കൊട്ടിയൂർ (കണ്ണൂർ): കൊട്ടിയൂർ പന്നിയാംമലയിൽ സ്വകാര്യവ്യക്തിയുടെ കൃഷിയിടത്തിലെ കമ്പിവേലിയിൽ കുടുങ്ങിയ കടുവയെ മയക്കു വെടിവച്ച് പിടികൂടി കൂട്ടിലാക്കി. ഇന്നലെ പുലർച്ചെ നാലോടെ റബർ ടാപ്പിംഗിന് പോയ പന്നിയാംമല സ്വദേശി പുളിമൂട്ടിൽ സിബിയാണ് കടുവയെ കണ്ടത്. തുടർന്ന് അയൽക്കാരെയും കൂട്ടി എത്തിയപ്പോഴാണ് റോഡരികിലെ തോട്ടത്തിന്റെ അതിർത്തിയിൽ സ്ഥാപിച്ചിരുന്ന കമ്പിവേലിയിൽ കുടുങ്ങി കിടക്കുകയാണെന്ന് വ്യക്തമായത്.
തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരടക്കം സ്ഥലത്തെത്തി. കമ്പിവേലിയിൽ നിന്നും കടുവ രക്ഷപ്പെട്ട് പുറത്തേക്ക് ചാടാൻ സാദ്ധ്യതയുള്ളതിനാൽ പ്രദേശത്തേക്കുള്ള റോഡുകൾ അടച്ച ശേഷമായിരുന്നു മയക്കു വെടിവച്ചത്. മയങ്ങിയെന്ന് ഉറപ്പായതിനു ശേഷമാണ് വലയിൽ കുടുക്കി 11.30ഓടെ പ്രത്യേകം സജ്ജമാക്കിയ കൂട്ടിലേക്ക് മാറ്റിയത്. കണ്ടപ്പുനം വനംവകുപ്പ് ഓഫീസിൽ കടുവയെ എത്തിച്ചു. കടുവയെ കൊണ്ടുപോയ വാഹനം തടഞ്ഞ് യൂത്ത് കോൺഗ്രസ് പ്രതിഷേധിച്ചു. കടുവയെ എവിടെയാണ് തുറന്നുവിടുന്നതെന്ന് പറയണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. പൊലീസ് ഇടപെട്ട് പ്രതിഷേധക്കാരെ നീക്കി.
പൂർണ ആരോഗ്യവാനാണ് കടുവയെന്ന് ഡി.എഫ്.ഒ പി.കാർത്തിക് പറഞ്ഞു. കൈയ്ക്ക് പരിക്കുള്ളതിനാൽ ചികിത്സയ്ക്കുശേഷം എവിടേക്ക് കൊണ്ടുപോകണമെന്ന് തീരുമാനിക്കും. തൃശൂർ മൃഗശാലയിലേക്ക് മാറ്റുന്ന കാര്യമാണ് പരിഗണിക്കുന്നത്.
മൂന്നാറിൽ കാട്ടാന
കാർ തകർത്തു
മൂന്നാർ: തിങ്കളാഴ്ച രാത്രി 8.30ന് മൂന്നാർ ടൗണിലിറങ്ങിയ കാട്ടാന റോഡരികിൽ നിറുത്തിയിട്ടിരുന്ന കാർ തകർത്തു. ഒറ്റക്കൊമ്പുള്ള കാട്ടാന മൂന്നാർ എസ്.ബി.ഐ ബാങ്കിന് സമീപത്തെ പെട്ടിക്കടയ്ക്ക് പിന്നിലെത്തിയപ്പോൾ സമീപത്ത് ചായ കുടിച്ചുകൊണ്ടിരുന്ന വിനോദ സഞ്ചാരികളും ഗൈഡുകളും ഭയന്നോടി. ബാങ്കിന് സമീപം നിറുത്തിയിട്ടിരുന്ന കാറാണ് കാട്ടാന തകർത്തത്. നാട്ടുകാർ ബഹളം വച്ചതോടെ പിന്തിരിഞ്ഞു. വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി ആനയെ കാട്ടിലേക്ക് തുരത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |