പകരച്ചുങ്കത്തിലെ ഇളവ് ജൂലായ് ഒൻപതിന് കഴിയും
കൊച്ചി: വിവിധ രാജ്യങ്ങളിലെ ഉത്പന്നങ്ങളുടെ ഇറക്കുമതിയ്ക്ക് ഏർപ്പെടുത്തിയ പകരച്ചുങ്കത്തിന് ട്രംപ് നൽകിയ ഇളവിന്റെ കാലാവധി ജൂലായ് ഒൻപതിന് തീരാനിരിക്കെ രാജ്യത്തെ ഓഹരി നിക്ഷേപകർ കരുതലോടെ നീങ്ങുന്നു. അമേരിക്കയുമായുള്ള സ്വതന്ത്ര വ്യാപാര കരാർ ഇതിന് മുൻപ് യാഥാർത്ഥ്യമാകാൻ സാദ്ധ്യതയില്ലാത്തതാണ് നിക്ഷേപകരെ മുൾമുനയിലാക്കുന്നത്. പകരച്ചുങ്കം 90 ദിവസത്തേക്കാണ് ട്രംപ് മരവിപ്പിച്ചിരുന്നത്. പകരച്ചുങ്കത്തിലെ ഇളവ് നീട്ടാൻ തീരുമാനമായില്ലെങ്കിൽ ഇന്ത്യൻ കമ്പനികളുടെ കയറ്റുമതി സാദ്ധ്യതകളെ പ്രതികൂലമായി ബാധിക്കുമെന്നാണ് വിലയിരുത്തുന്നത്.
ഇന്ത്യയും അമേരിക്കയുമായുള്ള വ്യാപാര ചർച്ചകളുടെ ഫലമാണ് ഈ വാരം വിപണിയുടെ നീക്കങ്ങളെ പ്രധാനമായും സ്വാധീനിക്കുക. ഐ.ടി, ഫാർമ്മ, വാഹന മേഖലകൾക്ക് ചർച്ചയിലെ തീരുമാനം നിർണായകമാണ്. ഇന്ത്യൻ ഉത്പന്നങ്ങൾക്ക് 26 ശതമാനം പകരച്ചുങ്കം ഏർപ്പെടുത്താനുള്ള തീരുമാനം ഫെബ്രുവരിയിലാണ് ട്രംപ് പ്രഖ്യാപിച്ചത്.
പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ ഒഴിഞ്ഞെങ്കിലും വിപണിയിൽ ആവേശം തിരിച്ചെത്തിയിട്ടില്ല. കഴിഞ്ഞ വാരം സെൻസെക്‌സ് 626 പോയിന്റും നിഫ്‌റ്റി 177 പോയിന്റും നഷ്‌ടത്തിലാണ് വ്യാപാരം പൂർത്തിയാക്കിയത്.
വിപണി നീക്കത്തെ സ്വാധീനിക്കുന്നത്
1. ഇന്ത്യയും അമേരിക്കയുമായുള്ള വ്യാപാര ചർച്ചകളുടെ ഫലം
2. വിദേശ ധനകാര്യ സ്ഥാപനങ്ങളുടെ നിക്ഷേപ ഒഴുക്ക്
3. ആദ്യ പാദത്തിലെ കമ്പനികളുടെ പ്രവർത്തന ഫലങ്ങൾ
4. രാജ്യാന്തര വിപണിയിൽ എണ്ണ വിലയിലുണ്ടാകുന്ന ഇടിവ്
സ്വർണ വിലയിലും ചാഞ്ചാട്ടം ശക്തം
പകരച്ചുങ്കത്തിന് ട്രംപ് നൽകിയ ഇളവ് അവസാനിക്കാനിരിക്കെ സ്വർണ വിപണി കനത്ത ചാഞ്ചാട്ടത്തിലാണ് നീങ്ങുന്നത്. വ്യാപാര യുദ്ധ സാദ്ധ്യതകൾ വീണ്ടും വർദ്ധിച്ചതോടെ സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിന് പ്രിയമേറി. കഴിഞ്ഞ വാരത്തിന്റെ തുടക്കത്തിൽ രാജ്യാന്തര വിപണിയിൽ സ്വർണ വില ഔൺസിന് 3,280 ഡോളർ വരെ താഴ്ന്നിരുന്നു. നിലവിൽ വില 3,334 ഡോളറിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |