SignIn
Kerala Kaumudi Online
Thursday, 19 February 2026 4.36 AM IST

ഗഗൻയാൻ സംഘത്തിൽ എന്തുകൊണ്ട് ഒരു വനിതയില്ല; ഇന്ത്യയുടെ ആദ്യ മനുഷ്യ ബഹിരാകാശ ദൗത്യത്തിൽ പുരുഷൻമാരെ മാത്രം തിരഞ്ഞെടുത്തതിന് കാരണമുണ്ട്

Increase Font Size Decrease Font Size Print Page
gaganyaan-mission

ന്യൂ‌ഡൽഹി: ഇന്ത്യയുടെ സ്വപ്‌ന പദ്ധതിയായ ഗഗൻയാൻ സംഘത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിദ്ധ്യത്തിൽ ഐഎസ്ആർഒ പ്രഖ്യാപിച്ചിരിക്കുകയാണ്. ഗ്രൂപ്പ് ക്യാപ്‌ടൻ പ്രശാന്ത് ബാലകൃഷ്‌ണൻ നായർ, ഗ്രൂപ്പ് ക്യാപ്‌ട‌ൻ അജിത് കൃഷ്‌ണൻ, ഗ്രൂപ്പ് ക്യാപ്‌ടൻ അംഗദ് പ്രതാപ്, വിംഗ് കമാൻഡർ ശുഭാൻഷു ശുക്ള എന്നിവരാണ് ഗഗൻയാൻ ദൗത്യത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവർ. എന്നാൽ ഇവരിൽ എന്തുകൊണ്ട് ഒരു വനിതയില്ലെന്ന ചോദ്യം പലരും ഉയർത്തിയിരുന്നു. ഇതിന് മറുപടി നൽകുകയാണ് ഐ എസ് ആർ ഒ ചെയർമാൻ എസ് സോമനാഥ്.

'വരുംകാലങ്ങളിൽ ഐ എസ് ആർ ഒ മിഷനുകളുടെ ഭാഗമായി വനിതാ ബഹിരാകാശയാത്രികർ ബഹിരാകാശത്ത് എത്തും. അധികം താമസിയാതെതന്നെ ഇന്ത്യയ്ക്ക് മിഷൻ സ്‌പെഷ്യലിസ്റ്റുമാരെ ആവശ്യമായി വരും. ഇതിൽ ബഹിരാകാശ യാത്രികരായി വനിതകളും ഉണ്ടാവും. എന്നാൽ ഗഗൻയാനിന്റെ ആദ്യ മിഷനുകളിൽ തിരഞ്ഞെടുക്കപ്പെട്ട, പരിശീലനം ലഭിച്ചവരെയായിരിക്കും പരിഗണിക്കുക'- എസ് സോമനാഥ് വ്യക്തമാക്കി.

ബഹിരാകാശയാത്രികരെ തിരഞ്ഞെടുക്കുന്ന രീതിയാണ് ഗഗൻയാൻ സംഘത്തിൽ വനിതകൾ ഉൾപ്പെടാതെ വന്നതിലുള്ള കാരണമായി വ്യക്തമാക്കുന്നത്. ലോകമെമ്പാടും കന്നി ദൗത്യങ്ങൾക്കായി ബഹിരാകാശയാത്രികരെ ടെസ്റ്റ് പൈലറ്റുമാരുടെ കൂട്ടത്തിൽ നിന്നാണ് തിരഞ്ഞെടുക്കുന്നത്. തിരഞ്ഞെടുപ്പ് പ്രക്രിയ നടക്കുമ്പോൾ ഇന്ത്യക്ക് ഒരു വനിതാ ടെസ്റ്റ് പൈലറ്റ് ഇല്ലായിരുന്നു. ഉയർന്ന വൈദഗ്ധ്യമുള്ള വൈമാനികരെയാണ് ടെസ്റ്റ് പൈലറ്റുമാരായി തിരഞ്ഞെടുക്കുന്നത്. അടിയന്തര ഘട്ടങ്ങളിൽ പോലും പരിഭ്രാന്തരാകാതെ ശാന്തരായി കാര്യങ്ങൾ കൈകാര്യം ചെയ്യാൻ പരിശീലനം ലഭിച്ചവരായിരിക്കും ഇവർ.

ഭാവി മിഷനുകളിൽ വനിതകളും ഉൾപ്പെടുമെന്ന് വി എസ് എസ് സി ഡയറക്‌ടർ ഡോ.ഉണ്ണികൃഷ്ണൻ നായരും പറഞ്ഞു. ഐ എസ് ആർ ഒയിൽ ലിംഗവിവേചനമില്ലെന്നും കഴിവുകൾ മാത്രമാണ് മാനദണ്ഡമാകുന്നതെന്നും ഡോ. ഉണ്ണികൃഷ്ണൻ വ്യക്തമാക്കി.

ഇന്ത്യൻ എയർഫോഴ്‌സുമായി ചേർന്നാണ് ഐഎസ്ആർഒ ഗഗൻയാൻ പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. പ്രാഥമികമായി ക്ളിനിക്കൽ ടെസ്‌റ്റ്, എയറോ മെഡിക്കൽ ടെസ്‌റ്റ്, സൈക്കളോജിക്കൽ ടെസ്‌റ്റ് എന്നിവയ‌്ക്ക് വിധേയരായവരിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട നാലുപേരാണ് പ്രശാന്തും മറ്റുള്ളവരും. നാഷണൽ ക്രൂ സെലക്ഷൻ ബോർഡാണ് അവരെ ശുപാർശ ചെയ‌്തത്.

റഷ്യയിലെ യൂറി ഗഗാറിൻ കോസ്‌മനോറ്റ് ട്രെയിനിംഗ് സെന്ററിലാണ് നാലുപേർക്കും പരിശീലനം നൽകിയത്. 13 മാസമായിരുന്നു റഷ്യയിലെ പരിശീലനം. ബഹിരാകാശ ദൗത്യത്തിലെ വിവിധങ്ങളായ ഘട്ടങ്ങൾ ഇവിടെ പരിശീലിക്കപ്പെട്ടു. പാരബോളിക് ഫ്ളൈറ്റ്, സർവൈവൽ ട്രെയിനിംഗ് ഇൻ ഓഫ് നോമിനൽ സ്നോ, ഡെസേർട്ട്- വാട്ടർ ലാൻഡിംഗ് എന്നിവയിൽ വിദ‌‌ഗ്‌ദ്ധ പരിശീലനം നേടി. റഷ്യയിലെ പരിശീലനത്തിന് പിന്നാലെ ഐഎസ്ആർഒയിലെ ഹ്യൂമൻ സ്പേസ് ഫ്ളൈറ്റ് സെന്ററിലും കഠിനമായ ട്രെയിനിംഗ് നൽകി. ശാരീരിക വ്യായാമ മുറകൾ, നീന്തൽ, യോഗ എന്നിവയും പരിശീലിപ്പിച്ചതിന് ശേഷമാണ് ഗഗൻയാൻ ദൗത്യത്തിലേക്ക് സംഘത്തെ സജ്ജമാക്കി മാറ്റിയത്.

TAGS: NEWS 360, NATIONAL, NATIONAL NEWS, GAGANYAAN MISSION, INDIAS FIRST HUMAN SPACE FLIGHT MISSION, NO WOMAN, REASON, ISRO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY