SignIn
Kerala Kaumudi Online
Wednesday, 16 September 2026 4.27 PM IST

ഒമ്പത് പേരെ 20 വർഷം കഴിയാതെ പുറത്തുവിടരുത്, കൃഷ്‌ണനും ജ്യോതി ബാബുവിനും ചെറിയൊരു ഇളവ് കൊടുത്തത് ഒറ്റകാരണം കൊണ്ട്

tp-murder

കൊച്ചി: ടി.പി. ചന്ദ്രശേഖരനെ 51 തവണ വെട്ടിനുറുക്കി രാഷ്ട്രീയക്കലി തീർത്തവർക്ക് വിചാരണക്കോടതി നൽകിയ ജീവപര്യന്തം ശിക്ഷ ഇരട്ടിപ്പിച്ചും വെറുതേവിട്ടവരെ ജീവപര്യന്തത്തിന് ശിക്ഷിച്ചും ഹൈക്കോടതി നീതിവ്യവസ്ഥ കൂടുതൽ ഭദ്രമാക്കി.

വെറുതേവിട്ട സി.പി.എം നേതാക്കളായ കെ.കെ. കൃഷ്ണൻ, ജ്യോതി ബാബു എന്നിവർക്കാണ് ജീവപര്യന്തം. പ്രധാന പ്രതികളായ എം.സി. അനൂപ്, കിർമാണി മനോജ്, കൊടി സുനി, ടി.കെ. രജീഷ്, മുഹമ്മദ് ഷാഫി, കെ. ഷിനോജ് എന്നിവർക്കാണ് ഇരട്ടജീവപര്യന്തം.

13​ ​പ്ര​തി​ക​ൾ​ക്ക് ​ര​ണ്ടു​ ​ല​ക്ഷം​ ​വീ​തം​ ​പി​ഴ​യും​ ​വി​ധി​ച്ചി​ട്ടു​ണ്ട്.​ ​പ്ര​തി​ക​ളി​ലൊ​രാ​ളാ​യ​ ​സി.​പി.​എം​ ​നേ​താ​വ് ​കു​ഞ്ഞ​ന​ന്ത​ൻ​ ​മ​ര​ണ​മ​ട​ഞ്ഞ​തി​നാ​ൽ​ ​ഭാര്യ ശാന്തയാണ് പി​ഴ​യൊ​ടു​ക്കേ​ണ്ട​ത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് എൽ.ഡി.എഫ് ഒരുമുഴം മുന്നേ കളത്തിലിറങ്ങിയ ദിവസമാണ് കോടതിയുടെ സുപ്രധാന വിധിയും വന്നത്. ഇടതു ക്യാമ്പുകളെ വിധി അസ്വസ്ഥമാക്കുമ്പോൾ,​​ ശക്തമായ പ്രചാരണായുധം കിട്ടിയിരിക്കയാണ് യു.ഡി.എഫിന്.

കൊലപാതകം നിഷ്ഠൂരവും പ്രാകൃതവും സമൂഹത്തോടുള്ള വെല്ലുവിളിയുമാണെന്ന് കോടതി വിലയിരുത്തി. എന്നാൽ വധശിക്ഷ നൽകേണ്ട അപൂർവങ്ങളിൽ അത്യപൂർവമായ കേസല്ലെന്നും വ്യക്തമാക്കി.

സെഷൻസ് കോടതി വിധിച്ച ശിക്ഷ റദ്ദാക്കണമെന്ന പ്രതികളുടെ അപ്പീൽ തള്ളി. അതേസമയം,​ ശിക്ഷ കൂട്ടണമെന്നാവശ്യപ്പെട്ട് സർക്കാരും ടി.പിയുടെ പത്നി കെ.കെ. രമയും നൽകിയ അപ്പീലുകൾ ഭാഗികമായി അനുവദിച്ചാണ് ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് കൗസർ എടപ്പഗത്ത് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ വിധി. ശിക്ഷാവിധി കേൾക്കാൻ കെ.കെ. രമയും പ്രതികളും കോടതിയിൽ ഹാജരായിരുന്നു. രോഗബാധിതനായ ജ്യോതി ബാബു ഓൺലൈനായാണ് വിധി കേട്ടത്.

ആർ.എം.പി നേതാവായിരുന്ന ടി.പി. ചന്ദ്രശേഖരനെ 2012 മേയ് നാലിനാണ് വടകരയ്ക്കടുത്ത് വള്ളിക്കാടു വച്ച് ബോംബെറിഞ്ഞു വീഴ്‌ത്തി വെട്ടിക്കൊന്നത്. 2014ൽ കോഴിക്കോട്ടെ വിചാരണക്കോടതി ശിക്ഷ വിധിച്ചു. സി.പി.എം നേതാക്കൾ വാടകക്കൊലയാളികളെ ഉപയോഗിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്.

9 പേർക്ക് 20 വർഷം പരോളില്ല

ഇരട്ട ജീവപര്യന്തം കിട്ടിയ ആറു പേരെയും ജീവപര്യന്തം കിട്ടിയ കെ.സി. രാമചന്ദ്രൻ, ട്രൗസർ മനോജൻ,​ സിജിത്ത് എന്നിവരെയും 20 വർഷം കഴിയാതെ പുറത്തുവിടരുതെന്ന് ഉത്തരവിൽ പറയുന്നു. കെ.കെ. കൃഷ്ണൻ, ജ്യോതി ബാബു എന്നിവരുടെ ആരോഗ്യസ്ഥിതി കണക്കിലെടുത്താണ് കൂടുതൽ കടുത്ത നിലപാടെടുക്കാത്തത്.

രമയ്ക്ക് ഏഴര ലക്ഷം മകന് അഞ്ചു ലക്ഷം

മുഖ്യപ്രതികൾക്കെതിരെ സ്ഫോടക വസ്തുവെറിഞ്ഞതടക്കം വകുപ്പുകൾ ചുമത്തി ആറുമാസം മുതൽ 10 വർഷംവരെ കഠിനതടവും പിഴയും വേറെയും വിധിച്ചിട്ടുണ്ട്. തടവുശിക്ഷകൾ ഒന്നിച്ച് അനുഭവിച്ചാൽ മതി.

പ്രതികൾ ഒടുക്കുന്ന തുകയിൽ നിന്ന് രമയ്ക്ക് ഏഴര ലക്ഷം രൂപയും മകൻ അഭിനന്ദിന് അഞ്ചു ലക്ഷം രൂപയും നൽകണം. സെഷൻസ് കോടതി ഇവർക്ക് മൂന്നു ലക്ഷവും രണ്ടു ലക്ഷവുമാണ് നഷ്ടപരിഹാരം വിധിച്ചിരുന്നത്.

പിഴയൊടുക്കിയില്ലെങ്കിൽ രണ്ടുവർഷം വരെ തടവുശിക്ഷ അധികമായി ചുമത്തും. 31-ാം പ്രതി ലംബു പ്രദീപന്റെ മൂന്നു വർഷം തടവുശിക്ഷ ശരിവച്ചിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE DIARY, TP MURDER CASE, VERDICT, HIGHCOURT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY