കണ്ണൂർ: തലശേരി മുതൽ മാഹി വരെയുള്ള ആറുവരിപാതയായ തലശേരി-മാഹി ബൈപ്പാസിന്റെ ഉദ്ഘാടനം ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിക്കും. രാവിലെ 11 മണിയോടെ ഓൺലൈനായി ആകും ഉദ്‌ഘാടനം. ഇതിന് മുന്നോടിയായി ഇന്ന് രാവിലെ എട്ട് മണിമുതൽ ഇതുവഴി കടന്നുപോകുന്ന വാഹനങ്ങൾക്ക് ടോൾ പിരിച്ചുതുടങ്ങി. പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്, സ്‌പീക്കർ എ.എൻ ഷംസീർ എന്നിവർ ഉദ്ഘാടന ചടങ്ങിൽ നേരിട്ട് പങ്കെടുക്കും.
തലശേരി, മാഹി എന്നീ തിരക്കേറിയ നഗരങ്ങളിൽ കയറാതെ കണ്ണൂരിൽ നിന്ന് കോഴിക്കോട് അഴിയൂരിൽ എത്തുന്ന ആറുവരി പാതയാണ് ബൈപ്പാസ്. 45 മീറ്റർ വീതിയും 18.6 കിലോമീറ്റർ നീളവുമുള്ള ബൈപ്പാസ് നീണ്ട 47 വർഷത്തെ പ്രദേശവാസികളുടെ കാത്തിരിപ്പിന്റെ ഫലമാണ്. 1977ലാണ് സ്ഥലമെടുപ്പ് ആരംഭിച്ചത്. എന്നാൽ ആദ്യ മോദി സർക്കാരിന്റെ കാലത്ത് 2018ൽ മാത്രമാണ് നിർമ്മാണം ആരംഭിക്കാനായത്. ബിജെപി സംസ്ഥാന അദ്ധ്യക്ഷനും കണ്ണൂരിലെ ബിജെപി സ്ഥാനാർത്ഥി സി.രഘുനാഥും ഇന്ന് ബൈപ്പാസിൽ റോഡ്ഷോ നടത്തും. കാർ, ജീപ്പടക്കം വാഹനങ്ങൾക്ക് ഒരുവശത്തേക്ക് 65 രൂപയും ബസിന് 225 രൂപയുമാണ് ടോൾ നിരക്ക്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |