SignIn
Kerala Kaumudi Online
Wednesday, 23 September 2026 3.56 AM IST

ചണ്ഡിഗർ മേയർ തിരഞ്ഞെ‌ടുപ്പ . സുപ്രീംകോടതി റദ്ദാക്കി:.... 'ജനാധിപത്യ മൂല്യങ്ങളെ നശിപ്പിക്കാൻ അനുവദിക്കില്ല"  കുൽദീപ്‌ കുമാറിനെ മേയറായി പ്രഖ്യാപിച്ചു

supreme-court
supreme court

ന്യൂഡൽഹി: ചണ്ഡിഗർ മേയർ തിരഞ്ഞെടുപ്പിന്റെ ബാലറ്റ് പേപ്പറുകളിൽ ക്രമക്കേട് കണ്ടെത്തിയ സുപ്രീംകോടതി ആം ആദ്മി പാർട്ടി സ്ഥാനാർത്ഥി കുൽദീപ്‌ കുമാറിനെ മേയറായി പ്രഖ്യാപിച്ചു. വരണാധികാരിയുടെ നടപടിയിലൂടെ ജനാധിപത്യ മൂല്യങ്ങളെ
നശിപ്പിക്കാൻ അനുവദിക്കില്ലെന്നും, തിരഞ്ഞെടുപ്പ് റദ്ദാക്കില്ലെന്നും കോടതി പറഞ്ഞു. ബി.ജെ.പി സ്ഥാനാർത്ഥി മനോജ് സൊങ്കറിനെ വിജയിയായി പ്രഖ്യാപിച്ച വരണാധികാരിയുടെ നടപടി നിയമവിരുദ്ധമാണെന്ന് കണ്ടെത്തി റദ്ദാക്കി. സവിശേഷാധികാരമാണ് സുപ്രീംകോടതി പ്രയോഗിച്ചത്. വിധി ബി.ജെ.പിക്ക് തിരിച്ചടിയായി.

ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ചിന്റേതാണ് സുപ്രധാന ഉത്തരവ്. പ്രിസൈഡിംഗ് ഓഫീസർ അനിൽ മസിഹ് ആം ആദ്മി സ്ഥാനാർത്ഥിക്ക് അനുകൂലമായ എട്ട് ബാലറ്റ് പേപ്പറുകളിൽ മനഃപൂർവം മാറ്റം വരുത്തിയെന്നും കോടതി കണ്ടെത്തി. ഇവയും കോടതി ഇന്നലെ പരിശോധിച്ചു. ഇതുകൂടി ചേർത്തപ്പോൾ കുൽദീപ്‌ കുമാറിന് 20 വോട്ട് ലഭിച്ചു. തുടർന്നാണ് മേയറെ പ്രഖ്യാപിച്ചത്.

ജനുവരി 30ന് നടന്ന തിരഞ്ഞെടുപ്പിൽ ആകെയുള്ള 36 വോട്ടിൽ 28 എണ്ണമേ ചെയ്തിരുന്നുള്ളൂ. ബി.ജെ.പി 16ഉം, ആം ആദ്മി 12 ഉം നേടിയെന്നായിരുന്നു വരണാധികാരി അറിയിച്ചത്. തുടർന്നാണ് കുൽദീപ്‌ കുമാർ സുപ്രീംകോടതിയെ സമീപിച്ചത്.

 'കക്ഷികൾക്ക് സമ്പൂർണ നീതി"

സുപ്രീംകോടതി അപൂർവമായി പ്രയോഗിക്കുന്നതാണ് ഭരണഘടനയിലെ അനുച്ഛേദം 142 പ്രകാരം നൽകിയിരിക്കുന്ന സവിശേഷാധികാരം. കക്ഷികൾക്ക് സമ്പൂർണ നീതി ഉറപ്പാക്കാനാണിത്. ചണ്ഡിഗർ തിരഞ്ഞെടുപ്പിലും അനുച്ഛേദം 142 ഉപയോഗിച്ചു. അയോദ്ധ്യ ശ്രീരാമക്ഷേത്ര നിർമ്മാണം, രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളന്റെ ജയിൽമോചനം തുടങ്ങിയവയിലും ഇത് പ്രയോഗിച്ചിരുന്നു.

 വരണാധികാരിക്ക് കാരണം കാണിക്കൽ നോട്ടീസ്

പ്രിസൈഡിംഗ് ഓഫീസർ അനിൽ മസിഹ് വ്യാജ പ്രസ്താവന നടത്തിയെന്ന് കോടതി കണ്ടെത്തി. ഇയാളെ പ്രോസിക്യൂട്ട് ചെയ്യുന്നതിന് മുന്നോടിയായി ക്രിമിനൽ നടപടിക്രമം അനുസരിച്ച് കാരണം കാണിക്കൽ നോട്ടീസ് നൽകി. മൂന്നാഴ്ചയ്‌ക്കകം മറുപടി നൽകണം.

'കഷ്ടമേറിയ കാലത്ത് ജനാധിപത്യത്തെ സംരക്ഷിച്ച സുപ്രീംകോടതിക്ക് നന്ദി".

- അരവിന്ദ് കേജ്‌രിവാൾ, ഡൽഹി മുഖ്യമന്ത്രി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, CHANDIGARH SC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360