SignIn
Kerala Kaumudi Online
Thursday, 19 February 2026 1.34 AM IST

എസ്.എഫ്.ഐ നേതാവിന്റെ വ്യാജബിരുദ കേസ്: നീക്കിയ പ്രിൻസിപ്പലിന്റെ സ്ഥിരപ്പെടുത്തൽ വി.സി തടഞ്ഞു

Increase Font Size Decrease Font Size Print Page
kerala-university

തിരുവനന്തപുരം: കായംകുളം എം.എസ്.എം കോളേജിൽ ബികോമിന് തോറ്റ എസ്.എഫ്.ഐ മുൻ നേതാവ് നിഖിൽ തോമസ് ഛത്തീസ്ഗഡിലെ കലിംഗ സർവകലാശാലയുടെ വ്യാജ സർട്ടിഫിക്കറ്റുമായി എം.കോമിന് പ്രവേശനം നേടിയതിൽ വീഴ്ച കണ്ടെത്തി നീക്കം ചെയ്ത മുൻ പ്രിൻസിപ്പൽ ഡോ. മുഹമ്മദ് താഹയെ സ്ഥിരം പ്രിൻസിപ്പലാക്കാനുള്ള നീക്കം കേരള സർവകലാശാല വി.സി തടഞ്ഞു. ഷിജുഖാന്റെ നേതൃത്വത്തിലുള്ള സിൻഡിക്കേറ്റ് ഉപസമിതിയാണ് ഈ ശുപാർശ നൽകിയിരുന്നത്. ഇന്നലെ ചേർന്ന സിൻ‌ഡിക്കേറ്റ് യോഗത്തിൽ ഇത് അംഗീകരിക്കാനാവില്ലെന്ന് വി.സി ഡോ.മോഹനൻ കുന്നുമ്മേൽ നിലപാടെടുത്തു. വിശദമായി പരിശോധിച്ച ശേഷം തീരുമാനിക്കാമെന്ന് ചൂണ്ടിക്കാട്ടി വി.സി ശുപാർശ മാറ്റിവച്ചു.

സംഭവത്തിൽ കോളേജ് അധികൃതർക്ക് ഗുരുതര വീഴ്ചയുണ്ടായെന്നും വിദ്യാർത്ഥിയെ അദ്ധ്യാപകർ തിരിച്ചറിഞ്ഞില്ലെന്നത് ഗൗരവതരമാണെന്നും അന്വേഷണത്തിൽ കണ്ടെത്തിയാണ് പ്രിൻസിപ്പലിനെയും വകുപ്പ് മേധാവിയെയും നീക്കിയത്. കേരള സർവകലാശാലയിൽ ഹാജരാക്കിയ സർട്ടിഫിക്കറ്റ്, മാർക്ക് ലിസ്റ്റ്, ടിസി, പ്രൊവിഷണൽ സർട്ടിഫിക്കറ്റ് എന്നിവയെല്ലാം വ്യാജമാണെന്ന് കലിംഗ സർവകലാശാലാ രജിസ്ട്രാർ അറിയിച്ചിരുന്നു. വ്യാജ സർട്ടിഫിക്കറ്റിൽ പ്രവേശനം നേടിയത് സർവകലാശാലയുടെ അന്തസ് ഇടിച്ചെന്നായിരുന്നു രജിസ്ട്രാറുടെ റിപ്പോർട്ട്. നിഖിലിന്റെ വ്യാജ ബിരുദം സംബന്ധിച്ച വിവരാകാശ അപേക്ഷ മാസങ്ങൾക്കു മുൻപ് കോളേജിൽ ലഭിച്ചെങ്കിലും അധികൃതർ മറച്ചുവച്ചെന്നും കണ്ടെത്തിയിരുന്നു. ഒരു മുൻ സിൻഡിക്കേറ്റംഗത്തിന്റെ ശുപാർശയിലാണ് കോളേജ് യൂണിയൻ കൗൺസിലർ കൂടിയായായിരുന്ന നിഖിലിന് പ്രവേശനം നൽകിയതെന്ന് കോളേജ് അധികൃതർ വെളിപ്പെടുത്തിയിരുന്നു.നിഖിലിന്റെ രജിസ്ട്രേഷനും നിഖിലിന് നൽകിയ തുല്യതാ സർട്ടിഫിക്കറ്റും നേരത്തേ റദ്ദാക്കിയിരുന്നു

TAGS: KERALA UNIVERSITY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY