മോദിയെ കടന്നാക്രമിച്ച് പ്രതിപക്ഷം
ന്യൂഡൽഹി: മദ്യനയക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെ ഇ.ഡി അറസ്റ്റ് ചെയ്ത പശ്ചാത്തലത്തിൽ 'ഇന്ത്യ' മുന്നണി ഡൽഹിയിലെ രാംലീല മൈതാനിയിൽ ഇന്നലെ നടത്തിയ മെഗാറാലി പ്രതിപക്ഷത്തിന്റെ ഐക്യകാഹളമായി. ഡൽഹിയിലെ ആം ആദ്മി, കോൺഗ്രസ് പ്രവർത്തകർ അടക്കം ലക്ഷങ്ങളാണ് എത്തിയത്. മലയാളികളും എത്തിയിരുന്നു. ജമ്മു കാശ്മീരിൽ നിന്നുവരെ പ്രവർത്തകരെത്തി.
സഖ്യത്തിലെ 28 രാഷ്ട്രീയപാർട്ടികളുടെയും നേതാക്കൾ അണിനിരന്നു. മോദിക്കും കേന്ദ്ര ഏജൻസികൾക്കുമെതിരെ രൂക്ഷ വിർമശനമാണ് ഉയർന്നത്. രാഹുൽ ഗാന്ധി മോദിയെ കടന്നാക്രമിച്ചു. കേജ്‌രിവാളിന്റെ ഭാര്യ സുനിതയ്ക്കു പുറമേ, ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറന്റെ ഭാര്യ കൽപന, ആം ആദ്മി പാർട്ടി രാജ്യസഭാംഗം സഞ്ജയ് സിംഗിന്റെ ഭാര്യ അനിതാ സിംഗ്, രാജിവച്ച ഡൽഹി ആരോഗ്യ മന്ത്രി സത്യേന്ദർ ജെയിനിന്റെ ഭാര്യ പൂനം ജെയിൻ എന്നിവരും വേദിയിലുണ്ടായിരുന്നു. ഇവരുടെ ഭർത്താക്കൻമാരും ജയിലിലാണ്.
കേജ്‌രിവാളിന്റെ സന്ദേശം സുനിത വായിച്ചത് പ്രവർത്തകർക്ക് ആവേശമായി.പ്രസംഗിച്ചില്ലെങ്കിലും സോണിയാഗാന്ധിയുടെ സാന്നിദ്ധ്യം ശ്രദ്ധേയമായി. തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ സന്ദേശം ഡി.എം.കെയിലെ തിരുച്ചി ശിവ എം.പി വായിച്ചു.പശ്ചിമബംഗാളിൽ ഇടഞ്ഞുനിൽക്കുന്ന മമത ബാനർജി, തിരഞ്ഞെടുപ്പ് പ്രചാരണം മുൻനിറുത്തി എത്തിയിരുന്നില്ല. എങ്കിലും, തൃണമൂൽ കോൺഗ്രസ് 'ഇന്ത്യ' മുന്നണിയിൽ എന്നുമുണ്ടാകുമെന്ന് നേതാക്കൾ മുഖേന വേദിയിൽ വ്യക്തമാക്കി.
മുൻനിരയിൽ ഒഴിച്ചിട്ട
രണ്ടു കസേരകൾ
കേജ്‌രിവാളിനെയും ഹേമന്ത് സോറനെയും അറസ്റ്റ് ചെയ്തതിൽ കടുത്ത പ്രതിഷേധമാണ് എല്ലാ പാർട്ടി നേതാക്കളും രേഖപ്പെടുത്തിയത്. അസാന്നിദ്ധ്യത്താലും അവരുടെ ശക്തി വിളിച്ചോതാൻ വേദിയുടെ ആദ്യനിരയിൽ രണ്ട് സീറ്റുകൾ ഒഴിച്ചിട്ടിരുന്നു.
നേതാക്കളെ മോചിപ്പിക്കണം,
തിര.കമ്മിഷൻ ഇടപെടണം
പ്രതിപക്ഷസഖ്യം അഞ്ച് ആവശ്യങ്ങൾ മുന്നോട്ടുവച്ചു. കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയാണ് ഇവ അവതരിപ്പിച്ചത്.
1. കേജ്‌രിവാളിനെയും സോറനെയും ഉടൻ മോചിപ്പിക്കണം
2. തിരഞ്ഞെടുപ്പ് കമ്മിഷൻ എല്ലാ പാർട്ടികൾക്കും തുല്യഅവസരം ഉറപ്പാക്കണം
3. ഇ.ഡി, സി.ബി.ഐ, ആദായനികുതി വകുപ്പ് തുടങ്ങിയവയുടെ നടപടികൾ തിരഞ്ഞെടുപ്പ് കമ്മിഷൻ തടയണം
4. പ്രതിപക്ഷ പാർട്ടികളെ സാമ്പത്തികമായി ഞെരുക്കാനുള്ള നീക്കം അവസാനിപ്പിക്കണം
5. തിരഞ്ഞെടുപ്പ് ബോണ്ടിൽ അന്വേഷണത്തിന് സുപ്രീംകോടതി മേൽനോട്ടത്തിൽ പ്രത്യേകസംഘം രൂപീകരിക്കണം
''അരവിന്ദ് കേജ്‌രിവാൾ സിംഹമാണ്. ധീരനാണ്. കൂടുതൽ കാലം ജയിലിലിടാനാകില്ല. കോടിക്കണക്കിന് ജനങ്ങളുടെ ഹൃദയത്തിലാണ് അദ്ദേഹം ജീവിക്കുന്നത്
-സുനിത കേജ്‌രിവാൾ
''തിരഞ്ഞെടുപ്പിൽ മോദി മാച്ച് ഫിക്സിംഗ് നടത്തുന്നു. ബി.ജെ.പി ജയിച്ചാൽ ഭരണഘടന മാറ്റിയെഴുതും. രാജ്യത്തെയും ഭരണഘടനയെയും സംരക്ഷിക്കാനുള്ള നിർണായക തിരഞ്ഞെടുപ്പാണിത്
രാഹുൽ ഗാന്ധി,
കോൺ. നേതാവ്
''ഇന്ത്യൻ രാഷ്ട്രീയത്തിൽ പുതുഊർജ്ജം കൈവന്നിരിക്കുന്നു. ജനാധിപത്യം ജയിക്കുകയും ഏകാധിപത്യം അവസാനിക്കുകയും ചെയ്യും.
-സീതാറാം യെച്ചൂരി
സി.പി.എം ജന.സെക്രട്ടറി
വിഭജന രാഷ്ട്രീയം കോൺഗ്രസിന്റെ ഡി.എൻ.എയിലുള്ളതാണ്. കച്ചത്തീവ് ദ്വീപ് ശ്രീലങ്കയ്ക്ക് കൈമാറിക്കൊണ്ട് നെഹ്റു കുടുംബമാണ് മാച്ച് ഫിക്സിംഗ് നടത്തിയത്.
-ഷെഹസാദ് പൂനാവാല,
ബി.ജെ.പി വക്താവ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |