ന്യൂഡൽഹി: 'സോഷ്യലിസം, മതേതരത്വം' എന്നീ പദങ്ങൾ ഭരണഘടനയുടെ ആമുഖത്തിൽ നിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട ആർ എസ് എസ് നേതാവ് ദത്താത്രേയ ഹൊസബലെയ്‌ക്കെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ്. ആർ എസ് എസ് ഒരിക്കലും ഭരണഘടനയെ അംഗീകരിച്ചിട്ടില്ലെന്നും മുതിർന്ന കോൺഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞു.
'ആർഎസ്എസ് ഒരിക്കലും ഇന്ത്യൻ ഭരണഘടന അംഗീകരിച്ചിട്ടില്ല. 1949 നവംബർ 30 മുതൽ ഡോ. അംബേദ്കർ, നെഹ്റു, ഭരണഘടനാ രൂപീകരണത്തിൽ ഉൾപ്പെട്ടവർ എന്നിവരെ അവർ ആക്രമിച്ചു. ആർ എസ് എസിന്റെ തന്നെ വാക്കുകളിൽ പറഞ്ഞാൽ, ഭരണഘടന മനുസ്മൃതിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടല്ല തയ്യാറാക്കിയത്.
ആർ എസ് എസും ബിജെപിയും പുതിയ ഭരണഘടനയ്ക്ക് വേണ്ടി ആവർത്തിച്ച് ആഹ്വാനം ചെയ്തിട്ടുണ്ട്. 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ നരേന്ദ്ര മോദിയുടെ പ്രചാരണ മുദ്രാവാക്യമായിരുന്നു ഇത്. ഇന്ത്യയിലെ ജനങ്ങൾ ഈ ആഹ്വാനം പൂർണ്ണമായും നിരസിച്ചു. എന്നിട്ടും ഭരണഘടനയുടെ അടിസ്ഥാന ഘടനയിൽ മാറ്റം വരുത്തണമെന്ന ആവശ്യം ആർഎസ്എസ് തുടർന്നും ഉന്നയിക്കുന്നു.
പ്രമുഖ ആർ എസ് എസ് നേതാവ് ഇപ്പോൾ ഉന്നയിച്ച വിഷയത്തിൽ 2024 നവംബർ 25ന് ഇന്ത്യൻ ചീഫ് ജസ്റ്റിസ് തന്നെ ഒരു വിധി പ്രസ്താവിച്ചു. അത് വായിക്കാൻ അദ്ദേഹത്തോട് ആവശ്യപ്പെടുന്നു'- എന്നാണ് ജയറാം രമേശ് എക്സിൽ കുറിച്ചത്. സുപ്രീം കോടതിയുടെ ഉത്തരവ് പങ്കുവച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ കുറിപ്പ്.
സോഷ്യലിസം , മതേതരത്വം' എന്നീ പദങ്ങൾ അടിയന്തരാവസ്ഥ കാലത്താണ് ഭരണഘടനയിൽ ചേർത്തതെന്ന് ദത്താത്രേയ ഹൊസബലെ ആരോപിച്ചത്. ഇന്നലെ ഒരു പൊതുചടങ്ങിൽ സംസാരിക്കവെ ആയിരുന്നു ദത്താത്രേയയുടെ പരാമർശം.
'50 വർഷം മുമ്പ് അടിയന്തരാവസ്ഥ നടപ്പിലാക്കിയതിന് കോൺഗ്രസ് മാപ്പ് പറയണം. ഇന്ത്യൻ ജനാധിപത്യത്തെ നിർവചിക്കുന്ന 'സോഷ്യലിസം, മതേതരത്വം' തുടങ്ങിയ പദങ്ങൾ അക്കാലത്ത് നിർബന്ധിതമായി ഭരണഘടനയിൽ ചേർക്കപ്പെട്ടതാണ്. ഈ വാക്കുകൾ ഇനി അവിടെ വേണോ എന്ന് നമ്മൾ ചിന്തിക്കണം. അന്ന് ഇത് ചെയ്‌ത കോൺഗ്രസ് ഇതുവരെ ക്ഷമ ചോദിച്ചിട്ടില്ല ' - എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസ്‌താവന.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |