കോഴിക്കോട്: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ശക്തമായ മത്സരം കാഴ്ചവയ്ക്കുമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. എൻ.ഡി.എയ്ക്ക് മേൽക്കൈയുള്ള തിരഞ്ഞെടുപ്പായിരിക്കും. വയനാട്ടിലെ സ്ഥാനാർത്ഥി നിർണയത്തിൽ എല്ലാ സാദ്ധ്യതകളും പ്രയോജനപ്പെടുത്തും. മുഴുവൻ മണ്ഡലങ്ങളിലും മികച്ച സ്ഥാനാർത്ഥികളെ രംഗത്തിറക്കുമെന്നും കേരള പദയാത്രയോടനുബന്ധിച്ച് നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
വയനാട്ടിൽ വന്യജീവി ആക്രമണത്തിൽ നിരപരാധികൾ മരിച്ചുവീണിട്ടും മുഖ്യമന്ത്രി തിരിഞ്ഞുനോക്കിയില്ല. ഒരു നടപടിയും സർക്കാർ എടുത്തില്ല. കേന്ദ്രം നൽകിയ തുക ശരിയായ വിധത്തിൽ വിനിയോഗിച്ചില്ല. ഉദ്യോഗസ്ഥർക്ക് ഉന്നത സാങ്കേതിക സംവിധാനങ്ങൾ പരിശീലിപ്പിക്കാൻ സംവിധാനമില്ല. സാറ്റ്ലൈറ്റ് സംവിധാനങ്ങൾ പരാജയപ്പെട്ടു. എല്ലാം കഴിഞ്ഞിട്ട് മന്ത്രിസംഘം പോയിട്ട് കാര്യമില്ല. നഷ്ടപരിഹാരം നൽകുന്നതിലും സർക്കാർ പരാജയപ്പെട്ടു.
വയനാടിന്റെ കാര്യത്തിൽ ഇടപെടണമെന്ന് കേന്ദ്രവനം- പരിസ്ഥിതി മന്ത്രി ഉപേന്ദ്രയാദവിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തിൽ അനുകൂല നിലപാടാണ് കേന്ദ്രം സ്വീകരിച്ചിരിക്കുന്നത്. അഞ്ച് കോടി രൂപയുടെ എം.പി ഫണ്ട് വിതരണം ചെയ്തതല്ലാതെ വയനാടിന്റെ വികസനത്തിന് ഒന്നും ചെയ്യാത്ത എം.പിയാണ് രാഹുൽഗാന്ധി. കഴിഞ്ഞ അഞ്ച് വർഷവും വയനാട്ടിലെ ഒരു വിഷയവും രാഹുൽഗാന്ധി പാർലമെന്റിൽ അവതരിപ്പിച്ചിട്ടില്ല. സപ്ലൈകോയിൽ നിത്യോപയോഗ സാധനങ്ങളുടെ സബ്സിഡി കുറച്ച് വിലക്കയറ്റത്തിന് വഴിയൊരുക്കി. വിലക്കയറ്റം തടയാൻ ഒരു നടപടിയും സ്വീകരിക്കാത്ത സംസ്ഥാന സർക്കാർ ഭാരത് അരി വിതരണം തടയാനാണ് ശ്രമിക്കുന്നത്. മുഖ്യമന്ത്രിയും മകളും പ്രതിയായുള്ള മാസപ്പടി കേസ് അട്ടിമറിക്കാനാണ് സർക്കാരിന് താത്പര്യമെന്നും സുരേന്ദ്രൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |