SignIn
Kerala Kaumudi Online
Saturday, 27 July 2024 6.20 AM IST

കടലിൽ കരുത്തു കൂടും

harikumar

നാവികസേനാ മേധാവിയായ ആദ്യ മലയാളി,​ തിരുവനന്തപുരം സ്വദേശി അഡ്‌മിറൽ ആർ. ഹരികുമാർ സംസാരിക്കുന്നു

-----------------------------

 നാവികസേന മാറ്റത്തിന്റെ പാതയിലാണോ?​

2030ൽ- രാജ്യം ലോകത്തെ വലിയ മൂന്നാമത്തെ സാമ്പത്തിക ശക്തിയാവുകയാണ്. അമൃത്കാൽ പദ്ധതികളുടെ ഫലമായി സ്വാതന്ത്ര്യത്തിന്റെ നൂറാം വർഷമായ 2047-ൽ ഇന്ത്യ വികസിത രാജ്യമായി മാറും. അതുപോലെ നാവികസേനയും പൂർണമായി ആത്മനിർഭർ ആയി മാറുകയാണ്. 2047ലോ അതിനു മുൻപോ ഇതു സംഭവിക്കും. ഇതിനുള്ള റൂട്ട്മാപ്പ് തയ്യാറാക്കിയിട്ടുണ്ട്. രാജ്യത്തിന്റെ പുരോഗതിക്കൊപ്പം നേവിയും മാറുകയാണ്.

നാവികസേനയിൽ കോളനികാലത്തെ രീതികളെല്ലാം മാറ്റി. ഫ്ലാഗ്, റാങ്കുകൾ എന്നിവയിലെല്ലാം മാറ്റം വരുത്തി. നേവി ആക്ടും കാലോചിതമായി പരിഷ്കരിച്ചു. ബ്രിട്ടീഷുകാർ 30 വർഷം മുൻപ് അവരുടെ നിയമങ്ങൾ പരിഷ്കരിച്ചിട്ടും ഇവിടെ അതേപടി തുടരുകയായിരുന്നു. ഛത്രപതി ശിവജിയുടെ പൈതൃകം ഉൾക്കൊണ്ട് നമ്മൾ മുന്നോട്ടുപോവുന്നു. നാവികസേനയെ ആധുനികവും സമകാലികവുമായി നവീകരിക്കുന്നു.

സേനയിലും സ്വയംപര്യാപ്തത വരികയാണോ?​

ആത്മനിർഭർ ആയി മാറുകയാണ് സേന. കഴിഞ്ഞ പത്തു വർഷത്തിനിടെ 33 കപ്പലുകളും അന്തർവാഹിനികളും നിർമ്മിച്ചു. നിർമ്മാണത്തിലുള്ള 66-ൽ 64 കപ്പലുകളും തദ്ദേശീയമായുണ്ടാക്കുന്നു. സേനയുടെ നവീകരണത്തിന് ഇടത്തരം- ചെറുകിട വ്യവസായങ്ങൾ, സ്റ്റാർട്ടപ്പുകൾ എന്നിവയുമായി കൈകോർത്തു. അവർ മികച്ച ആശയങ്ങളും സാങ്കേതികവിദ്യയും ഉപകരണങ്ങളും നൽകുന്നു. ‌

സ്വാവലംബൻ സെമിനാറുകളും ആത്മനിർഭർ ലക്ഷ്യത്തിനായി നടത്തുന്നു. 1100 വ്യവസായ യൂണിറ്റുകളുമായി കൈകോർത്ത സേന 2000 കോടിയിലേറെ ഓർഡറുകളും നൽകി. ഇതെല്ലാം ആത്മനിർഭർ ഭാരതിന്റെ പാതയിലുള്ളവയാണ്. നവീകരണത്തിനായി ഐ.ഐ.ടികളുമായും സഹകരിക്കുന്നുണ്ട്. ആത്മനിർഭർ ഭാരതിന്റെ ഭാഗമായി സേനയ്ക്കാവശ്യമായ കപ്പലുകളും അന്തർവാഹിനികളും വിമാനങ്ങളും ആയുധങ്ങളും ഇന്ത്യയിൽത്തന്നെ നിർമ്മിക്കും. ഇവയ്ക്കാവശ്യമായ ഭൂരിഭാഗം ഘടകഭാഗങ്ങളും തദ്ദേശീയമായി നിർമ്മിക്കും.

 അഗ്നിപഥ് പദ്ധതി വിജയകരമാണോ?​

അഗ്നിപഥ് പദ്ധതി നാവികസേനയിൽ ഫലപ്രദമായി നടപ്പാക്കുന്നു. ഏഴു വർഷം കൊണ്ട് നാവികസേനയിൽ 45 ശതമാനം പേരും അഗ്നിവീറുകളായിരിക്കും. ഇതിൽ 25ശതമാനം പേരെ സ്ഥിരപ്പെടുത്തും. നിലവിൽ സേനയിലെ ശരാശരി പ്രായം 32 എന്നത് 26 ആയി കുറയും. അന്തർവാഹിനികളിലും മറൈൻ കമാൻഡോകളിലുമടക്കം സേനയുടെ എല്ലാ വിഭാഗങ്ങളിലും വനിതകളെ നിയോഗിച്ചു കഴിഞ്ഞു. ഇപ്പോൾ 11,​024 വനിതകളാണുള്ളത്. സേനയിൽ ആൺ- പെൺ വേർതിരിവുകളില്ല. ആദ്യ വനിതാ കമാൻഡിംഗ് ഓഫീസറെയും നിയമിച്ചുകഴിഞ്ഞു.

അഗ്നിവീർ വളരെ നല്ല പദ്ധതിയാണ്. മികച്ച പ്രതികരണമാണ് യുവാക്കളിൽ നിന്ന് ലഭിക്കുന്നത്. അവരെ പ്രചോദിപ്പിക്കാനുമായി. നാവികസേനയിൽ അഗ്നിവീർ മൂന്ന് ബാച്ചുകളായി. വനിതകളെയും റിക്രൂട്ട് ചെയ്യുന്നു.

 സേനാംഗങ്ങളുടെ ക്ഷേമം?​

സെയിലർമാരുടെ തൊഴിൽ സംതൃപ്തിയും പ്രശ്നങ്ങളും അറിയാൻ ഡിജിറ്റൽ ഫീഡ്ബാക്ക് സിസ്റ്റം നടപ്പാക്കി. ആറുമാസത്തിലൊരിക്കൽ സെയിലർമാർക്ക് ഇതിൽ വിവരം നൽകാം. സേനാംഗങ്ങൾ സന്തുഷ്ടരാണോ എന്ന് ഇതിലൂടെ അറിയാനാവും. ഓഫീസർമാരെയും തുടർച്ചയായി വിലയിരുത്തുന്നുണ്ട്. അവരുടെ നേതൃപാടവം ഗുണകരമാണോ ദോഷമാണോ എന്ന് ഇതിലൂടെ അറിയാം.

വിരമിച്ചവരുടെ പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാക്കാൻ ഏകജാലക സംവിധാനമുണ്ടാക്കും. ചികിത്സാ, പെൻഷൻ കാര്യങ്ങൾ ശരിയാക്കാൻ പല സ്ഥലത്ത് ഓടേണ്ടിവരില്ല. പൊതുസമൂഹവുമായി ആശയവിനിമയത്തിന് സമൂഹ വെബ്സൈറ്റും ആപ്ലിക്കേഷനും വികസിപ്പിക്കും. ഇതിലൂടെ ജനങ്ങൾക്ക് ആശയങ്ങൾ കൈമാറാനുമാവും. ആറുമാസം മുതൽ ആറു വയസുവരെയുള്ള കുട്ടികളിലെ വൈകല്യം കണ്ടെത്താൻ ഏർളി ഇന്റർവെൻഷൻ സെന്ററുകൾ തുടങ്ങും. മെഡിക്കൽ, ഡെന്റൽ കോഴ്സുകളിലടക്കം പ്രവേശനത്തിനും ഫീസിളവിനും യൂണിവേഴ്സിറ്റികളുമായും കോളേജുകളുമായും ധാരണാപത്രമൊപ്പിടും. ഇരുപതെണ്ണം ഇതിനകം ഒപ്പിട്ടു.

 വിഴിഞ്ഞത്ത് സേനാതാവളം വരുമോ?​

അന്താരാഷ്ട്ര കണ്ടെയ്നർ തുറമുഖമായ വിഴിഞ്ഞത്തെ സാദ്ധ്യതകൾ പ്രയോജനപ്പെടുത്താനും നാവികസേനയുടെ ആവശ്യങ്ങൾക്ക് ഉപയോഗിക്കാനും അദാനി ഗ്രൂപ്പുമായി ചർച്ചകൾ തുടങ്ങിയിട്ടുണ്ട്. ഇതിനുള്ള ധാരണാപത്രം ഒപ്പിട്ടിട്ടില്ല. തിരുവനന്തപുരത്ത് നാവിക താവളം ഇപ്പോൾ പരിഗണനയിൽ ഇല്ല. വളരെയടുത്തുള്ള കൊച്ചിയിൽ നിന്നാവും നാവികസേനാ ദൗത്യങ്ങൾ നടത്തുക.

 മൂന്നാം വിമാനവാഹിനി കപ്പൽ എന്നുണ്ടാവും?​

നാവികസേനയ്ക്കായി തദ്ദേശീയമായി നിർമ്മിക്കുന്ന മൂന്നാം വിമാനവാഹിനി കപ്പൽ അല്പം വൈകും. ലോകോത്തര സാങ്കേതിക വിദ്യകളും അത്യാധുനിക ആയുധങ്ങളും ശത്രുവിന്റെ ആയുധങ്ങൾ തിരിച്ചറിയാനുള്ള സെൻസറുകളും ആളില്ലാ വിമാനങ്ങളുമെല്ലാം ഉൾപ്പെടുത്തിയാവും പുതിയ വിമാനവാഹിനി കപ്പൽ. ഇതിന് കുറച്ചുകൂടി സമയമെടുക്കും. കൊച്ചി കപ്പൽശാലയ്ക്ക് വിമാനവാഹിനി നിർമ്മിക്കാനുള്ള വൈദഗ്ദ്ധ്യമുണ്ട്. സേനയ്ക്കുള്ള റഫേൽ യുദ്ധവിമാനങ്ങൾ വൈകും.

ബോക്സ് മാറ്റർ

നയിച്ചത് അഞ്ച് പടക്കപ്പലുകൾ

 ഐ.എൻ.എസ് വിരാട് അടക്കം അഞ്ച് പടക്കപ്പലുകളെ നയിച്ച അനുഭവസമ്പത്തുണ്ട്,​ ഹരികുമാറിന്. കടലിൽ ശത്രുക്കപ്പലുകൾ അടക്കമുള്ള ലക്ഷ്യങ്ങളെ ആക്രമിച്ചു തകർക്കുന്ന യുദ്ധതന്ത്രത്തിൽ വിദഗ്ദ്ധൻ. കടൽ യുദ്ധതന്ത്രത്തിലെ മികവിന്റെ അംഗീകാരമായി സീഷെൽസ് സർക്കാരിന്റെ നേവൽ ഉപദേശക പദവി ലഭിച്ചു.

 1992-93 കാലത്ത് സൊമാലിയൻ തലസ്ഥാനമായ മൊഗാദിഷുവിൽ യു.എൻ സമാധാന ദൗത്യസംഘത്തിന്റെ ഭാഗമായിരുന്നു. ഐ.എൻ.എസ് ദ്രോണാചാര്യയിൽ ട്രെയിനിംഗ് കമാൻഡർ, ഗോവ നേവൽ വാർ കോളേജിന്റെ കമാൻഡർ പദവികളിൽ ഇന്ത്യയുടെ ഭാവി നേവൽ ഓഫീസർമാരുടെ പരിശീലന ചുമതലയും വഹിച്ചിട്ടുണ്ട്.

 2021 നവംബറിലാണ് ഹരികുമാർ നാവികസേനാ മേധാവി ആയത്. 2024 വരെ അദ്ദേഹത്തിന് തുടരാം. നേരത്തേ മുംബയ് ആസ്ഥാനമായ വെസ്റ്റേൺ നേവൽ കമാൻഡ് മേധാവിയായിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: R HARIKUMAR
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.