ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തി കോണ്‍ഗ്രസ് നേതാവും തെലങ്കാന മുഖ്യമന്ത്രിയുമായ രേവന്ത് റെഡ്ഡി. മോദി തനിക്ക് വല്യേട്ടനെപ്പോലെയാണെന്നാണ് രേവന്ത് അഭിപ്രായപ്പെട്ടത്. അതോടൊപ്പം ഗുജറാത്ത് വികസന മോഡലിനേയും അദ്ദേഹം പ്രശംസിച്ചു. തെലങ്കാനയ്ക്ക് വികസിക്കണമെങ്കില്‍ ഗുജറാത്തിനെ മാതൃകയാക്കണമെന്നാണ് അദ്ദേഹം പറഞ്ഞത്.
കേന്ദ്ര സര്‍ക്കാരുമായി പ്രശ്‌നമത്തിലേര്‍പ്പെട്ടതുകൊണ്ട് കാര്യമില്ലെന്നും കേന്ദ്രത്തിന്റെ പിന്തുണയില്ലാതെ സംസ്ഥാനങ്ങള്‍ക്ക് വികസനം സാദ്ധ്യമാകില്ലെന്നും രേവന്ത് അഭിപ്രായപ്പെട്ടു. അഞ്ച് ട്രില്യണ്‍ ഡോളറിന്റെ സമ്പദ് വ്യവസ്ഥയായി മാറുകയെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്‌നത്തിനായി പ്രവര്‍ത്തിക്കാന്‍ തെലങ്കാനയും മുന്നിലുണ്ടാകുമെന്നും രേവന്ത് കൂട്ടിച്ചേര്‍ത്തു.
ഹൈദരാബാദും തെലങ്കാനയും രാജ്യത്തിന്റെ വികസന പ്രവര്‍ത്തനങ്ങളില്‍ കേന്ദ്രത്തെ സഹായിക്കുമെന്ന് പറഞ്ഞ രേവന്ത് മെട്രോ പദ്ധതിക്കായി കേന്ദ്ര സര്‍ക്കാരില്‍ നിന്ന് ഫണ്ട് അഭ്യര്‍ത്ഥിക്കുകയും ചെയ്തു. അതേസമയം, ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി തെലങ്കാന സന്ദര്‍ശനത്തിലാണ് പ്രധാനമന്ത്രി.
സംസ്ഥാനത്ത് 56,000 കോടി രൂപയുടെ 30 പദ്ധതികള്‍ക്കാണ് പ്രധാനമന്ത്രി തറക്കല്ലിട്ടത്. അദിലാബാദില്‍ പദ്ധതികള്‍ ഉദ്ഘാടനം ചെയ്ത ശേഷം 140 കോടി ഇന്ത്യക്കാരാണ് തന്റെ കുടുംബമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
രാജ്യത്തിന്റെ വികസനമാണ് ബിജെപിയുടെ ലക്ഷ്യമെന്നും അതുകൊണ്ടാണ് തെലങ്കാനയിലെ ജനങ്ങള്‍ പോലും അടുത്ത തവണ 400 സീറ്റ് എന്ന മുദ്രാവാക്യം ഏറ്റെടുത്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |