തൃശൂർ: 79കാരനായ വിജയരാഘവനും 75വയസുള്ള സുലോചനയും ജീവിതയാത്രയിൽ ഒരുമിച്ചു; ഇരുവരും താമസിക്കുന്ന സർക്കാർ വയോജനമന്ദിരം ജീവിതസായാഹ്നത്തിൽ അവർക്ക് 'സ്‌നേഹമന്ദിര'മായി.
സ്‌നേഹത്തിനു മുമ്പിൽ പ്രായമൊരു തടസമല്ലെന്ന് തെളിയിക്കുകയായിരുന്നു ഇരുവരും. സ്‌പെഷ്യൽ മാര്യേജ് ആക്ട് പ്രകാരമാണ് ഇരുവരും രാമവർമ്മപുരം വയോജനമന്ദിരത്തിൽ വിവാഹിതരായത്. തൃശൂർ പേരാമംഗലം സ്വദേശി വിജയരാഘവൻ 2019ലാണ് മന്ദിരത്തിലെത്തിയത്. സ്വന്തമായി ചെടികളുടെ നഴ്‌സറി നടത്തിയിരുന്ന വിജയരാഘവൻ, ഉപഭോക്തൃ മാസികയിൽ ലേഖകനായിരുന്നു. ടൈപ്പിസ്റ്റായിരുന്ന ഭാര്യ വിലാസിനി മസ്തിഷ്‌കാഘാതം സംഭവിച്ചാണ് മരിച്ചത്. മക്കളില്ല. ഇരിങ്ങാലക്കുട സ്വദേശി സുലോചന 2024ലാണ് വയോജനമന്ദിരത്തിലെത്തിയത്. ഭർത്താവ് വേലായുധൻ 26 വർഷം മുമ്പ് ക്യാൻസർ ബാധിതനായി മരിച്ചു. മക്കളില്ല. ഇരുവർക്കും കരിങ്കൽ പണിയായിരുന്നു. ചികിത്സയുടെ ഭാഗമായി വീടുവിറ്റു. തുടർന്നാണ് വയോജനമന്ദിരത്തിലെത്തിയത്.
കുറിച്ചുദിവസം മുമ്പാണ് വിവാഹിതരായി ഒരുമിച്ച് മന്ദിരത്തിൽ കഴിയാൻ ഇരുവരും തീരുമാനിച്ചത്. പരസ്പരം തുണയാകാൻ തീരുമാനിച്ചപ്പോൾ വാർഡനെ വിവരമറിയിക്കുകയായിരുന്നു. അങ്ങനെ,സാമൂഹിക നീതി വകുപ്പാണ് ചടങ്ങിന് നേതൃത്വം നൽകിയത്. മന്ത്രി ആർ.ബിന്ദു,മേയർ എം.കെ.വർഗീസ് എന്നിവർ വിവാഹത്തിന് സാക്ഷികളായി.
കോർപ്പറേഷൻ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ശ്യാമള മുരളീധരൻ,ജില്ലാ സാമൂഹികനീതി ഓഫീസർ കെ.ആർ.പ്രദീപൻ, വൃദ്ധസദനം സൂപ്രണ്ട് കെ.രാധിക,കൗൺസിലർമാർ,മറ്റ് അന്തേവാസികൾ തുടങ്ങിയവർ ഇരുവരുടെയും സന്തോഷത്തിൽ പങ്കുചേർന്നു.
രാമവർമ്മപുരം വയോജന മന്ദിരത്തിലെ അന്തേവാസികളായ വിജയരാഘവൻ ചേട്ടനും സുലോചന ചേച്ചിയും വിവാഹിതരായി.
ചടങ്ങിൽ സന്തോഷത്തോടെ സാക്ഷിയായി. ജീവിതസായന്തനത്തിൽ സന്തോഷവും സ്‌നേഹവും പങ്കുവച്ച് ഹൃദ്യമായ ഒരു ദാമ്പത്യം ഇവർക്കുണ്ടാകട്ടെ. ഇരുവർക്കും ഹൃദയം നിറഞ്ഞ വിവാഹ മംഗളാശംസകൾ.
- മന്ത്രി ആർ.ബിന്ദു (ഫേസ്ബുക്കിൽ കുറിച്ചത്)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |