കണ്ണൂർ: രണ്ടുതവണ നോബൽ സമ്മാനം നേടിയ മേരി ക്യൂറിയുടെ പേരിലുള്ള അന്താരാഷ്ട്ര പ്രശസ്ത ശാസ്ത്ര ഗവേഷണ ഫെലോഷിപ്പിന് അർഹയായ കണ്ണൂർ സ്വദേശി എൻ. അനുശ്രീ ആദ്യ വിദേശയാത്രയ്‌ക്കുള്ള ഒരുക്കത്തിലാണ്. ഗ്രീസിലെ ക്രെറ്റെ സർവകലാശാലയിൽ തിയററ്റിക്കൽ കണ്ടൻസ്ഡ് മാറ്റർ ഫിസിക്സിൽ നാലുവർഷത്തെ ഡോക്‌ടറൽ ഗവേഷണത്തിനാണ് ഫെലോഷിപ്പ്. 1. 21 ലക്ഷം യൂറോ (ഒരു കോടി രൂപ) ആണ് ലഭിക്കുന്നത്. മേയ് ഒന്നിന് യാത്ര തിരിക്കും.
കെ.എസ്.ആർ.ടി.സി ഡ്രൈവർ തലശ്ശേരി ചമ്പാട് 'രാമനിലയ"ത്തിൽ കനകരാജന്റെയും രാധികയുടെയും മകളാണ് അനുശ്രീ. മേരി ക്യൂറി ഫെലോഷിപ്പ് യൂറോപ്യൻ ഡോക്‌ടറൽ നെറ്റ്‌വർക്കിന് (ടോപ്‌കോം) കീഴിൽ 11 ഗവേഷണ പ്രാജക്ടുകളിലേക്ക് ഓൺലൈനായാണ് അനുശ്രീ അപേക്ഷിച്ചത്. ഇതിൽ ഒരു പ്രൊജക്ടിലേക്കാണ് തിരഞ്ഞെടുക്കപ്പെട്ടത്. ഓൺലൈനിൽ രണ്ട് അഭിമുഖ പരീക്ഷയുണ്ടായിരുന്നു. ഭൗതിക ശാസ്ത്രത്തിലെ അടിസ്ഥാന കാര്യങ്ങളാണ് കൂടുതലും ചോദിച്ചത്.
കഴിഞ്ഞ വർഷം കണ്ണൂർ എസ്.എൻ. കോളേജിൽ ഫിസിക്സ് എം.എസ്.സി പൂർത്തിയാക്കിയ അനുശ്രീക്ക് ജെ.ആർ.എഫ് ലഭിച്ചിരുന്നു. കേരള തിയറിറ്റിക്കൽ ഫിസിക്സ് ഇനീഷ്യേറ്റീവ് സംഘടിപ്പിച്ച ആക്ടീവ് റിസർച്ച് ട്രെയിനിംഗ് പ്രോഗ്രാമിൽ പ്രൊജക്ട് ചെയ്യാനും അവസരം ലഭിച്ചു.
മലയാളം മീഡിയത്തിൽ നിന്ന്
കണ്ണൂർ ചമ്പാട് ചേതാവൂർ ഹയർസെക്കൻഡറി സ്‌കൂളിൽ മലയാളം മീഡിയത്തിലായിരുന്നു അനുശ്രീയുടെ പ്രാഥമിക വിദ്യാഭ്യാസം. തിരുവങ്ങാട് ഹയർസെക്കൻഡറി സ്‌കൂളിൽ നിന്ന് പ്ലസ്ടുവും ഗവ.ബ്രണ്ണൻ കോളേജിൽ നിന്ന് ബിരുദവും നേടി. സംസ്ഥാന സ്‌കൂൾ കലോത്സവത്തിലും യൂണിവേഴ്സിറ്റി കലോത്സവത്തിലും സംസ്‌കൃത രചനാമത്സരങ്ങളിൽ സമ്മാനം നേടിയിരുന്നു. ബി.എസ്‌സി നഴ്സിംഗ് വിദ്യാർത്ഥിനി അനുപ്രിയയാണ് സഹോദരി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |