SignIn
Kerala Kaumudi Online
Tuesday, 22 September 2026 9.03 AM IST

മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി മനോഹർ ജോഷി അന്തരിച്ചു

READ ENGLISH VERSION
manohar-joshi

മുംബയ്: മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയും ശിവസേനയുടെ മുതിര്‍ന്ന നേതാവുമായിരുന്ന മനോഹർ ജോഷി (86) അന്തരിച്ചു. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെ ഹിന്ദുജ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുകയായിരുന്നു. സംസ്കാരം ഇന്ന് വൈകിട്ട് മുംബയിലെ ശിവാജി പാർക്ക് ശ്മശാനത്തിൽ നടക്കും.


ബുധനാഴ്ചയാണ് ജോഷിയെ മുംബയിലെ പി ഡി ഹിന്ദുജ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 1972ൽ മഹാരാഷ്ട്ര ലെജിസ്‌ലേറ്റീവ് കൗൺസിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം മൂന്ന് തവണ ലെജിസ്‌ലേറ്റീവ് കൗൺസിലിൽ സേവനമനുഷ്ഠിച്ച ശേഷം 1990ൽ മഹാരാഷ്ട്ര നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.1990-91 കാലത്ത് മഹാരാഷ്ട്ര നിയമസഭയിലെ പ്രതിപക്ഷ നേതാവായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1995 മുതൽ 1999 വരെ മഹാരാഷ്ട്ര മുഖ്യമന്ത്രിയായിരുന്നു. 1999ലെ പൊതുതിരഞ്ഞെടുപ്പിൽ മുംബയ്‌ നോർത്ത് സെൻട്രൽ ലോക്‌സഭാ മണ്ഡലത്തിൽ നിന്ന് ശിവസേന ടിക്കറ്റിൽ മത്സരിച്ച് വിജയിച്ച അദ്ദേഹം 2002 മുതൽ 2004വരെ ലോക്‌സഭാ സ്പീക്കറായി പ്രവര്‍ത്തിച്ചിട്ടുണ്ട്. അദ്ധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ച മനോഹർ ജോഷി 1967ലാണ് രാഷ്ട്രീയത്തിൽ പ്രവേശിച്ചത്. 40 വർഷത്തോളം ശിവസേനയുടെ ഭാഗമായിരുന്നു. 1968-70 കാലത്ത് മുംബയിൽ മുനിസിപ്പൽ കൗൺസിലറും 1970ൽ സ്റ്റാൻഡിംഗ് കമ്മിറ്റി (മുനിസിപ്പൽ കോർപ്പറേഷൻ) ചെയർമാനുമായിരുന്നു.1976-77 വരെ മുംബയ് മേയറായും പ്രവർത്തിച്ചു.


1937 ഡിസംബർ രണ്ടിന് മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിലെ നന്ദ്വിയിൽ ജനിച്ച ജോഷി മുംബയിലായിരുന്നു വിദ്യാഭ്യാസം നേടിയത്. ഭാര്യ അനഘ ജോഷി. 2020ലാണ് അനഘ മരിച്ചത്. ഒരു മകനും രണ്ട് പെണ്‍മക്കളുമാണ് ദമ്പതികള്‍ക്കുള്ളത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, MANOHAR JOSHI, MAHARASHTRA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360