ന്യൂഡൽഹി: വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിന് മുൻപ് തന്നെ പൗരത്വഭേദഗതി നിയമം പ്രാബല്യത്തിൽ കൊണ്ടുവരുമെന്ന് കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി അമിത് ഷാ. തിരഞ്ഞെടുപ്പിൽ ബിജെപി 370 സീറ്റുകൾ നേടി അധികാരത്തിൽ വരുമെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ബിജെപി രാജ്യത്ത് തുടർച്ചയായി മൂന്നാമതും ഭരണത്തിലെത്തുമെന്ന് അമിത് ഷാ കൂട്ടിച്ചേർത്തു. ഇന്ന് നടന്ന ഇ ടി നൗ ഗ്ലോബൽ ബിസിനസ് ഉച്ചക്കോടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തുളള മുസ്ലീം സഹോദരങ്ങൾ പൗരത്വഭേദഗതി നിയമത്തെക്കുറിച്ച് തെറ്റിദ്ധരിക്കപ്പെട്ടിരിക്കുകയാണ്. പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽ നിന്നും പുറത്താക്കപ്പെട്ട് ഇന്ത്യയിലേക്കെത്തിയ പൗരൻമാർക്ക് പൗരത്വം നൽകുകയെന്നതേ ഈ ഭേദഗതിയിലൂടെ അർത്ഥമാക്കുന്നുളളൂ. ഇത് ഇന്ത്യയിലുളള ആരുടെയും പൗരത്വം തട്ടിയെടുക്കാനുളളതല്ലന്നും അദ്ദേഹം വ്യക്തമാക്കി.
'തിരഞ്ഞെടുപ്പിൽ ബിജെപി വിജയിക്കുമെന്നതിൽ യാതൊരു സംശയവുമില്ല. കോൺഗ്രസും മറ്റ് പ്രതിപക്ഷ പാർട്ടികളും പഴയ സ്ഥാനത്ത് തന്നെ തുടരും' അദ്ദേഹം പറഞ്ഞു. 'ജമ്മുകശ്മീരിന് നൽകിയിരുന്ന പ്രത്യേക പദവി (ആർട്ടിക്കിൾ 370) ഞങ്ങൾ റദ്ദാക്കിയിരുന്നു. അതിനാൽ തന്നെ തിരഞ്ഞെടുപ്പിൽ 370 സീറ്റുകളും ബിജെപിക്ക് ലഭിക്കുമെന്ന് വിശ്വാസമുണ്ട്' അമിത് ഷാ പറഞ്ഞു.
പ്രാദേശിക പാർട്ടികളായ രാഷ്ട്രീയ ലോക് ദൾ (ആർഎൽഡി), ശിരോമണി അകലി ദൾ (എസ്എഡി) എന്നിവ എൻഡിഎയിലേക്ക് ചേരുന്നതിനെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു. ബിജെപി കുടുംബാസൂത്രണത്തിലാണ് വിശ്വസിക്കുന്നതെന്നും രാഷ്ട്രീയത്തിലല്ലെന്നും അമിത് ഷാ കൂട്ടിച്ചേർത്തു. 'പാർട്ടികൾ എൻഡിഎയിൽ ചേരുന്നതിനെക്കുറിച്ച് അന്തിമ ധാരണയായിട്ടില്ല. നടക്കാൻ പോകുന്ന തിരഞ്ഞെടുപ്പ് എൻഡിഎയും ഇന്ത്യൻ സംഖ്യവുമായിട്ടായിരിക്കില്ല. മറിച്ച് വികസനവും മുദ്രാവാക്യം വിളിക്കുന്നവർ തമ്മിലായിരിക്കും'- അദ്ദേഹം പറഞ്ഞു.
അതേസമയം, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയെയും അമിത് ഷാ വിമർശിച്ചു. നെഹ്‌റുവിന്റെയും ഗാന്ധിജിയുടെയും പിൻമുറക്കാരന് ഭാരത് ജോഡോ ന്യായ് യാത്രയുമായി പോകാൻ ഒരു അവകാശവുമില്ല. കാരണം അയാളുടെ പാർട്ടിയാണ് 1947ലെ ഇന്ത്യാ വിഭജനത്തിന് കാരണമായതെന്നും അദ്ദേഹം വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |