പുൽപ്പള്ളി: വയനാട്ടിൽ കാട്ടാന ആക്രമണത്തിൽ വനംവകുപ്പ് ജീവനക്കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ നാട്ടുകാരുടെ പ്രതിഷേധം സംഘർഷത്തിലേക്ക്. ജനങ്ങൾക്ക് നേരെ പൊലീസ് ലാത്തി വീശി. പൊലീസിന് നേരെ പ്രതിഷേധക്കാർ കുപ്പിയും കല്ലും കസേരയും വലിച്ചെറിഞ്ഞു. എംഎൽഎമാർക്ക് നേരെ വെള്ളം നിറച്ച കുപ്പിയും ഇവർ എറിഞ്ഞു. പൊലീസിന് നേരെ പ്രതിഷേധക്കാർ ഗോ ബാക്ക് വിളികളും നടത്തി. സ്ത്രീകൾ ഉൾപ്പെടെയുള്ളവർ മുൻനിരയിൽ നിന്നാണ് പ്രതിഷേധിക്കുന്നത്. പുൽപ്പള്ളി ബസ്‌സ്റ്റാൻഡിലാണ് മൃതദേഹവുമായി ജനങ്ങൾ പ്രതിഷേധിച്ചത്.
ജനങ്ങൾ ആവശ്യപ്പെട്ട പത്ത് ആവശ്യങ്ങളും അംഗീകരിച്ചു. എന്നാൽ, ഈ വിവരം പറയാനായി ഉദ്യോഗസ്ഥർ എത്തിയപ്പോഴാണ് വൻ സംഘർഷത്തിൽ കലാശിച്ചത്. പല തവണ ഇതുപോലെ പറഞ്ഞു, നടപടിയാണ് ഇക്കാര്യത്തിൽ വേണ്ടതെന്ന് പ്രതിഷേധക്കാർ പറഞ്ഞു. തുടർന്നാണ് ഇവർ അക്രമാസക്തരായത്.
കാട്ടാന ആക്രമണത്തിൽ മരണപ്പെട്ട പോളിന്റെ കുടുംബത്തിന് 50 ലക്ഷം രൂപ ഉടൻ തന്നെ നഷ്ടപരിഹാരമായി നൽകുക. പോളിന്റെ ഭാര്യയ്‌ക്ക് സർക്കാർ ജോലി നൽകുക. കുട്ടിയുടെ ഉപരിപഠനത്തിന്റെ ചെലവ് മുഴുവൻ സർക്കാർ ഏറ്റെടുക്കുക. കുടുംബത്തിന്റെ ലോൺ ഉൾപ്പെടെയുള്ള ബാദ്ധ്യതകളും സർക്കാർ ഏറ്റെടുക്കണം പ്രശ്നമുണ്ടാക്കുന്ന ആനയെ കണ്ടെത്തി മയക്കുവെടി വച്ച് സ്ഥലത്ത് നിന്നും മാറ്റണം തുടങ്ങിയ പത്ത് കാര്യങ്ങളാണ് ജനങ്ങൾ ആവശ്യപ്പെട്ടിരുന്നത്.
പൊലീസിന് നിയന്ത്രിക്കാൻ കഴിയാത്ത രീതിയിൽ ജനങ്ങൾ ബസ്‌സ്റ്റാൻഡ് വളഞ്ഞിരിക്കുകയാണ്. വാക്കുകൾ മാത്രം പോര തീരുമാനം ഉറപ്പാക്കുന്ന രീതിയിൽ നടപടികൾ സ്വീകരിച്ചാൽ മാത്രമേ മൃതദേഹം പോളിന്റെ വീട്ടിലേയ്‌ക്ക് കൊണ്ടുപോകാൻ അനുവദിക്കുകയുള്ളു എന്നാണ് പ്രതിഷേധക്കാർ പറഞ്ഞിരുന്നത്. ആശുപത്രിയിൽ നിന്ന് മാറ്റി മണിക്കൂറുകളായതിനാൽ മൃതദേഹം എത്രയും വേഗം പോളിന്റെ വീട്ടിലേക്ക് മാറ്റണമെന്ന് വൈദികരും ബന്ധുക്കളും ആവശ്യപ്പെട്ടു. തുടർന്ന് പൊലീസിന്റെ സഹായത്തോടെയാണ് മണിക്കൂറുകളോളം നഗരമദ്ധ്യത്തിലുണ്ടായിരുന്ന മൃതദേഹം മാറ്റിയത്. ഇതിന്റെ പേരിൽ ജനങ്ങൾ എംഎൽഎമാരോടടക്കം കയർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |