SignIn
Kerala Kaumudi Online
Sunday, 13 September 2026 1.58 PM IST

ലോഹപ്രതലത്തിൽ ശക്തമായി തട്ടുന്നപോലെ, ടൈറ്റനിൽ ആരോ ജീവനോടെയുണ്ട്? പേടകത്തിൽ നിന്നുള്ള നിഗൂഢ ശബ്‌ദം പുറത്ത്

titan

വാഷിംഗ്ടൺ: അറ്റ്‌ലാന്റിക് സമുദ്രത്തിൽ വച്ച് തകർന്ന ടൈറ്റൻ സമുദ്ര പേടകത്തിൽ നിന്നുള്ള നിഗൂഢ ശബ്ദം പുറത്തുവിട്ട് ബ്രിട്ടീഷ് ഡോക്യുമെന്ററി. ലോഹപ്രതലത്തിൽ ആരോ ശക്തമായി തട്ടുന്ന പോലുള്ള ശബ്ദമാണ് ചാനൽ 5ലെ ' ദ ടൈറ്റൻ സബ് ഡിസാസ്റ്റർ: മിനിറ്റ് ബൈ മിനിറ്റ്' എന്ന ഡോക്യുമെന്ററിയിലുള്ളത്. ആദ്യമായാണ് ഈ ശബ്ദം പുറത്തുവിടുന്നത്.

കഴിഞ്ഞ ജൂൺ 18നാണ് ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങൾ കാണാനുള്ള യാത്രയ്ക്കിടെ കാനഡയിലെ ന്യൂഫൗണ്ട്‌ലൻഡ് തീരത്ത് നിന്ന് 600 കിലോമീറ്റർ അകലെ വച്ച് ഓഷൻ ഗേറ്റ് കമ്പനിയുടെ ടൈറ്റൻ പര്യവേക്ഷണ പേടകത്തെ കാണാതായത്. 22ന് സമുദ്രത്തിനടിയിൽ രണ്ട് മൈൽ ആഴത്തിൽ ടൈറ്റന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി. മർദ്ദം താങ്ങാതെ പേടകം ഉൾവലിഞ്ഞു പൊട്ടിയെന്നാണ് നിഗമനം.

തെരച്ചിലിന്റെ രണ്ടാം ദിനം 30 മിനിറ്റ് ഇടവേളയിൽ കടലാഴങ്ങളിൽ നിന്ന് ഈ ശബ്ദം റെക്കോഡ് ചെയ്തിരുന്നു. ടൈറ്റനിൽ ആരോ ജീവനോടെ ഉണ്ടാകാമെന്നും അവരാകാം ഈ ശബ്ദമുണ്ടാക്കുന്നതെന്നും രക്ഷാപ്രവർത്തകർ കരുതി. എന്നാൽ,​ ഈ ശബ്ദം ടൈറ്റനിലെ യാത്രികരിൽ നിന്നുള്ളതല്ലെന്നും യാത്ര തുടങ്ങി രണ്ട് മണിക്കൂറിനുള്ളിൽ പേടകം പൊട്ടിത്തെറിച്ചെന്നും വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. അതിനാൽ യഥാർത്ഥത്തിൽ ഈ ശബ്ദം എന്താണെന്ന് ആർക്കുമറിയില്ല.

ടൈറ്റന്റെ ഉടമസ്ഥരായ ഓഷൻ ഗേറ്റ് കമ്പനിയുടെ സി.ഇ.ഒ സ്റ്റോക്‌ടൺ റഷ്, ബ്രിട്ടീഷ് വ്യവസായി ഹാമിഷ് ഹർഡിംഗ്, ബ്രിട്ടീഷ് - പാകിസ്ഥാനി കോടീശ്വരൻ ഷെഹ്‌സാദാ ദാവൂദ്, മകൻ സുലേമാൻ, ഫ്രഞ്ച് പര്യവേഷകൻ പോൾ ഹെൻറി നാർജിയോലെറ്റ് എന്നിവരാണ് ടൈറ്റനിലുണ്ടായിരുന്നത്. എല്ലാവരും തത്ക്ഷണം കൊല്ലപ്പെട്ടു. ടൈറ്റന്റെയും മനുഷ്യ ശരീരത്തിന്റെയും ചില അവശിഷ്ടങ്ങൾ യു.എസ് കോസ്റ്റ്ഗാർഡിന്റെ നേതൃത്വത്തിൽ കടലിൽ നിന്ന് വീണ്ടെടുത്തിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, WORLD, WORLD NEWS, TITAN, SOUND, MISTERIOUS SOUND
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360