SignIn
Kerala Kaumudi Online
Friday, 19 September 2025 6.46 AM IST

ആഗോള അയ്യപ്പസംഗമം ശനിയാഴ്ച, വിശ്വതീർത്ഥാടനത്തിന് വേദിയൊരുങ്ങുമ്പോൾ

Increase Font Size Decrease Font Size Print Page
ayyappa

മണ്ണിലും മനസിലും നൈർമല്യം പകരുന്ന സമഭാവനയുടെ സങ്കല്പം ആഴത്തിൽ കോർത്തിണക്കിയിട്ടുള്ള ശബരിമല പോലെ മറ്റൊരു ആരാധനാലയം ലോകത്തില്ല. ഒരു സാധാരണ ക്ഷേത്രസങ്കേതത്തിലേക്ക് എന്നതു പോലെ ജനസഹസ്രങ്ങൾ ഒത്തുചേരുന്ന ഒന്നല്ല ശബരിമല തീർത്ഥാടനം. ലോകത്തിന് മതമൈത്രിയുടെ മഹദ്സന്ദേശം പകർന്നു നൽകുന്ന മഹാതീർത്ഥാടന കേന്ദ്രം കൂടിയാണത്. ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നെത്തുന്ന നാനാജാതി മതസ്ഥരായ ഭക്തർ പങ്കുവയ്ക്കുന്ന മൈത്രിയുടെ സഹോദര്യഭാവമാണ് ഈ സങ്കേതം പകർന്നു നൽകുന്ന സന്ദേശം.

ശബരിമല സന്നിധാനത്ത് ഒരുവട്ടമെങ്കിലും പോയിട്ടുള്ളവരുടെ മനസിൽ തെളിഞ്ഞു നിൽക്കുന്നതാണ് ക്ഷേത്രത്തിനു മുൻഭാഗത്ത് എഴുതിയിരിക്കുന്ന തത്വമസി എന്ന വാക്യം. മലയാളത്തിൽ,​ 'അത് നീയാകുന്നു" എന്ന് അർത്ഥം. അഹങ്കാരവും അറിവില്ലായ്മയുമെല്ലാം ഇല്ലാതായി ഈശ്വരനും ഭക്തനും ഒന്നാകുന്ന സമത്വത്തിന്റെ പുണ്യം ലോകമൊട്ടാകെ എത്തിക്കുകയാണ് ആഗോള അയ്യപ്പ സംഗമത്തിലൂടെ ലക്ഷ്യമിടുന്നത്.

1950-ൽ സ്ഥാപിതമായ തിരുവിതാംകൂർ ദേവസ്വം ബോർഡ് കേരളത്തിലുടനീളമുള്ള 1200 ലധികം ക്ഷേത്രങ്ങളുടെ ആത്മീയവും സാംസ്‌കാരികവും ചരിത്രപരവുമായ മൂല്യങ്ങളെയും ആചാരാനുഷ്ഠാനങ്ങളെയും സംരക്ഷിച്ചുകൊണ്ട് പ്രവർത്തിച്ചു വരുന്ന സ്ഥാപനമാണ്. ദേവസ്വം ബോർഡിന്റെ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് ദേവസ്വം ബോർഡ് എടുത്ത തീരുമാനമാണ് ആഗോള അയ്യപ്പസംഗമം നടത്തുകയെന്നത്. അത് സർക്കാർ സഹായത്തോടെ നടപ്പിലാക്കുകയാണ്. ആഗോള അയ്യപ്പസംഗമത്തിന് വേദിയായി പമ്പ തിരഞ്ഞെടുത്തത് ശബരിമലയുടെ പവിത്രമായ കവാടമെന്ന നിലയിലാണ്. സന്നിധാനത്തേക്കുള്ള യാത്രയ്ക്ക് തയ്യാറെടുക്കുന്ന ഈ ശാന്തമായ തീരം തീർത്ഥാടനത്തിന്റെ അടിസ്ഥാന മൂല്യങ്ങളായ അച്ചടക്കം, സമത്വം, വിനയം, ഐക്യം, ശുചിത്വം എന്നിവ പ്രതിഫലിപ്പിക്കുന്ന സങ്കേതമാണ്.

വികസനത്തിന് വിപുല പദ്ധതി

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വ്രതനിഷ്ഠയോടെ ശബരിമലയിൽ ദർശനം നടത്താൻ എത്തിച്ചേരുന്ന അയ്യപ്പഭക്തർക്കായി,​ ബുദ്ധിമുട്ടുകളൊന്നും കൂടാതെ ദർശനം സാദ്ധ്യമാക്കുന്നതിനുള്ള ക്രമീകരണങ്ങളാണ് സംസ്ഥാന സർക്കാരും ദേവസ്വം ബോർഡും ചേർന്ന് നടപ്പാക്കിവരുന്നത്. 2016-17 കാലയളവു മുതൽ സംസ്ഥാന സർക്കാർ ശബരിമയ്ക്കു വേണ്ടി നൽകിയത് 220.78 കോടി രൂപയാണ്. ശബരിമല മാസ്റ്റർ പ്ലാൻ പദ്ധതിക്ക് 83.95 കോടി, ശബരിമല സാനിട്ടേഷൻ സൊസൈറ്റിക്ക് 20.42 കോടി, ശബരിമല ഇടത്താവളം പദ്ധതികൾക്കായി 116.41 കോടി എന്നിങ്ങനെയാണ് തുക അനുവദിച്ചത്. ഇതിനു പുറമെയാണ് കിഫ്ബി ഫണ്ട് ഉപയോഗിച്ച് നടത്തിയിരിക്കുന്ന വികസന പ്രവർത്തനങ്ങൾ.

നിലയ്ക്കലിൽ കിഫ്ബി പദ്ധതിയിൽ പണിത ഇടത്താവളം ഉദ്ഘാടനം ചെയ്തുകഴിഞ്ഞു. ശബരിമല തീർത്ഥാടകർക്കും തീർത്ഥാടന കാലത്തിനു ശേഷം പൊതുജനങ്ങൾക്കും ഒരുപോലെ പ്രയോജനപ്പെടുന്ന അഞ്ച് ഇടത്താവളങ്ങൾ വേറെയുണ്ട്. കിഫ്ബിയിൽ നിന്ന് 145 കോടി രൂപ ചെലവിട്ടാണ് ചെങ്ങന്നൂർ, കഴക്കൂട്ടം, ചിറങ്ങര, എരുമേലി, മണിയംകോട് എന്നിവിടങ്ങളിലടക്കം ഇടത്താവളം നിർമ്മിക്കുന്നത്. ഒരു തീർത്ഥാടനകാലം മാത്രം ലക്ഷ്യമിട്ടല്ല സംസ്ഥാന സർക്കാരിന്റെ പ്രവർത്തനം. അടുത്ത കാൽ നൂറ്റാണ്ട് മുന്നിൽക്കണ്ടുള്ള പദ്ധതികളാണ് സർക്കാർ വിഭാവനം ചെയ്തിരിക്കുന്നത്.സന്നിധാനത്തിന്റെ ആത്മീയവും സാംസ്‌കാരികവുമായ പൈതൃകത്തെ മാനിച്ചുകൊണ്ട് അതിനുള്ള ലേഔട്ട് പ്ലാൻ തയ്യാറാക്കിയിട്ടുണ്ട്.

സന്നിധാനത്തിന്റെ വികസനത്തിനായി ആദ്യഘട്ടത്തിന് 600.47 കോടി രൂപയും,​ 2028-33 വരെയുള്ള രണ്ടാം ഘട്ടത്തിന് 100.02 കോടി രൂപയും,​ 2034-39 വരയുള്ള മൂന്നാം ഘട്ടത്തിന് 77.68 കോടി രൂപയും ഉൾപ്പെടെ ആകെ 778.17 കോടി രൂപയാണ് ലേഔട്ട് പ്ലാൻ പ്രകാരം ചെലവ് കണക്കാക്കിയിരിക്കുന്നത്. പമ്പയുടെ വികസനത്തിനായി ആദ്യഘട്ടത്തിന് 184.75 കോടി രൂപയും,​ 2028-33 വരെയുള്ള രണ്ടാം ഘട്ടത്തിന് 22.73 കോടി രൂപയും ഉൾപ്പെടെ ആകെ 207.48 കോടി രൂപ ചെലവ് കണക്കാക്കുന്നു. ട്രാക്‌ടർ റൂട്ടിന്റെ വികസനത്തിന് ആദ്യ ഘട്ടത്തിന് 32.88 കോടി രൂപയും,​രണ്ടാം ഘട്ടത്തിന് 15.50 കോടി രൂപയും ഉൾപ്പെടെ ആകെ 47.97 കോടി രൂപ വേണ്ടിവരും. പമ്പ,​ ട്രാക്ടർ റൂട്ട് വികസനത്തിന് ലേഔട്ട് പ്രകാരം ആകെ ചിലവ് കണക്കാക്കിയിരിക്കുന്നത് 255.45 കോടി രൂപയാണ്.

ഏറെക്കാലമായുള്ള അനിശ്ചിതത്വങ്ങൾക്ക് വിരാമമിട്ട് ശബരിമലയിൽ റോപ്‌വേ പദ്ധതി യാഥാർത്ഥ്യത്തിലേക്ക് എത്തുകയാണ്. വനംവകുപ്പിന്റെ തർക്കങ്ങൾ ഉൾപ്പെടെ പരിഹരിച്ചുകൊണ്ടും,​ ഏറ്റെടുക്കുന്ന വനഭൂമിക്ക് പകരം ഭൂമി നൽകിയുമാണ് സർക്കാർ റോപ്‌വേ യാഥാർത്ഥ്യമാക്കുന്നത്. ശബരിമലയെന്ന ആഗോള തീർത്ഥാന കേന്ദ്രത്തിനു വേണ്ടി തയാറാക്കിയിരിക്കുന്ന പദ്ധതികൾ ഭക്തർക്കു മുന്നിൽ അവതരിപ്പിക്കുന്നതിനുള്ള വേദിയാവും പമ്പയിലെ അയ്യപ്പ സംഗമം. ലോകത്ത് വിവിധ ഭാഗങ്ങളിൽ നിന്നുള്ള അയ്യപ്പഭക്തർക്ക് തങ്ങളുടെ ആശയങ്ങൾ അവതരിപ്പിക്കുന്നതിനും അങ്ങനെ ഒരു പൊതുനയം രൂപീകരിക്കുന്നതിനുമുള്ള ഇടമായി സംഗമം മാറും.

സമ്പൂർണ ഹരിത തീർത്ഥാടനം

കൂടുതൽ സുരക്ഷിതമായി ദർശനം നടത്തുന്നതിന് ഏർപ്പെടുത്തിയിട്ടുള്ള സൗകര്യങ്ങൾ നേരിട്ട് ബോദ്ധ്യപ്പെടുവാൻ ദേവസ്വം ബോർഡ് ഇതിലൂടെ ഭക്തർക്ക് അവസരം ഒരുക്കുകയാണ്. ഇന്ത്യയിൽത്തന്നെ ഇതാദ്യമാണ് ഒരു തീർത്ഥാന കേന്ദ്രത്തിന്റെ വികസന ചർച്ചകളിൽ ഭക്തർക്ക് നേരിട്ട് പങ്കാളികളാവാൻ അവസരം ലഭിക്കുന്നത്. ശബരിമലയുടെ പവിത്രത കാത്ത് സൂക്ഷിച്ച് കൊണ്ട് സമ്പൂർണ ഹരിത തീർത്ഥാടന കേന്ദ്രമാക്കി ശബരിമലയെ മാറ്റുന്നതിന് സംസ്ഥാന സർക്കാരും, തിരുവിതാംകൂർ ദേവസ്വം ബോർഡും നടത്തുന്ന പ്രവർത്തനങ്ങൾക്കും അയ്യപ്പഭക്തരുടെ പിന്തുണ ഉറപ്പാക്കുക, ശബരിമലയെ ലോക നിലവാരത്തിലേയ്ക്ക് ഉയർത്തുന്നതിലേയ്ക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനുവേണ്ട നിക്ഷേപ സാദ്ധ്യതയും ഇതിലൂടെ കണ്ടത്തുക എന്നതും ബോർഡ് ലക്ഷ്യമിടുന്നുണ്ട്.

വിവിധ രാജ്യങ്ങളിലെ അയ്യപ്പഭക്തരെ ഉൾപ്പെടുത്തി ഒരു ഡാറ്റാ ബേസ് തയ്യാറാക്കുക. ലോകത്ത് എവിടെ നിന്നുള്ള അയ്യപ്പഭക്തർക്കും ശബരിമലയിൽ എത്തിച്ചേരുന്നതിനും സുഗമദർശനം നടത്തി മടങ്ങുന്നതിനും നൂതന സംവിധാനങ്ങൾ സംയോജിപ്പിച്ചുള്ള ഒരൊറ്റ പ്ലാറ്റ്‌ഫോം,​ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉള്ള അയ്യപ്പ ഭക്തരെ കോർത്തിണക്കി വിവിധ രാജ്യങ്ങളിൽ ശബരിമല തീർത്ഥാടന കാലയളവിൽ ദർശനത്തിന് എത്തിച്ചേരുന്ന അയ്യപ്പഭക്തർക്കായി ഹെൽപ്‌ഡെസ്‌കുകൾ തുടങ്ങുക,​ പരിപാവനതയും ആചാരാനുനുഷ്ടാനങ്ങളും സംരക്ഷിച്ചുകൊണ്ട് പിൽഗ്രിം ടൂറിസം സാദ്ധ്യതകൾ കണ്ടത്തുകയും വികസിപ്പിക്കുകയും ചെയ്യുക തുടങ്ങി വിപുലമായ ലക്ഷ്യത്തോടെയാണ് ആഗോള അയ്യപ്പ സംഗമം സംഘടിപ്പിക്കുന്നത്.

മൂന്നു വേദികളിലായാണ് മേൽപ്പറഞ്ഞ കാര്യങ്ങൾ ചർച്ച ചെയ്യുക. അതത് മേഖലയിലെ വിദഗ്ദ്ധരാണ് ഇക്കാര്യങ്ങൾ അവതരിപ്പിക്കുന്നത്. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പ്ലാറ്റിനം ജൂബിലിയിലെ ഏറ്റവും സുപ്രധാനമായ ചുവടുവയ്പാണ് ഇത്. വിഭാവനം ചെയ്യുന്ന കാര്യങ്ങൾ നടപ്പിലാവുമ്പോൾ ഇപ്പോഴത്തേതിന്റെ ഇരട്ടിയോ അതിലും അധികമോ തീർത്ഥാടകർക്ക് സുഗമ ദർശനം സാദ്ധ്യമാകും. അതിനായി ഒന്നിച്ച് നീങ്ങാം.

TAGS: SABARIMALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.