പരിക്കേറ്റ മൂന്ന് പേരുടെ നില ഗുരുതരം
ആലപ്പുഴ:ഒന്നരമാസം മുമ്പ് ആലപ്പുഴ മെഡിക്കൽ കോളേജിൽ എം.ബി.ബി.എസ് പഠനത്തിന് എത്തിയ അഞ്ച് കൂട്ടുകാർ ഇന്നലെ കോളേജിലെ ലൈബ്രറി ഹാളിന് മുന്നിൽ ചേതനയറ്റ് കിടന്നു. സുഹൃത്തുക്കളും അദ്ധ്യാപകരും വിങ്ങിപ്പൊട്ടി. പൊട്ടിക്കരച്ചിലുകൾക്കിടെ ക്യാമ്പസിൽ നിന്ന് അവർ അവസാന യാത്രയായി...
തിങ്കളാഴ്ച രാത്രി 9.30ഓടെ ആലപ്പുഴ കളർകോട്ട് കാറും കെ.എസ്.ആർ.ടി.സി ബസും കൂട്ടിയിടിച്ച് മരിച്ച അഞ്ച് വിദ്യാർത്ഥികളുടെ മൃതദേഹങ്ങൾ ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയാണ് കോളേജിൽ പൊതുദർശനത്തിനെത്തിച്ചത്. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മന്ത്രിമാരായ സജി ചെറിയാൻ, വീണാജോർജ്, പി.പ്രസാദ് തുടങ്ങി നൂറുകണക്കിനുപേർ അന്തിമോപചാരമർപ്പിച്ചു.
ഒന്നാംവർഷ വിദ്യാർത്ഥികളായ മലപ്പുറം കോട്ടയ്ക്കൽ ശ്രീവൈഷ്ണവത്തിൽ (പാല, മറ്റക്കര പൂവക്കുളത്ത് കുടുംബാംഗം) ദേവനന്ദൻ (20), പാലക്കാട് ശേഖരപുരം ശ്രീവിഹാർ ശ്രീദേവ് വത്സൻ (20), കോട്ടയം പൂഞ്ഞാർ ചെന്നാട് കരിങ്ങുഴിക്കൽ (കുട്ടനാട് കാവാലം സ്വദേശി ) ആയുഷ് ഷാജി (20), ലക്ഷദ്വീപ് ആൻഡ്രോത്ത് ഐലൻഡ് പക്രിച്ചിയാപുര ഹൗസിൽ മുഹമ്മദ് ഇബ്രാഹിം (20),കണ്ണൂർ വേങ്ങര മടായി പാണ്ഡ്യാല ഹൗസിൽ മുഹമ്മദ് അബ്ദുൾ ജബ്ബാർ(20) എന്നിവരാണ് നാടിന്റെ കണ്ണീരായത്.
ലക്ഷദ്വീപ് സ്വദേശിയുടേത് ഒഴികെ മൃതദേഹങ്ങൾ വീടുകളിലെത്തിച്ചു. ദേവനന്ദന്റെയും ആയുഷിന്റെയും സംസ്കാരം ഇന്ന്. മറ്റുള്ളവരുടേത് ഇന്നലെ നടത്തി. ലക്ഷദ്വീപിലേക്ക് മൃതദേഹം കൊണ്ടുപോകുന്നതിന്റെ ബുദ്ധിമുട്ടു കാരണം ഇബ്രാഹിന്റെ മൃതദേഹം കൊച്ചിയിൽ കബറടക്കി.
കാറിൽ 11 വിദ്യാർത്ഥികളായിരുന്നു. പരിക്കേറ്റ അഞ്ചുപേർ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലാണ്. എടത്വ സ്വദേശി ആൽവിൻ ജോർജ്, ചേർത്തല സ്വദേശി കൃഷ്ണദേവ്, എറണാകുളം സ്വദേശി ഗൗരീശങ്കർ, കൊല്ലം ചവറ പന്മന സ്വദേശി മുഹസിൻ മുഹമ്മദ്, കൊല്ലം പോരുവഴിയിൽ ആനന്ദ് മനു എന്നിവർക്കാണ് പരിക്കേറ്റത്. പുതുക്കുറിച്ചി സ്വദേശി ഷെയിൻ ഡെൻസ്റ്റന് പരിക്കില്ല. നില ഗുരുതരമായ കൃഷ്ണദേവ്, ആൽവിൻ, ആനന്ദ് എന്നിവർ . വെന്റിലേറ്ററിലാണ്.
ഓവർടേക്ക് ചെയ്തു,
അപകടത്തിൽ പെട്ടു
വിദ്യാർത്ഥികളുടെ ടവേര കാർ അമിത വേഗത്തിൽ മറ്റൊരു വാഹനത്തെ ഓവർടേക്ക് ചെയ്ത് പെട്ടെന്ന് ബ്രേക്കിട്ടതോടെ തെന്നി വലത്തോട്ട് വെട്ടിത്തിരിഞ്ഞ് എതിരെ വന്ന ബസിൽ ഇടിക്കുകയായിരുന്നു. കാറിന്റെ ഇടതുഭാഗമാണ് ബസിൽ ഇടിച്ചത്. കനത്ത മഴ അപകടത്തിന്റെ ആക്കംകൂട്ടി. അപകടത്തിന്റെ സി.സി ടിവി ദൃശ്യങ്ങൾ പുറത്തുവന്നു. കാറോടിച്ചത് ഗൗരി ശങ്കറാണ്. ഡ്രൈവിംഗിൽ ഗൗരിശങ്കറിന്റെ പരിചയക്കുറവും അപകടത്തിന്റെ തീവ്രത കൂട്ടി.
ആലപ്പുഴ ആർ.ടി.ഒ എ.കെ ദിലുവിന്റെ നേതൃത്വത്തിൽ വാഹനങ്ങൾ പരിശോധിച്ച് ട്രാൻസ്പോർട്ട് കമ്മിഷണർക്ക് റിപ്പോർട്ട് നൽകി. സിനിമയ്ക്ക് പോകാൻ കാക്കാഴം സ്വദേശി ഷാമിൽഖാൽ നിന്ന് വിദ്യാർത്ഥികൾ കാർ വാടകയ്ക്ക് എടുക്കുകയായിരുന്നു.
കാറിന് കാലപ്പഴക്കം
14 വർഷം പഴക്കമുള്ള കാറിൽ എയർബാഗ്, ആന്റിലോക്ക് ബ്രേക്കിംഗ് തുടങ്ങിയ സുരക്ഷാ സംവിധാനങ്ങളില്ലാത്തതും അശ്രദ്ധമായ ഡ്രൈവിംഗും
റോഡിലെ വെളിച്ചക്കുറവും കനത്തമഴയും അപകട കാരണമായെന്നാണ് ആർ.ടി.ഒയുടെ റിപ്പോർട്ട്
അശ്രദ്ധമായ ഡ്രൈവിംഗിനും ജീവഹാനിക്കും കെ.എസ്.ആർ.ടി.സി ഡ്രൈവർക്കെതിരെയാണ് കേസ്
സി.സി ടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ കാറോടിച്ച വിദ്യാർത്ഥിക്കെതിരെയും കേസെടുത്തേക്കും. കാറുടമയേയും പൊലീസ് വിളിപ്പിച്ചിട്ടുണ്ട്.
.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |