SignIn
Kerala Kaumudi Online
Monday, 05 October 2026 1.17 AM IST

ആളില്ലാ ഗഗൻയാൻ ദൗത്യം ജൂണിൽ

READ ENGLISH VERSION
isro

തിരുവനന്തപുരം: മനുഷ്യരുമായുള്ള ബഹിരാകാശ യാത്രയ്ക്ക് മുന്നോടിയായി ആദ്യ പരീക്ഷണമെന്ന നിലയിൽ ആളില്ലാ ഗഗൻയാൻ ദൗത്യം ജൂണിൽ ഐ.എസ്.ആർ.ഒ നടത്തിയേക്കും. ഡിസംബറിലായിരിക്കും രണ്ടാമത്തേത്. ബഹിരാകാശ യാത്രികരെ സഹായിക്കാനുള്ള വ്യോമമിത്ര റോബോട്ടും ഈ ദൗത്യങ്ങളിലുണ്ടാകും. യാത്രികരുമായുള്ള ദൗത്യത്തിന് എല്ലാം സജ്ജമാണെന്ന് ഉറപ്പുവരുത്തുകയാണ് ലക്ഷ്യം. ബഹിരാകാശത്തെ ഗുരുത്വമില്ലാത്ത സാഹചര്യം എങ്ങനെ മനുഷ്യരെ സ്വാധീനിക്കും എന്നതുൾപ്പെടെയുള്ള വിവരങ്ങൾ ഈ ദൗത്യങ്ങളിൽ നിന്ന് ഐ.എസ്.ആർ.ഒയ്ക്ക് നേരിട്ട് ലഭിക്കും.

മൂന്നു ദിവസത്തേക്ക് 400 കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിൽ യാത്രികർ ഉൾപ്പെടുന്ന പേടകത്തെ എത്തിച്ചശേഷം ഭൂമിയിൽ തിരികെ എത്തിക്കുന്നതാണ് ഗഗൻയാൻ ദൗത്യം. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്നാണ് വിക്ഷേപണം. മൂന്നുദിവസത്തിനുശേഷം പേടകം കടലിൽ വീഴ്ത്തി വീണ്ടെടുക്കും. 8,000 കിലോഗ്രാം ഭാരമുള്ള പേടകം ഭ്രമണപഥത്തിൽനിന്ന് തിരിച്ചിറക്കി പാരച്യൂട്ടിന്റെ സഹായത്തോടെയാണ് കടലിൽ സുരക്ഷിതമായി വീഴ്ത്തുക. യാത്രികർക്ക് സുരക്ഷിതമായി കഴിയാൻ വേണ്ടി രൂപകല്പന ചെയ്ത ക്രൂ മൊഡ്യൂൾ, സർവീസ് മൊഡ്യൂൾ ഉൾപ്പെടുന്നതാണ് പേടകം. 13,000 കോടിയാണ് ചെലവ്.

ബഹിരാകാശ യാത്രികർക്കുള്ള സ്‌പേസ് സ്യൂട്ടുകൾ, ഗഗൻയാൻ പേടകം, ഭൂമിയിലേക്ക് തിരികെ എത്തുമ്പോൾ ഉണ്ടാകുന്ന ഉയർന്ന താപനില അതിജീവിക്കാനുള്ള സാങ്കേതിക വിദ്യ, പേടകത്തെ സുരക്ഷിതമായി ഇറക്കാനുള്ള പാരച്യൂട്ട്, ഗഗൻയാൻ പേടകത്തിനുള്ളിലെ ലൈഫ് സപ്പോർട്ട് സംവിധാനം, വിക്ഷേപണത്തിനിടെ അപകടമുണ്ടായാൽ യാത്രികരെ സുരക്ഷിതമായി പുറത്തെത്തിക്കാനുള്ള ശേഷി എന്നിവ ഐ.എസ്.ആർ.ഒ സ്വയം വികസിപ്പിച്ചെടുത്തതാണ്.

ജി.എസ്.എൽ.വി മാർക്ക് 3 പരിഷ്കരിച്ചു

1.ഐ.എസ്.ആർ.ഒയുടെ ശക്തിയേറിയ റോക്കറ്റായ ജി.എസ്.എൽ.വി മാർക്ക് 3 റോക്കറ്റിനെ മനുഷ്യരെ വഹിക്കാൻ ശേഷിയുള്ളതാക്കി മാറ്റി പരിഷ്‌കരിച്ചു

2.ഇതിനെ ലോഞ്ച് വെഹിക്കിൾ മാർക്ക് 3 (എൽ.വി.എം3) എന്നാണ് വിളിക്കുന്നത്. ഇതിന്റെ പരീക്ഷണം വിജയകരമായി പൂർത്തിയാക്കി

പ്രതിസന്ധി മറികടക്കാനും പരീക്ഷണം

ദൗത്യത്തിനിടെ അപ്രതീക്ഷിത പ്രതിസന്ധി നേരിട്ടാൽ അതിനെ അതിജീവിക്കാനും യാത്രികരെ സുരക്ഷിതമാക്കാനുമുള്ള പരീക്ഷണം വിജയകരമായി നടത്തിയിരുന്നു. ക്രൂ എസ്‌കേപ്പ് സിസ്റ്റം ഉൾപ്പെടുന്ന ടെസ്റ്റ് വെഹിക്കിൾ അബോർട്ട് മിഷൻ 1 (ടിവി ഡി1) എന്ന ആദ്യ പരീക്ഷണം ഒക്ടോബർ 21നായിരുന്നു. ബഹിരാകാശത്തുവച്ച് റോക്കറ്റിൽനിന്ന് ക്രൂ മൊഡ്യൂൾ മാതൃക ബംഗാൾ ഉൾക്കടലിൽ വീഴ്ത്തുകയും തുടർന്ന് വീണ്ടെടുക്കുകയും ചെയ്തായിരുന്നു പരീക്ഷണം. കടലിൽ വീഴ്ത്തുന്ന പേടകം ശരിയായ ദിശയിൽ പൊങ്ങിനിൽക്കുന്നത് ഉറപ്പാക്കുന്നതിനുള്ള ടിവി ഡി 2 പരീക്ഷണം ഉടൻ നടത്തും. പാരച്യൂട്ട് സംവിധാനങ്ങളുടെ കാര്യക്ഷമത തെളിയിക്കാനാണിത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PHOTO, ISRO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN ZOOM
PHOTO GALLERY
TRENDING IN ZOOM