി പ്രക്ഷോഭയാത്ര ഉദ്ഘാടനം ചെയ്തു.
ജനങ്ങളെ വിഭജിക്കാനുള്ള ഗ്യാരന്റി മാത്രമാണ് മോദിയുടെ ഗ്യാരന്റിയെന്ന് വേണുഗോപാൽ പറഞ്ഞു
രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി അദ്ധ്യക്ഷത വഹിച്ചു. എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപ ദാസ് മുൻഷി, എ.ഐ.സി.സി. അംഗം രമേശ് ചെന്നിത്തല, യു.ഡി.എഫ് കൺവീനർ എം.എം.ഹസ്സൻ, കൊടിക്കുന്നിൽ സുരേഷ്, ടി.സിദ്ദിഖ്, സോണി സെബാസ്റ്റ്യൻ, പി.കെ. ഫൈസൽ എന്നിവർ പ്രസംഗിച്ചു.
ഇന്നു രാവിലെ 10ന് കാസർകോട് നഗരസഭാ മിനി കോൺഫറൻസ് ഹാളിൽ നടക്കുന്ന ജനകീയ ചർച്ചാസദസ്സിൽ നേതാക്കൾ ദുരിതമനുഭവിക്കുന്നവരുമായി സംവദിക്കും. എൻഡോസൾഫാൻ ദുരിതബാധിതർ, അടയ്ക്ക കർഷകർ, വന്യജീവിശല്യം നേരിടുന്ന കർഷകർ, സാമൂഹിക സുരക്ഷാ പെൻഷൻ കിട്ടാതെ ദുരതത്തിലായവർ, തീരദേശ പരിപാലന നിയമത്തിന്റെ പ്രത്യാഘാതം അനുഭവിക്കുന്നവർ അടക്കം ഇരുനൂറോളം പേരെയാണ് ചർച്ചയിലേക്കു ക്ഷണിച്ചിട്ടുള്ളത്. 14 ജില്ലകളിലായി 30 സമ്മേളനങ്ങൾ നടക്കും. സമരാഗ്നി ജാഥ 29നു തിരുവനന്തപുരത്തു സമാപിക്കും.
പിണറായി ഭരിക്കുന്നത് കുടുംബത്തിന്:സുധാകരൻ
പിണറായിയുടെ ഭരണം കുടുംബത്തിന് വേണ്ടി മാത്രമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ പറഞ്ഞു. പിണറായിക്ക് എതിരെ എത്ര കേസുകൾ ഉയർന്നു വന്നു. ഇതിലൊന്നും പ്രതിയാകാത്തത് ബി.ജെ.പിയുമായുള്ള അന്തർധാര കാരണമാണ്. 14 അഴിമതി ആരോപണങ്ങൾ മുഖ്യമന്ത്രിക്ക് എതിരെ ഉയർന്നു വന്നു. അന്വേഷണം നടന്നിരുന്നുവെങ്കിൽ പിണറായി ജയിലിൽ പോയേനെയെന്നും കെ.സുധാകരൻ പറഞ്ഞു.
സ്റ്റാലിനും ഹിറ്റ്ലറും പോലെ മോദി,പിണറായി: സതീശൻ
കാസർകോട്: രണ്ടാം മഹായുദ്ധകാലത്ത് സ്റ്റാലിനും ഹിറ്റ്ലറും സന്ധി ചെയ്തതിനു സമാനമാണ് മോദിയും പിണറായിയും തമ്മിലുള്ള അന്തർധാരയെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ.ഫാസിസ്റ്റുകളും കമ്മ്യൂണിസ്റ്റുകളും സന്ധി ചെയ്താൽ വലിയ ദുരന്തത്തിന് സാക്ഷ്യം വഹിക്കേണ്ടിവരുമെന്നതാണ് ചരിത്രം. ഇത് നാടിന് അപകടമാണെന്നും അദ്ദേഹം പറഞ്ഞു.കള്ളപ്പണക്കേസിലും സ്വർണക്കടത്തിലും ലൈഫ് കേസിലും പിണറായിയെ മോദി സഹായിച്ചപ്പോൾ ബി.ജെ.പി നേതാക്കളുടെ കുഴൽപണകേസിൽ സംസ്ഥാനസർക്കാർ തിരിച്ച് സഹായിച്ചുവെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ആരോപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |