
വഡോദര: ന്യൂസിലാൻഡിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇടയ്‌ക്കൊന്ന് വിറച്ചെങ്കിലും വീണ് പോകാതെ 4 വിക്കറ്റിന്റെ വിജയം നേടി ഇന്ത്യ. വഡോദരയിലെ ബറോഡ ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയം വേദിയായ ആദ്യഅന്താരാഷ്ട്ര മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാൻഡ് 50 ഓവറിൽ 8 വിക്കറ്റ് നഷ്‌ടത്തിൽ 300 റൺസ് നേടി. മറുപടിക്കിറങ്ങിയ ഇന്ത്യ49 ഓവറിൽ 6 വിക്കറ്റ് നഷ്‌ടപ്പെടുത്തി വിജയലക്ഷ്യത്തിലെത്തി (306/6).
91 പന്തിൽ 8 ഫോറും 1 സിക്സും ഉൾപ്പെടെ 93 റൺസ് നേടിയ സൂപ്പർ താരം വിരാട് കൊഹ്‌ലിയാണ് ചേസിംഗിൽ ഇന്ത്യയുടെ മുന്നണിപ്പോരാളിയായയത്. കൊഹ്‌ലിയാണ് കളിയിലെ താരം. കൊഹ്‌ലിയെക്കൂടാതെ ക്യാപ്‌ടൻ ശുഭ്‌മാൻ ഗിൽ (71 പന്തിൽ 56), ശ്രേയസ് അയ്യർ (47പന്തിൽ 49), രോഹിത് ശർമ്മ (26), കെ.എൽ രാഹുൽ (പുറത്താകാതെ 29), ഹർഷിത് റാണ (29) എന്നിവരും ഇന്ത്യൻ വിജയത്തിൽ ബാറ്റ് കൊണ്ട് നിർണായക സംഭാവന നൽകി. ന്യൂസിലാൻഡ് ഫീൽഡർമാർ നിലത്തിട്ട ക്യാച്ചുകളും ഇന്ത്യൻ വിജയത്തിന് സഹായകമായി. ഗില്ലിനൊപ്പം രണ്ടാം വിക്കറ്റിൽ 107 പന്തിൽ 118 റൺസിന്റെയും ശ്രേയസിനൊപ്പം മൂന്നാം വിക്കറ്റിൽ 77 റൺസിന്റെയും കൂട്ടുകെട്ടുണ്ടാക്കിയാണ് കൊഹ്‌ലി ഇന്ത്യൻ വിജയത്തിന് അടിസ്ഥാനമിട്ടത്. ന്യൂസിലാൻഡിനായി 10 ഓവറിൽ 1 മെയ്ഡനുൾപ്പെടെ 41 റൺസ് നൽകി 4 വിക്കറ്റ് വീഴ്‌ത്തിയ ജാമീസൺ മികച്ച ബൗളിംഗ് നടത്തി.ഇന്ത്യൻ ഇന്നിംഗ്‌സിലെ 40-ാം ഓവറിലെ ആദ്യ പന്തിൽ സെഞ്ച്വറിയിലേക്ക് അടുക്കുകയായിരുന്ന കൊഹ്‌ലിയെ ക്യാപ്ടൻ ബ്രേസ്‌വെല്ലിന്റഎ കൈയിൽ എത്തിച്ച ജാമീസൺ ആ ഓവറിൽ തന്നെ ജഡേജയേയും (4) മടക്കി ഇന്ത്യയെ ഞെട്ടിച്ചു. തന്റെ തൊട്ടടുത്ത ഓവറിലെ ആദ്യ പന്തിൽ തന്നെ സെറ്റ് ബാറ്റർ ശ്രേയസിനെ ക്ലീൻബൗൾഡാക്കി ജാമീസൺ കിവീസിന് വിജയപ്രതീക്ഷ നൽകി. 234/2 എന്ന നിലയിൽ നിന്ന് 242/5 എന്ന നിലയിൽഇന്ത്യ പ്രതിസന്ധിയിൽആയെങ്കിലും പിന്നീട് ക്രീസിലെത്തിയ ഹർഷിത് രാഹുലിനൊപ്പം ഇന്ത്യയെ രക്ഷിച്ചു. ടീം സ്കോർ 279ൽ വച്ച് ഹർഷിതിനെ അരങ്ങേറ്റക്കാരൻ ക്രിസ് ക്ലാർക്ക് മടക്കിയെങ്കിലും പകരമെത്തിയ വാഷിംഗ്ടൺ സുന്ദറിനെ (പുറത്താകാതെ 7) കൂട്ടിപിടിച്ച് രാഹുൽ ഇന്ത്യയെ വിജയതീരത്തെത്തിച്ചു.
നേരത്തേ ഡാരിൽ മിച്ചലാണ് (84) ന്യൂസിലാൻഡിന്റെ ടോപ് സ്കോററായത്. ഓപ്പണർമാരായ ഡെവോൺ കോൺവേയും (56), ഹെൻറി നിക്കോളാസും (62) ന്യൂസിലാൻഡിന് തകർപ്പൻ തുടക്കമാണ് നൽകിയത്.ഇരുവരും ഒന്നാം വിക്കറ്റിൽ 117 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കിയ.22-ാം ഓവറിൽ നിക്കോളാസിനെ കീപ്പർ രാഹുലിന്റെ കൈയിൽ എത്തിച്ച് ഹർഷിതാണ് കൂട്ടുകെട്ട് പൊളിച്ചത്. വിൽ യംഗ് (12), ഗ്ലെൻ ഫിലിപ്പ്സ് (12),മൈക്കിൾ ഹേ (18),ബ്രേസ്‌വെൽ (18) എന്നിവർക്ക് നിരാശപ്പെടുത്തിയെങ്കിലും ഡാരിൽ മിച്ചലിന്റെ ചെറുത്ത് നില്പാണ് കിവീസിനെ 300ൽ എത്തിച്ചത്.ക്രിസ് ക്ലാർക്ക് 17 പന്തിൽ 25 റൺസുമായി പുറത്താകാതെ നിന്നു. ഇന്ത്യയ്‌ക്കായി സിറാജും ഹർഷിതും പ്രസിദ്ധും 2 വിക്കറ്റ് വീതം വീഴ്‌ത്തി.
1- അന്താരാഷ്ട്ര ക്രിക്കറ്റിൽ അതിവേഗം 28000 റൺസ് തികയ്‌ക്കുന്ന താരമായി വിരാട് കൊഹ്‌ലി.
ഡിവൈൻ ഗുജറാത്ത്, നന്ദിനിക്ക് ഹാട്രിക്ക്
മുംബയ്: സോഫി ഡിവൈന്റെ ഓൾ റൗണ്ട് മികവിൽ വനിതാ പ്രീമിയർ ലീഗിൽ ഇന്നലെ ഡൽഹി ക്യാപിറ്റൽസിനെതിരെ 4 റൺസിന്റെ ത്രസിപ്പിക്കുന്ന ജയം നേടി ഗുജറാത്ത് ജെയ്‌ന്റ്സ്.
ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് ജെയ്‌ന്റ്സ് 20 ഓവറിൽ 209 റൺസിന് ഓൾഔട്ടായി.മറുപടിക്കിറങ്ങിയ ഡൽഹി പൊരുതിയെങ്കിലും 20 ഓവറിൽ 5 വിക്കറ്റ് നഷ്‌ടത്തിൽ 205 റൺസിലെത്താനേ അവർക്കായുള്ളു. അവസാന ഓവറിൽ ഡൽഹിക്ക് ജയിക്കാൻ 7 റൺസ് മതിയായിരുന്നു. എന്നാൽ ആ ഓവറിൽ 2 റൺസ് മാത്രം വിട്ടുകൊടുത്ത സോഫി അപകടകാരകളായ ഡൽഹി ക്യാപ്‌ടൻ ജമീമ റോഡ്രിഗസിനേയും (15), ലോറ വോൾവാർട്ടിനേയും പുറത്താക്കി ഗുജറാത്തിന്റെ ജയം ഉറപ്പിച്ചു. ഓപ്പണർ ലിസല്ലെ ലിയാണ് (54 പന്തിൽ 86) ഡൽഹിയുടെ ടോപ് സ്കോറർ.
നേരത്തേ 42 പന്തിൽ 95 റൺസ് നേടി അടിച്ചു തകർത്ത സോഫി ഡിവൈനാണ് ഗുജറാത്തിന്റെ ടോപ് സ്കോററായത്. സ്നേഹ റാണയുടെ ഒരോവറിൽ 4 സിക്സും 2 ഫോറും ഉൾപ്പെടെ സോഫി 32 റൺസ് നേടി. 7 ഫോറും 8 സിക്സും ഉൾപ്പെട്ടതാണ് സോഫിയുടെ ഇന്നിംഗ്സ്. 26 പന്തിൽ 49 റൺസ് നേടിയ ക്യാപ്ടൻ ആഷ്ലെയ്ഗ് ഗാർഡ്നറും തിളങ്ങി. ഡൽഹിക്കായി നന്ദിനി ശർമ്മ 5 വിക്കറ്റ് വീഴ്‌ത്തി. അവസാന ഓവറിലെ അവസാന മൂന്ന് പന്തുകളിലാണ് നന്ദാനി ഹാട്രിക്ക് നേടിയത്. ഹാട്രിക്ക് ഉൾപ്പെടെ അവസാന ഓവറിൽ നന്ദിനി 4 വിക്കറ്റുകളാണ് വീഴ്ത്തിയത്.
ഗുജറാത്തിന്റെ സീസണിലെ രണ്ടാം ജയമാണിത്.
ഇന്ന്
ആർ.സി.ബി -യു.പി
(രാത്രി 7.30 മുതൽ)
ഏകദിന ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സിക്‌സ് നേടിയ ഓപ്പണറെന്ന റെക്കാഡ് സ്വന്തമാക്കി പരോഹിത് ശർമ്മ. ഇന്നലെ നേടിയ രണ്ടാം സിക്‌സോടെ ഓപ്പണറായി രോഹിത് നേടിയ സിക്‌സുകളുടെ എണ്ണം 329 ആയി. ക്രിസ് ഗെയിലിനെ (328 സിക്സുകൾ) ആണ് രോഹിത് മറികടന്നത്. അന്താരാഷ്ട്ര ക്രിക്കറ്റിൽ 650 സിക്സുകൾ അടിക്കുന്ന ആദ്യ താരമെന്ന റെക്കാഡും രോഹിത് സ്വന്തം പേരിലാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |