SignIn
Kerala Kaumudi Online
Wednesday, 18 February 2026 9.30 PM IST

സിദ്ധാർത്ഥിന്റെ മരണം; ആരോപണ വിധേയന്റെ അമ്മയുടെ പ്രാക്‌ടീസ് കേന്ദ്രത്തിന് നേരെ ആക്രമണം

Increase Font Size Decrease Font Size Print Page
sidharth

തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ മരണത്തിൽ പങ്കുണ്ടെന്ന് ആരോപിക്കപ്പെട്ട വിദ്യാർത്ഥിയുടെ അമ്മ പ്രാക്ട‌ീസ് ചെയ്യുന്ന കേന്ദ്രത്തിന് നേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം. ഡോക്ട‌റായ ബിന്ദു സുന്ദർ സ്വകാര്യ പ്രാക്ടീസ് നടത്തുന്ന സ്ഥലത്താണ് പ്രതിഷേധമുണ്ടായത്.

സിദ്ധാർഥിന്റെ കുറക്കോട് വീടിന് സമീപത്താണ് നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ ഡോ. ബിന്ദു സുന്ദർ സ്വകാര്യ പ്രാക്ടീസ് നടത്തുന്നത്. ബിന്ദുവിന്റെ മകൻ കേസിലെ പ്രതിയാണെന്നാരോപിച്ച് പ്രവർത്തകർ പ്രാക്‌ടീസ് റൂമിലേക്ക് അതിക്രമിച്ച് കയറി നെയിം ബോർഡ് റോഡിലേക്ക് വലിച്ചെറിയുകയായിരുന്നു.

അതേസമയം, സിദ്ധാർത്ഥിന്റെ മരണത്തിൽ ഡിജിറ്രൽ തെളിവുകൾ തേടുകയാണ് പൊലീസ്. ഇതിനായി പ്രതികളുടെ ഫോൺ വിശദമായി പരിശോധിക്കും. സിദ്ധാർത്ഥിനെ മർദിക്കുന്ന ദൃശ്യം അല്ലെങ്കിൽ ചിത്രം എടുത്തിരുന്നോ എന്ന് പരിശോധിക്കാനാണിത്. സൈബർ സെല്ലിന്റെ സഹായത്തോടെ ഉടൻ പരിശോധന പൂർത്തിയാക്കും. മരണശേഷം പ്രതികൾ നടത്തിയ സന്ദേശ കൈമാറ്റവും നിർണായകമെന്നാണ് പൊലീസ് അറിയിച്ചത്.

സിദ്ധ‍ാ‍‍ര്‍ത്ഥിനെ ക്രൂരമായി മര്‍ദിച്ച പ്രധാന പ്രതി സിൻജോ ജോൺസൻ കരാട്ടെ ബ്ലാക്ക് ബെൽറ്റ് ആണെന്ന് പൊലീസ് ഇന്നലെ അറിയിച്ചിരുന്നു. കൈവിരലുകൾ കൊണ്ട് സിൻജോ കണ്ഠനാളം അമര്‍ത്തിയതോടെ സിദ്ധാര്‍ത്ഥിന് ദാഹജലം പോലും ഇറക്കാൻ കഴിയാത്ത അവസ്ഥയായി. പ്രതിപ്പട്ടികയിലേക്ക് മറ്റുചിലർ കൂടി ഉൾപ്പെടാനുള്ള സാദ്ധ്യതയുണ്ട്. സിദ്ധാര്‍ത്ഥൻ അനുഭവിച്ചത് കൊടും ക്രൂരതയാണെന്നാണ് വിദ്യാര്‍ത്ഥികൾ പൊലീസിന് നല്‍കിയ മൊഴി. കരാട്ടെയില്‍ ബ്ലാക്ക് ബെൽട്ടുനേടിയ പ്രധാനപ്രതി സിൻജോ ജോൺസൺ അഭ്യാസ മികവ് മുഴുവൻ സിദ്ധാര്‍ത്ഥിനുമേൽ പ്രയോഗിച്ചു. ഒറ്റച്ചവിട്ടിന് താഴെയിട്ടു. ദേഹത്ത് തള്ളവിരൽ പ്രയോഗവും നടത്തി.

TAGS: SIDHARTH, K MURALEEDHARAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY