ഇന്ത്യയിലെ ഏറ്റവും വലിയ ശതകോടീശ്വരന്മാരിൽ ഒരാളായ മുകേഷ് അംബാനിയും കുടുബംവും ഇന്ത്യക്കാർക്ക് സുപരിചിതരാണ്. അബാംനി കുടുംബത്തിന്റെ ഓരോ വിശേഷങ്ങളും കൗതുകത്തോടെ കേൾക്കുന്നവരാണ് ഇന്ത്യക്കാർ. അടുത്തിടെ ഇളയ മകൻ അനന്ത് അംബാനിയുടെ പ്രീ വെഡ്ഡിംഗ് ആഘോഷം സോഷ്യൽ മീഡിയിൽ അടക്കം ചർച്ചയായിരുന്നു. ലോക കോടീശ്വരന്മാരും ബോളിവുഡ് താരങ്ങളും പങ്കെടുത്ത വിവാഹച്ചടങ്ങ് അക്ഷരാർത്ഥത്തിൽ ഇന്ത്യ കണ്ട ഏറ്റവും വലിയ വിവാഹപാർട്ടികളിൽ ഒന്നായിരുന്നു. ഇപ്പോഴിതാ സോഷ്യൽ മീഡിയയിലും ബിസിനസ് ലോകത്തുമുള്ള ചർച്ച വിഷയം മുകേഷ് അംബാനിക്ക് ശേഷം കമ്പനിയെ ആര് നയിക്കുമെന്ന ചോദ്യമാണ്.
മൂന്ന് മക്കളായ ആകാശും ഇഷയും അനന്തും ബിസിനസ് കാര്യത്തിൽ മിടുക്കരാണെന്നാണ് റിപ്പോർട്ട്. അതുകൊണ്ട് തന്നെ ആരെ ചുമതലയേൽപ്പിക്കുമെന്ന കാര്യം മുകേഷ് അംബാനിയെ സംബന്ധിച്ച് വെല്ലുവിളി നിറഞ്ഞ കാര്യമാണ്. മുകേഷ് അംബാനിയുടെ കുടുംബത്തിലെ എല്ലാ അംഗങ്ങൾക്കും റിലയൻസ് ഇൻഡസ്ട്രീസിൽ പങ്കാളിത്തമുണ്ട്. കമ്പനിയുടെ 0.24 ശതമാനം ഓഹരികളും ഇവരുടെ കൈവശം മാത്രമാണുള്ളത് എന്നാണ് റിപ്പോർട്ട്.
മക്കളായ ആകാശ് അംബാനി, ഇഷ അംബാനി, അനന്ത് അംബാനി എന്നിവർക്ക് മാത്രം കമ്പനിയിൽ 80,52,021 ഓഹരികൾ വീതമാണുള്ളത്. ഇത് കമ്പനിയുടെ 0.12 ശതമാനം ഓഹരിയാണ്. ആകാശ് അംബാനിയും ഇഷ അംബാനിയും റിലയൻസ് ജിയോ ഇൻഫോകോമിന്റെ ഡയറക്ടർമാരാണെങ്കിൽ, അനന്ത് അംബാനി റിലയൻസ് റീട്ടെയിൽ വെഞ്ച്വേഴ്സിന്റെ ഡയറക്ടറാണ്.
അടുത്തിടെ ഇന്ത്യ ടുഡേയ്ക്ക് അനുവദിച്ച അഭിമുഖത്തിൽ അനന്ത് അംബാനി തന്റെ സഹോദരങ്ങളുമായുള്ള ബന്ധത്തെ കുറിച്ച് തുറന്നുപറഞ്ഞിരുന്നു. ആകാശ് അംബാനി തനിക്ക് ശ്രീരാമനെ പോലെയാണെന്നും ഇഷ തനിക്ക് അമ്മയെ പോലെയാണെന്നുമാണ് അനന്ത് പറഞ്ഞത്. 'അവർ രണ്ട് പേരും എന്നെക്കാൾ മൂത്തതാണ്. ഞാൻ അവരുടെ ഹനുമാനാണ്. എന്റെ സഹോദരൻ എന്റെ രാമനാണ്, എന്റെ സഹോദരി എനിക്ക് അമ്മയെപ്പോലെയാണ്. അവർ രണ്ടുപേരും എന്നെ എപ്പോഴും സംരക്ഷിച്ചിരുന്നു. ഞങ്ങൾക്കിടയിൽ വ്യത്യാസമോ മത്സരമോ ഇല്ല. ഞങ്ങൾ ഫെവിക്വിക്കിൽ കുടുങ്ങിയത് പോലെയാണ്'- അനന്ത് അംബാനി അഭിമുഖത്തിൽ പറഞ്ഞു.
ഏറ്റവും ഒടുവിലായി പുറത്തുവന്ന റിപ്പോർട്ട് പ്രകാരം, മൂന്ന് മക്കൾക്കും കമ്പനിയിൽ തുല്യ പങ്കാളിത്തമാണുള്ളത്. മുകേഷിന് ശേഷം കമ്പനിയെ ആര് നയിക്കുമെന്ന ചോദ്യത്തിന്, മൂന്ന് പേരും ഒരുപോലെ കഴിവുള്ളവരാണെന്നാണ് ഉത്തരം. എന്നാൽ ആരാണ് നയിക്കുക എന്ന കാര്യത്തിൽ ഇതുവരെ വ്യക്തതയില്ല. ബിസിനസ് ലോകത്തെ വിദഗ്ദർ പറയുന്നത് അനന്തിന് സാദ്ധ്യത വളരെ കുറവാണെന്നാണ് ആകാശിനും ഇഷയ്ക്കും തുല്യ സാദ്ധ്യതയും കൽപ്പിക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |