കൊച്ചി: തുടർപരാജയങ്ങളിൽ വീണുപോയ കേരള ബ്ലാസ്റ്റേഴ്സ് ഉയിർപ്പ് തേടി ഇന്ന് സ്വന്തം തട്ടകത്തിലിറങ്ങും. പരിക്കിന്റെ പിടിയിലമർന്ന ടീമിന് ഇനിയുള്ള മത്സരങ്ങളെല്ലാം നിർണായകമാണ്. സമനിലപോലും ആഗ്രഹിക്കാത്ത മനസുമായാകും ബ്ലാസ്റ്റേഴ്സ് താരങ്ങൾ ബുട്ടുകെട്ടുക. കരുത്തരായ എഫ്.സി ഗോവയാണ് മഞ്ഞക്കോട്ടയിലെ എതിരാളി. കിക്കോഫ് രാത്രി 7.30ന്.
സീസണിന്റെ ആദ്യഘട്ടത്തിൽ ഒന്നാം സ്ഥാനക്കാരായിരുന്നു ബ്ലാസ്റ്റേഴ്സ്. രണ്ടാം പാതിയിൽ പക്ഷേ കാലിടറി. കഴിഞ്ഞ മൂന്ന് മത്സരങ്ങളിലും പരാജയപ്പെട്ടു. ഒഡീഷയോട് 2-1നും പഞ്ചാബിനോട് 3-1നും ചെന്നൈയോട് 1-0നുമാണ് തോറ്റത്. തുടർപരാജയങ്ങൾക്ക് പിന്നാലെ പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു. 15 മത്സരങ്ങളിൽ നിന്ന് 26 പോയിന്റാണ് ബ്ലാസ്റ്റേഴ്സിന്റെ സാമ്പാദ്യം. സൂപ്പർ താരങ്ങളുടെ പരിക്കാണ് ടീമിനേറ്റ തിരച്ചടികൾക്ക് കാരണം.
ഒരു ഡസൺ താരങ്ങൾ പരിക്കിന്റെ പിടിയിൽ നിൽക്കെയാണ് ബ്ലാസ്റ്റേഴ്സ് ഗോവയ്ക്കെതിരെ ഇറങ്ങുന്നത്. വരാനിരിക്കുന്ന മത്സരങ്ങളിൽ ഫോമിലേക്ക് മടങ്ങിയെത്തിയില്ലെങ്കിൽ ഇക്കുറിയും വെറും കൈയ്യോടെ മടങ്ങേണ്ടി വരും. പരിക്കുമാറി ഗ്രീക്ക് താരം ദിമിത്രിയോ ഡെമന്റക്കോസ് മടങ്ങിയെത്തുന്നത് ടീമിന് പ്രതീക്ഷ നൽകുന്നു. ലിത്വാനിയൻ താരം സെർനിച്ചാകും ഡെമെന്റക്കോസിനൊപ്പം മന്നേറ്റത്തിൽ അണിനിരക്കുക. മദ്ധ്യനിര താരം വിപിൻ മോഹനും ആദ്യ ഇലവനിൽ മടങ്ങി എത്തുന്നതോടെ കളിമാറും. പരിക്കു മൂലം മാസങ്ങളായി വിബിൻ കളത്തിനുപുറത്തായിരുന്നു.
കെ.പി. രാഹുൽ, മുഹമ്മദ് അയ്മൻ, നിഹാൽ സുധീഷ്, ഡെയ്‌സൂകി സകായ് എന്നിവരുടെ ഒത്തിണക്കം പ്രതീക്ഷ പകരുന്നു. കഴിഞ്ഞ കളിക്കിടെ പരിക്കേറ്റ മലയാളി ഗോൾ കീപ്പർ സച്ചിൻ സുരേഷ് കളിക്കളത്തിൽ നിന്ന് പുറത്താണ്. സച്ചിന് പകരം കരൺജിത് സിംഗാകും മഞ്ഞപ്പടയുടെ വല കാക്കുക. ഈ സീസണിൽ ആദ്യമായാണ് സച്ചിൻ സുരേഷ് ഇല്ലാതെ ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുന്നത്. ലൂണയുടെ അഭാവത്തിൽ ടീമിനെ നയിക്കുന്ന ക്രൊയേഷ്യൻ സെന്റർബാക്ക് താരം മാർക്കോ ലെസ്‌കോവിച്ചിന് ചെന്നൈയിന് എതിരായ കളിക്കിടെ പരിക്ക് പറ്റിയിരുന്നു. താരവും ഗോവയ്‌ക്കെതിരെ കളിക്കില്ലെന്നാണ് സൂചന. അങ്ങനെയെങ്കിൽ ഇന്ത്യൻ താരം ഹോർമിപാം ഇലവനിൽ എത്തിയേക്കും.
തുടർ തോൽവി രുചിച്ചാണ് കരുത്തരായ ഗോവയുടെയും വരവ്. നോർത്ത് ഈസ്റ്റിന് മുന്നിലാണ് ടീം ഒടുവിൽ മുട്ടുമടക്കിയത്. നോർത്ത് ഈസ്റ്റിനെതിരെ ഇറങ്ങിയ ടീമിൽ കാര്യമായ മറ്റങ്ങളൊന്നും കോച്ച് മോണോലെ മാർക്കസ് വരുത്തിയേക്കില്ല. 28 പോയിന്റുള്ള ടീം പോയിന്റ് പട്ടികയിൽ ബ്ലാസ്റ്റേഴ്സിന് തൊട്ടു മുന്നിലായി നാലാം സ്ഥാനത്താണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |