SignIn
Kerala Kaumudi Online
Monday, 21 September 2026 2.58 PM IST

കാർ തടഞ്ഞ് 45 ലക്ഷം കൊള്ളയടിച്ച കേസിൽ മൂന്നുപേർ കൂടി അറസ്റ്റിൽ

arrest-

പാലക്കാട്: പട്ടാമ്പിയിൽ കാർ തടഞ്ഞ് യാത്രക്കാരെ ആക്രമിച്ച് 45 ലക്ഷം കൊള്ളയടിച്ച കേസിൽ തൃശൂർ നീരാട്ടുകുഴി കിഴക്കേകോടാലി മുണ്ടക്കൽ വീട്ടിൽ ജയൻ എന്ന കോടാലി ജയൻ (45), മലപ്പുറം കാളികാവ് അരിമണൽ മയിലാടി പതിനാൽ വീട്ടിൽ അമൽ ജോസ് (26), മലപ്പുറം ചെറിയമുണ്ട ഇരിങ്ങാവൂർ വയിലിപ്പാട്ടിൽ വീട്ടിൽ ശ്രീജേഷ് (42) എന്നിവരെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ആറായി. തമിഴ്നാട് സ്വദേശികൾ ഉൾപ്പെടെ ആറോളം പേരെ ഇനിയും പിടികൂടാനുണ്ടെന്ന് ജില്ലാ പൊലീസ് മേധാവി ആർ.ആനന്ദ് പറഞ്ഞു.

കേസിൽ നേരത്തെ തമിഴ്നാട് നാമക്കൽ എരുമപ്പെട്ടി സ്വദേശി ശിവൻ എന്ന ശിവ (28), നാമക്കൽ കൊശവൻപട്ടി ഭരത് (28), പാലക്കാട് തച്ചമ്പാറ മാട്ടം അമ്പലത്തിങ്കൽ വീട്ടിൽ എ.വി.ജോൺസൺ (60) എന്നിവരെ പിടികൂടിയിരുന്നു. ഇവർ റിമാൻഡിലാണ്. ജനുവരി 31ന് രാവിലെ പത്തിന് വല്ലപ്പുഴ ചൂരക്കോടാണ് സംഭവം നടന്നത്. ആലത്തൂർ സ്വദേശിയും വർഷങ്ങളായി കോയമ്പത്തൂർ പേരൂരിൽ താമസിച്ചുവരുന്നതുമായ കലാധരനും ബന്ധുവും സഞ്ചരിച്ചിരുന്ന വാഗൺ ആർ കാർ ആക്രമിച്ചാണ് പണം കവർന്നത്.
ഒരു ഇന്നോവ കാർ പിന്നിലും മാരുതി സിയാസ് കാർ മുന്നിൽ കുറുകെയും നിറുത്തി കലാധരന്റെ വാഹനം തടഞ്ഞ് ഒരു ഗ്ലാസ് അടിച്ചുതകർത്തു. തുടർന്ന് കലാധരനെയും ബന്ധുവിനെയും വലിച്ച് പുറത്തിറക്കി കാറുമായി സംഘം കടന്നു. കാർ പിന്നീട് മൂന്ന് കിലോമീറ്റർ മാറി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. വ്യാപാര ആവശ്യത്തിന് കോയമ്പത്തൂരിൽ നിന്ന് കൊണ്ടുവന്ന 45 ലക്ഷം നഷ്ടപ്പെട്ടതായി കലാധരൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പട്ടാമ്പി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
സിസി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ദേശീയപാതകൾ കേന്ദ്രീകരിച്ച് കൊള്ള നടത്തുന്ന സംഘമാണ് പിന്നിലെന്ന് തിരിച്ചറിഞ്ഞത്. പിടിയിലായ കോടാലി ജയൻ ഇരുപതോളം കേസിൽ പ്രതിയാണ്. അമൽ ജോസിന്റെ ഉടമസ്ഥതയിലുള്ള സിയാസ് കാറാണ് സംഘം ഉപയോഗിച്ചത്. ശ്രീജേഷ് ഇവർക്ക് ഷോളയൂരിൽ ഒളിവിൽ കഴിയാൻ സൗകര്യമൊരുക്കിയ ആളാണ്. കോടാലി ജയൻ കുറ്റകൃത്യത്തിൽ നേരിട്ട് ഇടപെട്ടതിന് തെളിവ് ലഭിച്ചിട്ടുണ്ട്. ഷൊർണൂർ ഡിവൈ.എസ്.പി.യുടെ നേതൃത്വത്തിൽ പട്ടാമ്പി ഇൻസ്പെക്ടർ എൻ.ബി.ഷൈജുവാണ് കേസ് അന്വേഷിക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE DIARY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY