ഉത്പാദനത്തിലെ ഇടിവ് നേട്ടമായി
കോട്ടയം: മഴയിൽ ഉത്പാദനം കുറഞ്ഞതോടെ റബറിനും കുരുമുളകിനും വില കുതിക്കുന്നു. ആർ.എസ്.എസ് നാലാം ഗ്രേഡ് റബർ വില 203 രൂപയിലെത്തി. ലാറ്റക്സ് വിലയും വർദ്ധിച്ചു
മഴ തോരാത്തതിനാൽ ടാപ്പിംഗ് ഭാഗികമാണ്. ഷീറ്റ് വരവ് കുറഞ്ഞതോടെ ടയർ കമ്പനികൾ കളത്തിലിറങ്ങി.ഇതോടെയാണ് വില ഉയർന്നത്.
മഴമറ വെച്ചവർക്കു പോലും തുടർച്ചയായി ടാപ്പിംഗ് നടത്താനായില്ല. ഒട്ടുപാലിനും ലാറ്റക്സിനും വില വർദ്ധിക്കുന്നതിന് ആനുപാതികമായി ഷീറ്റ് വില ഉയരുന്നില്ല. ലാറ്റക്സിന് 192 രൂപയും ഒട്ടുപാലിന് 125 രൂപയും ലഭിക്കുന്നുണ്ട്. ഷീറ്റടിക്കുന്നതിന്റെ ബുദ്ധിമുട്ടും അധിക ചെലവും ഇല്ലാത്തതിനാൽ കർഷകർ ലാറ്റക്സിലേക്കു മാറുകയാണ്. ഷീറ്റ് റബർ ഉത്പാദിപ്പിച്ചിരുന്ന വൻകിട തോട്ടങ്ങളും ലാറ്റക്സിലേക്കും ഒട്ടുപാലിലേക്കും തിരിഞ്ഞു
സ്വാഭാവിക റബറിന്റെ ഉത്പാദനം കുറയുന്നതോടെ കമ്പനികൾ ഇറക്കുമതി ആവശ്യപ്പെട്ടേക്കും. ഉത്പാദന കുറവ് പരിഹരിക്കാൻ റബർ ബോർഡിന്റെ അടിയന്തിര ഇടപെടൽ ഉണ്ടാകണമെന്ന് കർഷക സംഘടനകൾ ആവശ്യപ്പെടുന്നു.
##
രാജ്യാന്തര വില
ബാങ്കോക്കിൽ ആർ.എസ്.എസ് ഫോർ 193 രൂപ
ചൈന - 168 രൂപ
ടോക്കിയോ - 183 രൂപ
കുരുമുളകിന് കിലോയ്ക്ക് ആറ് രൂപ കൂടി
കഴിഞ്ഞ വാരം കുരുമുളക് വില കിലോക്ക് ആറ് രൂപ ഉയർന്നു. ഉത്തരേന്ത്യൻ കച്ചവടക്കാർ ഹൈറേഞ്ച് കുരുമുളകിനോട് താത്പര്യം കാട്ടിയതാണ് വില ഉയരാൻ കാരണം. ദീപാവലി വരെ ഉയർന്ന വില തുടർന്നേക്കും. കൂടുതൽ ചരക്ക് സ്റ്റോക്ക് ചെയ്യാൻ ഉത്തരേന്ത്യൻ വ്യാപാരികൾ താത്പര്യം കാട്ടുന്നതും അനുകൂലമാണ്. കർഷകർ വില ഇനിയും ഉയരുമെന്ന പ്രതീക്ഷയിൽ ചരക്ക് വിൽക്കുന്നില്ല.
കയറ്റുമതി നിരക്ക്(ഒരു ടണ്ണിന്)
ഇന്ത്യ -8100 ഡോളർ
ശ്രീലങ്ക -7000ഡോളർ
വിയറ്റ്നാം -6100 ഡോളർ
ബ്രസീൽ - 5800 ഡോളർ
ഇന്തോനേഷ്യ - 6700 ഡോളർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |