തിരുവനന്തപുരം: ഇരുപത് ലോക്സഭാ സീറ്റുകളിലും തലപ്പൊക്കമുള്ളവരടക്കം സ്ഥാനാർത്ഥികളെ നിരത്തി പാർലമെന്റ് തിരഞ്ഞെടുപ്പ് ഗോദയിൽ എൽ.ഡി.എഫ് ഒരു ചുവട് മുന്നിലെത്തിയെങ്കിലും ടി.പി വധക്കേസിലെ ഹൈക്കോടതി വിധി സി.പി.എമ്മിനെ പ്രതിരോധത്തിലാക്കി. പാർട്ടി മത്സരിക്കുന്ന 15 സീറ്റുകളിലെ സ്ഥാനാർത്ഥികളെ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പ്രഖ്യാപിച്ച ദിവസം തന്നെയാണ് ഈ വിധി വന്നതെന്നതും തിരിച്ചടിയായി.
തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ യു.ഡി.എഫും ബി.ജെ.പിയും ഈ വിഷയം മുഖ്യ ആയുധമാക്കുമെന്നതിൽ സംശയമില്ല. പ്രതികളിൽ ഒരാളായിരുന്ന പി.കെ. കുഞ്ഞനന്തന്റെ ജയിൽ വാസത്തിനിടെയുള്ള മരണം പോലും സി.പി.എമ്മിനെതിരെ
ആയുധമാക്കിയ വേളയിലാണ് പ്രതിപക്ഷത്തിന് ശക്തമായ മറ്റൊരു ആയുധം കിട്ടയിരിക്കുന്നത്. കുഞ്ഞനന്തന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്നും പാർട്ടിക്ക് വേണ്ടി കൊല നടത്തുന്നവരെ പിന്നീട് ഭീഷണിയാണെന്ന് കണ്ടാൽ കൊന്നുകളയുന്ന പാരമ്പര്യമാണ് സി.പി.എമ്മിനെന്നും ലീഗ് നേതാവ് കെ.എം.ഷാജി ഒരാഴ്ച മുമ്പ് ആരോപിച്ചിരുന്നു. കെ.സുധാകരൻ ഈ ആരോപണം ഏറ്റുപിടിച്ചതും പാർലമെന്റ് തിരഞ്ഞെടുപ്പിൽ ടി.പി വിഷയം വീണ്ടും കത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ്.
ടി.പി വധക്കേസ് അന്വേഷണം സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി സി.എൻ. മോഹനനിലേക്കും അതിന്
മുകളിലേക്കും എത്താതിരിക്കാൻ കോൺഗ്രസിലെ ഒരുന്നത നേതാവും യു.ഡി.ഫിലെ ഘടകകക്ഷി മന്ത്രിയും
സമ്മർദ്ദം ചെലുത്തിയെന്ന് കോൺഗ്രസിലെ ഒരു വിഭാഗം ഉയർത്തിയ ആരോപണവും അന്തരീക്ഷത്തിലുണ്ട്. അതിനിടെ,
ഇന്നലത്തെ ഹൈക്കോടതി വിധി തിരഞ്ഞെടുപ്പിന്റെ മുഹൂർത്തത്തിൽ വിഷയം വീണ്ടും സജീവമാക്കി.
2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് പിന്തുണയോടെ വടകരയിൽ മത്സരിച്ച ആർ.എം.പി സ്ഥാനാർത്ഥി കെ.കെ. രമയുടെ വിജയത്തിലും ടി.പി വികാരം സ്വാധീനം ചെലുത്തിയിരുന്നു. ടി.പി വധ ഗൂഢാലോചനയിൽ വടകരയിലെ സി.പി.എം സ്ഥാനാർത്ഥി കെ.കെ.ശൈലജയ്ക്ക് എന്തെങ്കിലും പങ്കുള്ളതായി എതിരാളികൾ പോലും ആരോപിക്കുന്നില്ല. എന്നാൽ കുഞ്ഞനന്തന്റെ നിര്യാണത്തെ തുടർന്ന് നടന്ന അനുശോചന യോഗത്തിൽ അദ്ദേഹം പാർട്ടിക്ക് നൽകിയ സേവനങ്ങളെ ശൈലജ പ്രശംസിച്ചിരുന്നു. ആ പ്രസംഗത്തിന്റെ വീഡിയോകൾ കോൺഗ്രസുകാർ പ്രചരിപ്പിച്ചു തുടങ്ങി. ഇതൊന്നും വോട്ടമാർക്കിടയിൽ ഏശില്ലെന്ന ഉറച്ച ആത്മവിശ്വാസത്തിലാണ് ശൈലജയും പാർട്ടിയും. വിധിയുയർത്തിയ പ്രതിസന്ധി മറികടക്കനുള്ള തന്ത്രങ്ങളാവും പാർട്ടി ഇനി മെനയുക.
,
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |