സ്ഥാനാർത്ഥികൾ കളം നിറഞ്ഞതോടെ തിരഞ്ഞെടുപ്പ് താപനില നാൾക്കുനാൾ ഉയരുകയാണ്. മൂന്ന് മുന്നണികളും ഉഷാറായതോടെ പല മണ്ഡലങ്ങളിലും വീറും വാശിയും നിറഞ്ഞ ത്രികോണ പോരാട്ടമാണ് അരങ്ങേറുന്നത്. യു.ഡി.എഫിന്റെയും, എൽ.ഡി.എഫിന്റെയും, എൻ.ഡി.എയുടെയും സ്ഥാനാർത്ഥികൾക്ക് പറയാനുള്ള രാഷ്ട്രീയം എന്താണ്? സംസ്ഥാനത്തുടനീളം മത്സരിക്കുന്ന പ്രമുഖ സ്ഥാനാർത്ഥികളുടെ രാഷ്ട്രീയ അജൻഡ വിശദീകരിക്കുകയാണ് 'നിലപാട്" കോളത്തിലൂടെ. തുടക്കത്തിൽ സാമൂതിരിയുടെ മണ്ണിൽ ഏറ്റുമുട്ടുന്ന കോഴിക്കോട്ടെ ഇടത്-വലത്, എൻ.ഡി.എ സ്ഥാനാർത്ഥികൾ രാഷ്ട്രീയം പറയുന്നു.
ലക്ഷ്യം മതേതര സർക്കാർ -എം.കെ. രാഘവൻ (കോഴിക്കോട് യു.ഡി.എഫ് സ്ഥാനാർത്ഥി)
ബി.ജെ.പി നേതൃത്വം നൽകുന്ന എൻ.ഡി.എയുടെ പ്രഖ്യാപിത അജൻഡ കോൺഗ്രസ് മുക്ത ഭാരതമാണ്. കേരളത്തിൽ സി.പി.എം നേതൃത്വം നൽകുന്ന എൽ.ഡി.എഫ് ഉയർത്തുന്നതാകട്ടെ കോൺഗ്രസ് മുക്ത കേരളവും. ഇവർക്ക് രണ്ടുപേർക്കുമെതിരേയാണ് യു.ഡി.എഫ് യു.പി.എ കക്ഷികളുടെ പോരാട്ടം. കേരളത്തിൽ ബി.ജെ.പിക്കും സി.പി.എമ്മിനും ഒരു സീറ്റും കിട്ടാൻ പോകുന്നില്ല. മൂന്നാം സ്ഥാനത്തിനപ്പുറത്തേക്ക് ഒരിടത്തും ബി.ജെ.പിക്ക് മാർജിനുണ്ടാക്കാനാവില്ല. അത്രയും ശക്തമാണ് കേരളത്തിൽ ഇടത്-വലത് മുന്നണികളുടെ പോരാട്ടം. രാജ്യത്ത് കേരളത്തിലല്ലാതെ സി.പി.എമ്മിനോ സഖ്യകക്ഷികൾക്കോ എവിടെയാണ് മത്സരം. ബി.ജെ.പിയുടെ വർഗീതയെയും ഫാസിസ്റ്റ് നയങ്ങൾക്കുമെതിരെ കോൺഗ്രസിനല്ലാതെ പോരാടൻ എന്ത് കരുത്താണ് അവർക്കുള്ളത്. കോഴിക്കോട്ടായാലും വടകരയിലായാലും കോൺഗ്രസ് നയിക്കുന്ന യു.ഡി.എഫിന്റെ പോരാട്ടം ബി.ജെ.പിക്കെതിരെ മാത്രമാണ്. മോദിയെ താഴെയിറക്കി കേന്ദ്രത്തിൽ ഒരു മതേതര സർക്കാരുണ്ടാക്കുക. അതുമാത്രമാണ് ഈ തിരഞ്ഞെടുപ്പിൽ ഞങ്ങൾ ഉന്നയിക്കുന്ന രാഷ്ട്രീയം.
കോൺഗ്രസിനെ വിശ്വസിക്കാനാവില്ല - എളമരം കരീം (എൽ.ഡി.എഫ് സ്ഥാനാർത്ഥി)
ഇടതുപക്ഷത്തിന്റെ പോരാട്ടം, അത് കോഴിക്കോട്ടായാലും മറ്റ് മണ്ഡലങ്ങളിലായാലും ബി.ജെ.പി സർക്കാരിന്റെ തീവ്രവർഗീയ നിലപാടുകൾക്കും ഉദാരവത്കരണ നയങ്ങൾക്കുമെതിരായതാണ്. കേരളത്തിന്റെ സാമ്പത്തിക അവസ്ഥ അങ്ങേയറ്റം അവതാളത്തിലാക്കുകയും പെൻഷൻ പോലും തടഞ്ഞുവയ്ക്കുന്ന അവസ്ഥയുണ്ടായിട്ടും കേരളത്തിലെ യു.ഡി.എഫ് എം.പിമാർ ചെറുവിരലനക്കിയില്ല. സംസ്ഥാന സർക്കാർ കേന്ദ്രത്തിൽ നടത്തിയ സമരത്തോടുപോലും മുഖം തിരിഞ്ഞുനിന്നു. അതുകൊണ്ടുതന്നെ ബി.ജെ.പിക്ക് ബദലാവാൻ ഇടതുസ്ഥാനാർത്ഥികളെ തിരഞ്ഞെടുക്കുക എന്നതുമാത്രമാണ് ജനത്തിനു മുന്നിലുള്ള വഴി. അതുതന്നെയാണ് ഇടത് സ്ഥാനാർത്ഥികൾ ഈ തിരഞ്ഞെടുപ്പിൽ ഉന്നയിക്കുന്ന രാഷ്ട്രീയവും. കോഴിക്കോട്ടെ എം.പി കഴിഞ്ഞ 15വർഷമായി ലോക് സഭയിലേക്ക് പോകുന്നു. ഈ മണ്ഡലത്തിന്റെ പൊതുവായ വികസനത്തിലോ, ബി.ജെ.പി സർക്കാരിന്റെ വർഗീയ ഫാസിസ്റ്റ് നയങ്ങൾക്കെതിരേയോ അദ്ദേഹത്തിന്റെ ഭാഗത്തു നിന്ന് ഒരു ചലനവും ചെറുത്തു നിൽപും ഉണ്ടായിട്ടില്ല. അത് ഇത്തവണ തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കും.
മോദിയുടെ ഗ്യാരന്റിയാണ് മുഖ്യം - എം.ടി. രമേഷ് (എൻ.ഡി.എ സ്ഥാനാർത്ഥി)
നരേന്ദ്രമോദിയുടെ ഗ്യാരന്റി, വിശ്വാസ്യതയുടെ ഗ്യാരന്റി, അതാണ് കോഴിക്കോട്ടും എൻ.ഡി.എ ഉയർത്തുന്ന മുദ്യാവാക്യം. മോദിക്കൊരു വോട്ടെന്ന മുദ്രാവാക്യം ഉയർത്തുമ്പോൾ കോഴിക്കോടിനും അതിൽ നിന്ന് മാറിനിൽക്കാനാവില്ല. മോദിസർക്കാരിന്റെ വർഗീയ ഫാസിസ്റ്റ് നയങ്ങൾക്കെതിരെ വോട്ടെന്ന മുദ്രാവാക്യവുമായി ഇടത്-വലത് സ്ഥാനാർത്ഥികൾ മുന്നോട്ടുപോകുമ്പോൾ വസ്തുതകൾ ബോദ്ധ്യപ്പെടുത്താൻ അവർ തയ്യാറാവണം. കഴിഞ്ഞ പത്തുവർഷം മോദി കേന്ദ്രം ഭരിച്ചപ്പോൾ രാജ്യത്തെ എവിടേയെങ്കിലും ഒരു വർഗീയ കലാപം നടന്നതായി ചൂണ്ടിക്കാണിക്കാനാവുമോ. പിന്നെ ന്യൂനപക്ഷങ്ങളെ അടിച്ചമർത്തുന്നെന്ന വിമർശനം. എവിടെയാണ് അത്തരം സംഭവങ്ങളുണ്ടായത്. വികസനവും ക്ഷേമ പ്രവർത്തനങ്ങളുമാണ് മോദിസർക്കാർ ലക്ഷ്യമിടുന്നത്. അതിൽ മതവും ജാതിയുമില്ല. 15 വർഷം കോഴിക്കോടിനെ തുടർച്ചയായി ഒരു എം.പി പ്രതിനിധാനം ചെയ്തതു തന്നെയാണ് ഈ നഗരത്തിന്റെ ദുരന്തം. രാജ്യത്തെ നഗരങ്ങളെല്ലാം ഏതുരീതിയിൽ വികസിച്ചു. കോഴിക്കോടിന്റെ അവസ്ഥ എന്താണ്. നരേന്ദ്രമോദിയുടെ വികസന പദ്ധതികൾ സ്വന്തമെന്നു പറഞ്ഞുള്ള അവകാശവാദങ്ങളെല്ലാം ഈ തിരഞ്ഞെടുപ്പോടെ അവസാനിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |