SignIn
Kerala Kaumudi Online
Sunday, 06 July 2025 10.36 PM IST

ഇന്ന് അയ്യാ വൈകുണ്ഠർ ജയന്തി, ജാതി വിവേചനത്തിന് എതിരെ അഖിലത്തിരട്ടിന്റെ അഗ്നികാവ്യം

Increase Font Size Decrease Font Size Print Page
k

സാമൂഹ്യ പരിഷ്കർത്താവും ആത്മീയാചാര്യനുമായ അയ്യാ വൈകുണ്ഠ നാഥരുടെ രണ്ടു വിശുദ്ധ ഗ്രന്ഥങ്ങളിൽ അതിബൃഹത്തായതാണ് വിശുദ്ധ അഖിലത്തിരട്ട് അമ്മാനൈ. 1840 ഡിസംബർ പതിനൊന്ന് വെളുപ്പിന് താമരക്കുളം പതിയിൽ തന്റെ ശിഷ്യനായ ഹരിഗോപാലനെ വിളിച്ചുണർത്തി, ഏടും എഴുത്താണിയും നൽകി അയ്യാ വൈകുണ്ഠർ ചൊല്ലിക്കൊടുത്തത് എഴുതിയതാണ് ഈ വിശുദ്ധഗ്രന്ഥം. പതിനയ്യായിരത്തി ഒരുന്നൂറ്റി നാൽപ്പത്തിയെട്ട് വരികളുണ്ട് ഈ തമിഴ് ഗ്രന്ഥത്തിൽ. തിരു ഏട് എന്നാണ് അറിയപ്പെടുന്നത്. അയ്യാ കോവിലുകളായ പതികളിലും താങ്കലുകളിലും ഉത്സവങ്ങളോടനുബന്ധിച്ച് 'ഏട് വായന" എന്ന പേരിൽ ഇത് പാരായണം ചെയ്യുന്നു.

പനയോലയിൽ എഴുതപ്പെട്ട വിശുദ്ധ അഖിലത്തിരട്ട് 1939-ലാണ് പുസ്‌തകരൂപത്തിൽ അച്ചടിച്ച് പ്രസിദ്ധീകരിച്ചത്. അതിനു മുമ്പ് മൂല ഗ്രന്ഥത്തിൽ നിന്ന് ഓലയിൽത്തന്നെ മൂന്ന് പകർത്തിയെഴുത്തുകൾ ഉണ്ടായിട്ടുണ്ട്. പാഞ്ചാലം കുറിച്ചി, സാമിത്തോപ്പ്, കോട്ടാങ്കാട് എന്നീ പേരുകളിലുള്ള പതിപ്പുകളായി ഇവ അറിയപ്പെടുന്നു. ഇതിൽ പാഞ്ചാലം കുറിച്ചിപ്പതിപ്പ് ഹരിഗോപാലൻ തന്നെ പകർത്തി എഴുതിയതാണ്. അച്ചടി പതിപ്പുകളെല്ലാം പതിനേഴ് ഭാഗങ്ങളായി തിരിച്ചിരിക്കുന്നു. പതിനേഴു ദിവസങ്ങളായി പാരായണം ചെയ്യുന്നതിനാണിത്.

പതിനയ്യായിരത്തിലധികം വരികളുള്ള വിശുദ്ധ അഖിലത്തിരട്ട് ഈരടികളായാണ് രചിക്കപ്പെട്ടിട്ടുള്ളത്. തെക്കൻ തിരുവിതാംകൂർ പ്രദേശത്ത് അക്കാലത്ത് നിലനിന്നിരുന്ന പ്രാദേശിക തമിഴ് ഗ്രാമ്യഭാഷയാണ് രചനയ്ക്കായി ഉപയോഗിച്ചിട്ടുള്ളത്. ആഴവും പരപ്പുമുള്ള അർത്ഥതലങ്ങൾ നിറഞ്ഞ വരികളെല്ലാം ആകർഷകമായ രാഗ - താള നിബന്ധങ്ങളാണ്. ഭൂരിഭാഗം വരികളിലും ദ്വിതീയാക്ഷര പ്രാസം കാണാം. ആദ്യ എട്ടു ഭാഗങ്ങളിൽ പ്രപഞ്ചസൃഷ്ടി മുതൽ അയ്യാ വൈകുണ്ഠർ അവതരിക്കുന്നതു വരെയുള്ള കാര്യങ്ങൾ സംക്ഷിപ്തമായും ചടുലതയോടും വിവരിക്കുന്നു.

പ്രപഞ്ചത്തിന്റെ ഭൂത- വർത്തമാന - ഭാവികാലങ്ങളെ വിവരിക്കുകയും പ്രപഞ്ച രഹസ്യങ്ങളുടെ പരിണാമങ്ങളെ വിലയിരുത്തുകയും ചെയ്യുന്ന ഈ ഗ്രന്ഥത്തിൽ ദ്വാപരയുഗത്തിന്റെ അന്ത്യത്തിൽ സാന്റോർ ജനതയുടെ ഉത്ഭവവും വളർച്ചയും സ്വഭാവ വിശേഷങ്ങളും വിവരിക്കുന്നു. ദ്വാപരയുഗം കടന്ന് കലിയുഗത്തിലും ഈ ജനത നിലനിൽക്കുന്നു. കലിയുഗത്തിൽ ദുഷ്ടശക്തിയായ കലി പിറക്കുന്നു. ആധുനിക മനുഷ്യന്റെ സഹജമായ നശീകരണ പ്രവണതകളെയും വിവിധതരം ആർത്തികളെയും കലി പ്രതിനിധാനം ചെയ്യുന്നു. കലിയുഗത്തിന്റെ ദുർദേവത നീചനാണ്. ഭൂമിയുടെ പലയിടങ്ങളിൽ രാജാക്കന്മാരായി ഇവർ പിറന്ന് ജനങ്ങളുടെ ജീവിതത്തെ നിയമങ്ങൾ സൃഷ്ടിച്ചും അല്ലാതെയും പീഡിപ്പിക്കുന്നു. നീചന്മാരുടെ ഭരണം അവസാനിപ്പിച്ച് ജനങ്ങൾക്ക് മോചനമേകാനും സാന്റോർ ജനതയുടെ ഉയിർപ്പിനുമായി അയ്യാ വൈകുണ്ഠർ അവതരിക്കുന്നതായി അഖിലത്തിരട്ട് വിവരിക്കുന്നു.

അദ്വൈത ചിന്താധാരയിൽ നിന്ന് വ്യത്യസ്തമായി ഏകത്വമെന്ന ആശയമാണ് വിശുദ്ധ അഖിലത്തിരട്ട് ചർച്ചചെയ്യുന്നത്. ലോകത്തിൽ നാം കാണുന്നതെല്ലാം ഈ ഏകത്വത്തിൽ നിന്നുണ്ടായതാണെന്നും എല്ലാറ്റിലും ദർശിക്കുന്ന വ്യത്യസ്തതകൾ ആത്യന്തികമായ ഈ ഏകത്വം തന്നെയാണെന്നും വിശുദ്ധ അഖിലം പഠിപ്പിക്കുന്നു. ഒൻപതാം ഭാഗം മുതൽ അയ്യാവൈകുണ്ഠരുടെ പരമമായ ആധിപത്യവും അക്കാലത്ത് ജനങ്ങൾക്കുമേൽ അടിച്ചേല്പിച്ചിരുന്ന അടിമത്തത്തെ മറികടക്കാനുള്ള ഉപദേശങ്ങളും കാണാൻ കഴിയും.

രാജാവിനെയും കരിനിയമങ്ങളെയും അതിനിശിതമായി ചോദ്യംചെയ്യുന്നതും നിരാലംബരായ ജനതയെ പിതൃസ്നേഹത്തോടെ നെഞ്ചോടു ചേർക്കുന്നതും വൈകാരികമായി മാത്രമേ വായിക്കാനാവൂ. കരളലിയിപ്പിക്കുന്ന മനുഷ്യത്വ വർണനയും ഹാസ്യം നിറഞ്ഞ ചോദ്യങ്ങളും ആകർഷകമായ പ്രകൃതിവർണനകളും വിശുദ്ധ അഖിലത്തിരട്ടിൽ കാണാം. ജാതീയമായി നിലനിന്ന ഉച്ചനീചത്വങ്ങളെ വിശുദ്ധ അഖിലത്തിരട്ട് വ്യക്തമായി അപലപിക്കുന്നു. ജാതി വ്യവസ്ഥയേക്കാൾ ജാതി വിവേചനത്തെ ശക്തമായി ചോദ്യം ചെയ്യുന്ന ഈ മഹദ്ഗ്രന്ഥം പിന്നീട് കേരളത്തിൽ അലയടിച്ചുയർന്ന നവോത്ഥാന പ്രസ്ഥാനങ്ങൾക്ക് വഴിമരുന്നായി എന്നതിൽ തർക്കമില്ല.

(തിരുവനന്തപുരത്തെ അയ്യാ വൈകുണ്ഠ‌ർ പഠന കേന്ദ്രം ചെയർമാൻ ആണ് ലേഖകൻ)

TAGS: AYYA VAIKUNDASWAMI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.