മുംബയ്: ഈ ഐ.പി.എൽ സീസണിൽ ഹോം ഗ്രൗണ്ടായ വാങ്കഡെയിൽ ആദ്യ മത്സരത്തിനിറങ്ങിയ മുംബയ് ഇന്ത്യൻസിനെ തരിപ്പണമാക്കി ആറു വിക്കറ്റിന്റെ ഗംഭീര വിജയം സ്വന്തമാക്കി രാജസ്ഥാൻ റോയൽസ്. ടോസ് നേടിയ രാജസ്ഥാൻ ക്യാപ്ടൻ സഞ്ജു സാംസൺ ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. സഞ്ജുവിന്റെ തീരുമാനം നൂറ് ശതമാനം ശരിവയ്ക്കുന്നതായിരുന്നു രാജസ്ഥാൻ ബൗളർമാരുടെ പ്രകടനം.ആദ്യം ബാറ്റ് ചെയ്ത മുംബയ് ഇന്ത്യൻസിന് 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ125 റൺസേ നേടാനയൂള്ളൂ. മറുപടിക്കിറങ്ങിയ രാജസ്ഥാൻ 16.3 ഓവറിൽ 4 വിക്കറ്റ് നഷ്ടപ്പെടുത്തി വിജയലക്ഷ്യത്തിലെത്തി (127/4). രാജസ്ഥാൻ ഇടയ്‌ക്കൊന്ന് പതറിയെങ്കിലും മികച്ച ഫോം തുടരുന്ന റിയാൻ പരാഗ് അർദ്ധ സെഞ്ച്വറിയുമായി (പുറത്താകാതെ 39 പന്തിൽ 54) ടീമിനെ വിജയലക്ഷ്യത്തിലെത്തിച്ചു.സഞ്ജു (12), ജോസ് ബട്ട്‌ലർ (13), യശ്വസി ജയ്‌സ്വാൾ (10) എന്നിവർ നിരാശപ്പെടുത്തി. മുംബയ്‌ക്കായി ആകാശ് മധ്‌വാൾ മൂന്ന് വിക്കറ്റ് വീഴ്ത്തി. കളിച്ച മൂന്ന് മത്സരങ്ങളും ജയിച്ച രാജസ്ഥാൻ ഒന്നാം സ്ഥാനത്താണ്. മൂന്ന് കളിയും തോറ്റ മുംബയ് അവസാന സ്ഥാനത്തും .
നേരത്തേ പവർപ്ലേയിൽ മികച്ച ബൗളിംഗ് കാഴ്ചവച്ച പേസർ ട്രെൻഡ് ബൗൾട്ടും കൃത്യമായ സമയത്ത് രാജസ്ഥാന് ബ്രേക്ക് ത്രൂ നൽകിയ സ്പിന്നർ യൂസ്‌വേന്ദ്ര ചഹലുമാണ് കരുത്തുറ്റ മുംബയ് ബാറ്റിംഗ് നിരയെ റണ്ണൊഴുകുന്ന വാങ്കഡെയിൽ പിടിച്ചുകെട്ടിയത്.ഇരുവരും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. 4 ഓവറിൽ 11 റൺമാത്രം വഴങ്ങിയാണ് ചഹൽ മൂന്ന് വിക്കറ്റ് പോക്കറ്റിലാക്കിയത്. ബോൾട്ട് വഴങ്ങിയത് 22 റൺസ് മാത്രം. നാന്ദ്രേ ബർഗർ രണ്ടും ആവേശ് ഖാൻ ഒരു വിക്കറ്റും വീഴ്ത്തി.
മുംബയ് ഇന്നിംഗ്സിലെ ആദ്യ ഓവറിലെ അഞ്ചാം പന്തിൽ സാക്ഷാൽ രോഹിത് ശർമ്മയെ (0) പൂജ്യനായി പുറത്താക്കിയാണ് ബോൾട്ട് വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടത്. വിക്കറ്റിന് പിന്നിൽ സഞ്ജു വലത്തോട്ട് ഡൈവ് ചെയ്തെടുത്ത ക്യാച്ച് അത്യുഗ്രനായിരുന്നു. അടുത്ത പന്തിൽ നമൻ ദിർനെ (0) വിക്കറ്റിന് മുന്നിൽ കുടുക്കി ബോൾട്ട് ഇരട്ടവെടിപൊട്ടിച്ചു. ഒരു റൺസ് എടുക്കുന്നതിനിടെ മുംബയ്‌ക്ക് രണ്ട് വിക്കറ്റ് നഷ്ടമായി. ഇംപാക്ട് പ്ലെയറായെത്തിയ ബ്രെവിസിനെയും പൂജ്യനാക്കി ബോൾട്ട് മടക്കി. നല്ല തുടക്കം കിട്ടിയ ഇഷാൻ കിഷനെ (16) ബർഗർ സഞ്ജുവിന്റെ കൈയിൽ എത്തിച്ചതോടെ 20/4 എന്ന നിലയിലായി മുംബയ്. അഞ്ചാം വിക്കറ്റിൽ ക്യാപ്ടൻ ഹാർദിക് പാണ്ഡ്യ (21 പന്തിൽ 34), തിലക് വർമ്മ (32) എന്നിവരുടെ ചെറുത്ത് നില്പാണ് മുംബയ്‌യെ വലിയ നാണക്കേടിൽ നിന്ന് രക്ഷിച്ചത്. ഇരുവരും 36 പന്തിൽ 56 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. പാണ്ഡ്യയെ പുറത്താക്കി ചഹലാണ് കൂട്ടുകെട്ട് പൊളിച്ചത്. പിന്നീടെത്തിയവരിൽ ടിം ഡേവിഡിന് (14) മാത്രമാണ് രണ്ടക്കം നേടാൻ കഴിഞ്ഞുള്ളൂ.
മുംബയ് @250
മുംബയ് ഇന്ത്യൻസിന്റെ 250-ാം ഐ.പി.എൽ മത്സരമായിരുന്നു ഇന്നലത്തേത്. ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ടീമാണ് മുംബയ്.
കഴിഞ്ഞ മത്സരങ്ങളിലെപ്പോലെ ബോം ഗ്രൗണ്ടായ വാങ്കഡെയിലും മുംബയ് ക്യാപ്ടൻ ഹാർദികിനെ കൂവലോടെയാണ് കാണികൾ വരവേറ്റത്.
ഐ.പി.എല്ലിൽ ഏറ്റവും കൂടുതൽ തവണ ഡക്കായ താരങ്ങളിൽ ദിനേഷ് കാർത്തിക്കിനൊപ്പം ഒന്നാമതെത്തി രോഹിത്. ഇരുവരും 17 തവണ ഡക്കായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |